റിയാദ്: മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ യെമനിലെ ഹൂതികള്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ. മക്കയ്ക്കുനേരെയുണ്ടായതായി പറയപ്പെടുന്ന ആക്രമണത്തെ 'ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം' എന്ന് വിശേഷിപ്പിച്ച സൗദി, രണ്ട് വിശുദ്ധ പള്ളികളുടെയും തീര്‍ഥാടകരുടെയും സുരക്ഷ 'റെഡ് ലൈന്‍' ആണെന്ന് വ്യക്തമാക്കി.
എന്നാല്‍, മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന ആരോപണം ഹൂതികള്‍ നിഷേധിച്ചു. സൗദി ഉന്നയിക്കുന്ന ആരോപണങ്ങള്‍ 'ആവര്‍ത്തിച്ച് പറയുന്ന പഴകിയ നുണ' മാത്രമാണെന്ന് ഹൂതി നേതൃത്വം പ്രതികരിച്ചു.
മക്കയിലും രാജ്യത്തിന്റെ തെക്കന്‍ മേഖലകളിലും ആക്രമണസാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സൗദി അധികൃതര്‍ നേരത്തെ നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. സംഭവത്തില്‍ മുസ്ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
രണ്ട് വിശുദ്ധ പള്ളികളുടെയും തീര്‍ഥാടകരുടെയും സൗദിയുടെ മുഴുവന്‍ ഭൂപ്രദേശത്തിന്റെയും സുരക്ഷ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹൂതികള്‍ക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും രണ്ട് വിശുദ്ധ പള്ളികളുടെയും തീര്‍ഥാടകരുടെയും സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി.
57 മുസ്ലിം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒ ഐ സി) സംഭവത്തെ 'ഹീനമായ ആക്രമണം' എന്ന് വിശേഷിപ്പിച്ച് അപലപിച്ചു. അറബ് ലീഗ് മേധാവി നബീല്‍ ഫഹ്മി സംഭവത്തെ 'അതീവ ഗുരുതരമായ വിഷയം' എന്നാണ് വിശേഷിപ്പിച്ചത്.
സൗദി എഫ്-15 തകര്‍ത്തതായി ഹൂതികളുടെ അവകാശവാദം
മാരിബ് പ്രവിശ്യയുടെ വ്യോമപരിധിയില്‍ സൗദിയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി യെമനിലെ ഹൂതികള്‍ അവകാശപ്പെട്ടു. പ്രാദേശികമായി നിര്‍മിച്ച ഭൂതല- വ്യോമ മിസൈല്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്നാണ് ഹൂതികളുടെ വാദം.
മാരിബ് പ്രവിശ്യയില്‍ സൈനിക നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി 'ശത്രുതാപരമായ പ്രവര്‍ത്തനങ്ങളില്‍' ഏര്‍പ്പെട്ടിരുന്ന സൗദി എഫ്-15 യുദ്ധവിമാനം തകര്‍ത്തതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദി യെമനില്‍ 450-ലധികം വ്യോമാക്രമണങ്ങള്‍ നടത്തിയതായും സരീ ആരോപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യെമന്‍ സംഘര്‍ഷം ചെങ്കടലിലേക്കും വ്യാപിക്കുന്നു
ഹൂതികളും സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാരും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നതിനിടെയാണ് പുതിയ സംഘര്‍ഷവികാസങ്ങള്‍. സൗദി കപ്പലുകളെ ലക്ഷ്യമിട്ട് സമുദ്ര ഉപരോധം പ്രഖ്യാപിച്ചതായും യെമന്റെ ചെങ്കടല്‍ തീരത്തും ബാബ് അല്‍-മന്ദബ് കടലിടുക്കിലും നിയന്ത്രണമുണ്ടെന്നും ഹൂതികള്‍ അവകാശപ്പെട്ടു.
സൗദി നടത്തിയതായി പറയുന്ന വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയായി സൗദിയിലെ ഒരു വ്യോമതാവളത്തെയും യാന്‍ബുവിലെ എണ്ണ സംസ്‌കരണ കേന്ദ്രത്തെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ഹൂതികള്‍ അവകാശപ്പെട്ടു. ഒരു സൗദി യുദ്ധവിമാനം തകര്‍ത്തതായുള്ള അവകാശവാദവും ഇതിനൊപ്പമുണ്ട്.
സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ചെങ്കടല്‍ വഴിയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബാബ് അല്‍-മന്ദബ് കടലിടുക്ക് അടച്ചിടുന്ന സാഹചര്യമുണ്ടായാല്‍ അത് 'ലോകത്തിന് മുഴുവന്‍ ദുരന്തകരമായിരിക്കും' എന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.
2022 മുതല്‍ യെമനിലെ ആഭ്യന്തരയുദ്ധം വലിയ തോതില്‍ ശമിച്ചിരുന്നെങ്കിലും ജൂലൈയില്‍ പോരാട്ടം വീണ്ടും ശക്തമായി. സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു ലക്ഷത്തിലധികം പേര്‍ക്ക് പലായനം ചെയ്യേണ്ടിവന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
