ഇറാനുമായുള്ള യുദ്ധത്തില്‍ യു എസ് ആയുധശേഖരങ്ങള്‍ക്ക് കനത്ത തിരിച്ചടി; സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു

ഇറാനുമായുള്ള യുദ്ധത്തില്‍ യു എസ് ആയുധശേഖരങ്ങള്‍ക്ക് കനത്ത തിരിച്ചടി; സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു


വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം യു എസിന്റെ ആയുധശേഖരത്തെ സാരമായി ബാധിച്ചതായും യുദ്ധോപകരണങ്ങളുടെ ക്ഷാമത്തിനും വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്കും ഇത് കാരണമായതായും യു എസ് പ്രതിരോധ വകുപ്പിന്റെ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 14ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആയുധശേഖരം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ യു എസ് ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

'അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് നിര്‍ണായകമായ അസംസ്‌കൃത വസ്തുക്കള്‍, ഘടകങ്ങള്‍, തിരഞ്ഞെടുത്ത ആയുധങ്ങള്‍ എന്നിവയുടെ ശേഖരം വര്‍ധിപ്പിക്കുന്നതിനൊപ്പം സംഭരണ നടപടിക്രമങ്ങളും ഉത്പാദനത്തിനെടുക്കുന്ന സമയവും കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പെന്റഗണ്‍ നടത്തിവരികയാണ്,' റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘര്‍ഷത്തിന്റെ ഭാഗമായി ഉണ്ടായ സാമ്പത്തിക ചെലവ്, അമേരിക്കന്‍ സൈനികരുടെ ജീവഹാനി, ആയുധങ്ങള്‍ക്കും സൈനിക സംവിധാനങ്ങള്‍ക്കുമുണ്ടായ ഭൗതിക നാശനഷ്ടം എന്നിവ സംബന്ധിച്ച് നേരത്തെ പുറത്തുവന്ന വിവരങ്ങള്‍ക്കപ്പുറം കൂടുതല്‍ വിശദമായ ചിത്രം നല്‍കുന്നതാണ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്.

യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് അത്യാധുനിക മിസൈലുകളുടെയും പ്രതിരോധ മിസൈല്‍ ഇന്റര്‍സെപ്റ്ററുകളുടെയും ശേഖരം പുനഃസ്ഥാപിക്കാന്‍ യു എസിന് ഏകദേശം മൂന്ന് വര്‍ഷം വേണ്ടിവരുമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആയുധ ക്ഷാമ റിപ്പോര്‍ട്ട് തള്ളി ട്രംപും ഹെഗ്‌സത്തും

അതേസമയം, യു എസില്‍ ആയുധങ്ങളുടെ ക്ഷാമമുണ്ടെന്ന പ്രതിരോധ വകുപ്പിന്റെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റിപ്പോര്‍ട്ട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് നിഷേധിച്ചു.

തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ മറ്റേതൊരു കാലത്തേക്കാളും കൂടുതല്‍ 'മികച്ചതും അത്യാധുനികവുമായ ആയുധങ്ങള്‍' ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും മിഡില്‍ ഈസ്റ്റിലെയും മറ്റിടങ്ങളിലെയും യു എസ് സേനയ്ക്ക് അവ ദിവസേന എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

അമേരിക്കയ്ക്ക് 'ഫലത്തില്‍ പരിധിയില്ലാത്ത' അളവില്‍ വെടിക്കോപ്പുകള്‍ ലഭ്യമാണെന്ന് നേരത്തെയും ട്രംപ് അവകാശപ്പെട്ടിരുന്നു. ആയുധക്ഷാമം സംബന്ധിച്ച റിപ്പോര്‍ട്ടുകളെ അദ്ദേഹം അന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു.

യുഎസ് ഡ്രോണുകള്‍ തകര്‍ന്നു; വിമാനങ്ങള്‍ക്കും നാശനഷ്ടം

ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ സംഘര്‍ഷം വിലയിരുത്തുന്ന റിപ്പോര്‍ട്ടില്‍, ഇറാന്റെ ആക്രമണങ്ങളില്‍ ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യു എ ഇ, സൗദി അറേബ്യ, ഇറാഖ്, ജോര്‍ദാന്‍, ഒമാന്‍ എന്നിവിടങ്ങളിലെ യു എസ് സൈനിക താവളങ്ങളിലെ നൂറുകണക്കിന് കെട്ടിടങ്ങള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണമായും തകരുകയോ ചെയ്തതായി വ്യക്തമാക്കുന്നു.

നിരവധി യു എസ് സൈനിക വിമാനങ്ങള്‍ക്കും ഡ്രോണുകള്‍ക്കും നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. ഏകദേശം 30 എംക്യു9 റീപ്പര്‍ ഡ്രോണുകള്‍ വരെ നശിച്ചതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഓരോ ഡ്രോണിനും ഏകദേശം 3 കോടി ഡോളര്‍ വില വരും.

ഇന്ധനം നിറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ഏഴ് കെസി 135 വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയോ നശിക്കുകയോ ചെയ്തു. ഇതില്‍ അഞ്ചെണ്ണം സൗദി അറേബ്യയില്‍ നിലത്തുണ്ടായിരുന്നപ്പോഴാണ് ഇറാന്റെ ആയുധാക്രമണത്തില്‍ തകര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.