കോവിഡ് ആനുകൂല്യ തിരിച്ചടവ് കുറഞ്ഞ വരുമാനക്കാരായ കാനഡക്കാര്‍ക്ക് തിരിച്ചടി

കോവിഡ് ആനുകൂല്യ തിരിച്ചടവ് കുറഞ്ഞ വരുമാനക്കാരായ കാനഡക്കാര്‍ക്ക് തിരിച്ചടി


ഒട്ടാവ: കോവിഡ്-19 മഹാമാരി ആരംഭിച്ച് ആറ് വര്‍ഷത്തിലേറെ പിന്നിട്ടിട്ടും അര്‍ഹതയില്ലാതിരുന്നിട്ടും ആനുകൂല്യങ്ങള്‍ ലഭിച്ച കാനഡക്കാരില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. എന്നാല്‍ ഈ തിരിച്ചടവ് നടപടികള്‍ കുറഞ്ഞ വരുമാനക്കാരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും സര്‍ക്കാര്‍ തിരിച്ചുപിടിക്കുന്ന തുകയേക്കാള്‍ അധികമാണ് ഇതിനായി ചെലവാകുന്നതെന്നും ദാരിദ്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്ന തിങ്ക് ടാങ്കും അഭിഭാഷക സംഘടനയുമായ മെയ്ട്രീ  പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കാലത്ത് നല്‍കിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യക്തികള്‍ക്ക് ഒട്ടാവ ആകെ ഏകദേശം 14 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ കോവിഡ് ആനുകൂല്യമായി നല്‍കിയെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും കാനഡ എമര്‍ജന്‍സി റെസ്പോണ്‍സ് ബെനിഫിറ്റ് (സിഇആര്‍ബി), പിന്നീട് നടപ്പാക്കിയ കാനഡ റിക്കവറി ബെനിഫിറ്റ് (സി ആര്‍ ബി) എന്നീ പദ്ധതികളിലൂടെയാണ് വിതരണം ചെയ്തത്.

കഴിഞ്ഞ നവംബര്‍ അവസാനത്തോടെ 10 ബില്യണ്‍ ഡോളര്‍ തിരിച്ചുപിടിക്കാനുണ്ടായിരുന്നുവെന്നാണ് കാനഡ റവന്യൂ ഏജന്‍സി (സി ആര്‍ എ) വ്യക്തമാക്കിയിരുന്നത്. ഇതില്‍ 8 ബില്യണ്‍ ഡോളറിലധികവും സി ഇ ആര്‍ ബി, സി ആര്‍ ബി ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട കടമായിരുന്നു. പുതുക്കിയ കണക്കുകള്‍ക്കായി സി ബി സി ന്യൂസ് സി ആര്‍ എയെ സമീപിച്ചെങ്കിലും രണ്ടാഴ്ചയിലേറെ അന്വേഷണങ്ങള്‍ നടത്തിയിട്ടും പുതിയ കണക്കുകള്‍ നല്‍കാന്‍ ഏജന്‍സിക്ക് കഴിഞ്ഞില്ല.


'ഇത് തട്ടിപ്പിന്റെ കഥയല്ല'


'ഇത് തട്ടിപ്പിന്റെ കഥയല്ല. സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കുകയും ചില പിഴവുകള്‍ സംഭവിക്കുകയും പിന്നീട് തിരിച്ചടയ്ക്കാനുള്ള ബാധ്യത ഏറ്റവും കുറഞ്ഞ ശേഷിയുള്ള ആളുകളുടെ മേല്‍ ചുമത്തുകയും ചെയ്താല്‍ എന്താണ് സംഭവിക്കുന്നതെന്നതിന്റെ കഥയാണിത്,' മെയ്ട്രീയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമൂഹിക വിദഗ്ധനും റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളുമായ ജോണ്‍ സ്റ്റാപ്പിള്‍ട്ടണ്‍ പറയുന്നത് അര്‍ഹതയില്ലെന്ന് അറിഞ്ഞുകൊണ്ട് ആനുകൂല്യത്തിന് അപേക്ഷിച്ച ചിലര്‍ ഉണ്ടായിരുന്നുവെന്ന് തന്റെ സംഘടന അംഗീകരിക്കുന്നുവെന്നാണ്.

'അത്തരം ആളുകളെ പൂര്‍ണമായി ഒഴിവാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഈ നടപടികളുടെ വലയിലകപ്പെട്ട് അതിന്റെ ഫലമായി ഗുരുതരമായി ബുദ്ധിമുട്ടുന്നവരും നിരവധിയുണ്ട്,' അദ്ദേഹം പറഞ്ഞു.

2025ലെ ബജറ്റില്‍, കോവിഡ് കാലത്തെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി 2026-27ല്‍ ആരംഭിക്കുന്ന രണ്ടുവര്‍ഷ കാലയളവില്‍ 123 മില്യണ്‍ കനേഡിയന്‍ ഡോളര്‍ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.


കുറഞ്ഞ വരുമാനക്കാരെയാണ് പ്രധാനമായും ബാധിക്കുന്നത്


ഇപ്പോഴും കോവിഡ് ആനുകൂല്യങ്ങളുടെ കടബാധ്യതയുള്ള നിരവധി കാനഡക്കാര്‍ കുറഞ്ഞ വരുമാനക്കാരാണെന്ന് സ്റ്റാപ്പിള്‍ട്ടണും മങ്ക് സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസിയിലെ സീനിയര്‍ ഫെലോയും മെയ്ട്രീ ഫെലോയുമായ ടൈലര്‍ മെറിഡിത്തും പറയുന്നു.

'ആ ആനുകൂല്യം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുമ്പോഴേക്കും സത്യത്തില്‍ അവര്‍ക്ക് ലഭിച്ച പണം ഇതിനകം തന്നെ ചെലവഴിച്ചുകഴിഞ്ഞിട്ടുണ്ടാകും,' മെറിഡിത്ത് പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് സാമ്പത്തിക- ധനകാര്യ നയത്തിന്റെ തലവനായിരുന്ന മെറിഡിത്ത് കോവിഡ് മഹാമാരിക്കാലത്തെ ഫെഡറല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതികരണത്തിന്റെ പ്രധാന ശില്‍പ്പികളില്‍ ഒരാളുമായിരുന്നു.

വരുമാനം നഷ്ടപ്പെട്ട ആളുകളെ സഹായിക്കുക എന്നതായിരുന്നു പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യമെന്ന് അന്നുതന്നെ വ്യക്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് ആവശ്യമായ സമയത്ത് സര്‍ക്കാര്‍ സഹായം ലഭ്യമാകുമെന്ന് ഉറപ്പുനല്‍കേണ്ടത് അനിവാര്യമായിരുന്നുവെങ്കിലും പദ്ധതി സാര്‍വത്രിക വരുമാന പദ്ധതിയായി പലരും തെറ്റിദ്ധരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മിക്ക ആളുകളും പദ്ധതിയുടെ സൂക്ഷ്മമായ നിബന്ധനകള്‍ പരിശോധിക്കാറില്ല,' മെറിഡിത്ത് പറഞ്ഞു.


എന്തായിരുന്നു സിഇആര്‍ബി? 


2020 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് സിഇആര്‍ബി നിലവിലുണ്ടായിരുന്നത്. അപേക്ഷകര്‍ക്ക് മുന്‍ 12 മാസത്തിനിടെ കുറഞ്ഞത് 5,000 ഡോളര്‍ വരുമാനം ഉണ്ടായിരിക്കണം, കോവിഡ് കാരണം വരുമാനം നഷ്ടപ്പെട്ടിരിക്കണം, കൂടാതെ എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് (ഇഐ) ലഭിക്കുന്നവരായിരിക്കരുത് എന്നിങ്ങനെയായിരുന്നു പ്രധാന യോഗ്യതാ മാനദണ്ഡങ്ങള്‍.

അര്‍ഹരായവര്‍ക്ക് നാല് ആഴ്ച കൂടുമ്പോള്‍ 2,000 ഡോളര്‍ വീതമാണ് ലഭിച്ചിരുന്നത്.


തിരിച്ചുപിടിക്കാനുള്ള വ്യക്തമായ പദ്ധതി ഉണ്ടായിരുന്നില്ല


കോവിഡ് ദുരിതാശ്വാസ പദ്ധതികള്‍ ആരംഭിച്ച സമയത്ത് അര്‍ഹതയില്ലാത്തവര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ എങ്ങനെ തിരിച്ചുപിടിക്കുമെന്നതിന് സര്‍ക്കാരിന് വ്യക്തമായ പദ്ധതിയുണ്ടായിരുന്നില്ലെന്ന് മെറിഡിത്ത് പറഞ്ഞു.

'ഞങ്ങള്‍ രൂപകല്‍പ്പന ചെയ്ത എല്ലാ പദ്ധതികളും ഏകദേശം 80 മുതല്‍ 85 ശതമാനം വരെ തയ്യാറാക്കി, പിന്നീട് ആവശ്യാനുസരണം മാറ്റങ്ങളും പരിഷ്‌കാരങ്ങളും വരുത്തുക എന്നതായിരുന്നു ലക്ഷ്യം. കാത്തിരിക്കാന്‍ ഞങ്ങള്‍ക്ക് സമയമുണ്ടായിരുന്നില്ല,' അദ്ദേഹം പറഞ്ഞു.

തുടക്കത്തില്‍ ജി എസ് ടി നികുതി ക്രെഡിറ്റ് പോലുള്ള നിലവിലുള്ള സംവിധാനങ്ങളിലൂടെയോ കാനഡയുടെ എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് സംവിധാനത്തിലൂടെയോ സഹായം വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍ മഹാമാരിക്കിടെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ ഇഐ സംവിധാനം തകരാറിലാകുമെന്ന ആശങ്ക ഉയര്‍ന്നു.

തുടര്‍ന്ന് പുതിയ സംവിധാനം സൃഷ്ടിക്കുന്നതിനായി കാനഡ എമര്‍ജന്‍സി റെസ്പോണ്‍സ് ബെനിഫിറ്റ് ആക്ട് തയ്യാറാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് നിയമനിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും മെറിഡിത്ത് പറഞ്ഞു.


പലിശയില്ലാതെ തിരിച്ചടയ്ക്കാം


സര്‍ക്കാര്‍ നിലവില്‍ പലിശയില്ലാതെ ഘട്ടംഘട്ടമായി തുക തിരിച്ചടയ്ക്കാന്‍ അവസരം നല്‍കുന്നുണ്ട്.

എന്നാല്‍ സിഇആര്‍ബി നിയമത്തില്‍ അര്‍ഹതയില്ലാത്തവരുമായി പ്രത്യേക ഒത്തുതീര്‍പ്പിലെത്താന്‍ സര്‍ക്കാരിനോ സി ആര്‍ എ ഉദ്യോഗസ്ഥര്‍ക്കോ അധികാരം നല്‍കുന്ന വ്യവസ്ഥയില്ലെന്ന് മെറിഡിത്ത് ചൂണ്ടിക്കാട്ടി.

'അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

നിയമത്തില്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സി ആര്‍ എയ്ക്ക് നിര്‍ബന്ധമുണ്ടെന്നും അതില്‍ നിന്ന് വ്യതിചലിക്കാന്‍ ഏജന്‍സിക്ക് വിവേചനാധികാരമില്ലെന്നും ഫെഡറല്‍ കോടതി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സി ആര്‍ എ സി ബി സി ന്യൂസിനോട് വ്യക്തമാക്കി.

അതേസമയം, അര്‍ഹതയില്ലാതെ നല്‍കിയ എല്ലാ സിഇആര്‍ബി തുകയും നിര്‍ബന്ധമായും തിരിച്ചുപിടിക്കണമെന്ന് നിയമം സി ആര്‍ എയോട് ആവശ്യപ്പെടുന്നില്ലെന്നും ഏജന്‍സി അറിയിച്ചു.

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് തിരിച്ചടവ് മാറ്റിവയ്ക്കാന്‍ സി ആര്‍ എയ്ക്ക് കഴിയുമെന്ന് എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് കാനഡ (ഇ എസ് ഡി സി) വ്യക്തമാക്കി. ബുദ്ധിമുട്ട് സ്ഥിരമാണെന്ന് കണ്ടെത്തിയാല്‍ കടം എഴുതിത്തള്ളുന്നതിനുള്ള ശുപാര്‍ശ സി ആര്‍ എയ്ക്ക് ഇ എസ് ഡി സിക്ക് നല്‍കാനും കഴിയും.


കടം പൂര്‍ണമായി എഴുതിത്തള്ളുന്നത് പ്രായോഗികമല്ലെന്ന് വിദഗ്ധര്‍


അര്‍ഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയവരുടെ ശേഷിക്കുന്ന കടം പൂര്‍ണമായി എഴുതിത്തള്ളുന്നത് യാഥാര്‍ഥ്യബോധമുള്ള പരിഹാരമല്ലെന്നും ഏത് സര്‍ക്കാരിനും രാഷ്ട്രീയമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള നടപടിയായിരിക്കുമെന്നും മെറിഡിത്ത് പറഞ്ഞു.

കാനഡ എമര്‍ജന്‍സി ബിസിനസ് അക്കൗണ്ട് (സി ഇ ബി എ) പദ്ധതിയിലെ വായ്പകള്‍ക്ക് സര്‍ക്കാര്‍ ഭാഗികമായി ഇളവ് അനുവദിച്ച മാതൃക ചൂണ്ടിക്കാട്ടിയ അദ്ദേഹം, തിരിച്ചടവ് കൂടുതല്‍ ദീര്‍ഘകാലത്തേക്ക് വ്യാപിപ്പിക്കുന്ന സംവിധാനം പരിഗണിക്കണമെന്ന് നിര്‍ദേശിച്ചു.

മഹാമാരി ആനുകൂല്യങ്ങളുടെ തിരിച്ചുപിടിക്കല്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിനുള്ള സമയക്രമവും മെയ്ട്രീ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിരിച്ചുപിടിക്കല്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ വഹിക്കുന്ന ചെലവ് പാര്‍ലമെന്ററി ബജറ്റ് ഓഫീസര്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ശേഷിക്കുന്ന കടത്തില്‍ ഒത്തുതീര്‍പ്പിന് സി ആര്‍ എയ്ക്ക് വിവേചനാധികാരം നല്‍കുന്നതിനായി ഇന്‍കം ടാക്‌സ് ആക്ടില്‍ ഭേദഗതി വരുത്തുക, 2026 അവസാനത്തോടെ തീര്‍പ്പാകാതെ കിടക്കുന്ന 1,200ലേറെ കേസുകള്‍ പരിഹരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

'സര്‍ക്കാര്‍ ഇതിന് വ്യക്തമായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്,' മെറിഡിത്ത് പറഞ്ഞു.

എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ ഇത്തരം സാധ്യതകള്‍ പരിഗണിക്കുന്നതില്‍ നിന്ന് വലിയ തോതില്‍ വിട്ടുനിന്നിട്ടുണ്ട്. കടം ഇളവ് നല്‍കുന്നതിന് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതും അര്‍ഹതയില്ലാത്ത ആനുകൂല്യം ഉപയോഗിച്ചവരോട് പൊതുസമൂഹത്തില്‍ കടുത്ത സമീപനമുള്ളതുമാണ് ഇതിന് കാരണമെന്ന് മെറിഡിത്ത് ചൂണ്ടിക്കാട്ടി.