എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ലയിപ്പിക്കാന്‍ നീക്കം; നഷ്ടം കുറയ്ക്കാന്‍ ചെലവ് ചുരുക്കാന്‍ പുതിയ സി ഇ ഒ

എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ലയിപ്പിക്കാന്‍ നീക്കം; നഷ്ടം കുറയ്ക്കാന്‍ ചെലവ് ചുരുക്കാന്‍ പുതിയ സി ഇ ഒ


ന്യൂഡല്‍ഹി: റെക്കോര്‍ഡ് നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ചെലവ് കുറയ്ക്കുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ലയിപ്പിക്കുന്ന കാര്യം പുതിയ സി ഇ ഒ ടെവോള്‍ഡെ ഗെബ്രെയ്മറിയം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ നിരവധി കൂടിക്കാഴ്ചകളില്‍, രണ്ട് വ്യത്യസ്ത ഓപ്പറേറ്റിംഗ് പെര്‍മിറ്റുകളുമായി രണ്ട് വിമാനക്കമ്പനികള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടെവോള്‍ഡെ മാനേജര്‍മാരോട് വിശദീകരണം തേടിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഒറ്റ വിമാനക്കമ്പനിയായി പ്രവര്‍ത്തിച്ചാല്‍ നിയന്ത്രണപരമായ നടപടിക്രമങ്ങള്‍ കുറയ്ക്കാനും രണ്ട് കമ്പനികള്‍ക്കായി പ്രത്യേകം മാനേജര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഭരണവിഭാഗം ജീവനക്കാര്‍ എന്നിവരെ നിലനിര്‍ത്തേണ്ട സാഹചര്യം ഒഴിവാക്കാനും കഴിയുമെന്നാണ് ടെവോള്‍ഡെയുടെ വിലയിരുത്തല്‍. എന്നാല്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും തമ്മിലുള്ള ലയന ആശയം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ലയനത്തിന് മേല്‍നോട്ട ബോര്‍ഡിന്റെ അംഗീകാരം ആവശ്യമായി വരും. ലയിച്ചാലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്ന ബ്രാന്‍ഡ് പേര് നിലനിര്‍ത്താനാണ് ആലോചനയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യയില്‍ നിന്നും വിശദീകരണം ലഭിച്ചിട്ടില്ല. 

മാര്‍ച്ച് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ 22,000 കോടി രൂപ (2.3 ബില്യണ്‍ ഡോളര്‍) നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രവര്‍ത്തനത്തിലെ കാര്യക്ഷമതയില്ലായ്മകള്‍ ഒഴിവാക്കി നഷ്ടം കുറയ്ക്കാനുള്ള നടപടികള്‍ക്ക് ടെവോള്‍ഡെ പ്രാധാന്യം നല്‍കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ നഷ്ടം കുറയ്ക്കുന്നത് മാതൃസ്ഥാപനമായ ടാറ്റ സണ്‍സിനും നിര്‍ണായകമാണ്. ടാറ്റ ചെയര്‍മാന്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് കമ്പനിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള നിയന്ത്രണപരമായ സമ്മര്‍ദവും ടാറ്റ സണ്‍സ് നേരിടുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ സാമ്പത്തിക പ്രകടനം കൂടുതല്‍ ശ്രദ്ധ നേടുന്നത്.

ആഫ്രിക്കയിലെ ഏറ്റവും വലുതും ലാഭകരവുമായ വിമാനക്കമ്പനികളിലൊന്നായി എത്യോപ്യന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിനെ വളര്‍ത്തിയെടുത്ത അനുഭവമാണ് 61കാരനായ ടെവോള്‍ഡെയെ എയര്‍ ഇന്ത്യയുടെ മേധാവിയായി പരിഗണിക്കുന്നതിലെ പ്രധാന ഘടകം.

പാകിസ്താന്റെ വ്യോമപാത ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കായി അടച്ചതും മധ്യപൂര്‍വദേശത്തെ സംഘര്‍ഷവും ഉള്‍പ്പെടെ നിരവധി വെല്ലുവിളികളാണ് എയര്‍ ഇന്ത്യ നേരിടുന്നത്. വ്യോമപാത നിയന്ത്രണങ്ങളും സംഘര്‍ഷ സാഹചര്യങ്ങളും യാത്രാ മേഖലയെ ബാധിച്ചതിനൊപ്പം ഇന്ധനച്ചെലവും ഉയര്‍ത്തിയിട്ടുണ്ട്.

അപ്രതീക്ഷിതമായി വിമാനം താഴ്ത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റ് നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണവും കമ്പനിക്ക് നേരിടേണ്ടിവരുന്നുണ്ട്.

എയര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലയനം പുതിയ കാര്യമല്ല. 2007ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി എയര്‍ ഇന്ത്യ ലയിച്ചിരുന്നു. 2022ല്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തതിനു പിന്നാലെ കമ്പനിയുടെ ബ്രാന്‍ഡ് ഘടനയിലും മാറ്റങ്ങളുണ്ടായി. നാല് ബ്രാന്‍ഡുകളെ രണ്ടാക്കി ചുരുക്കിയതോടെയാണ് നിലവിലെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഘടന രൂപപ്പെട്ടത്.

നേരത്തെയുള്ള കൂടിക്കാഴ്ചകളില്‍ എയര്‍ ഇന്ത്യയുടെ കാര്‍ഗോ ശേഷിയുടെ കുറഞ്ഞ ഉപയോഗം സംബന്ധിച്ചും ടെവോള്‍ഡെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബിസിനസ് വളര്‍ച്ചയില്‍ കാര്‍ഗോ മേഖല നിര്‍ണായകമായിരുന്നു. വിമാനങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കണമെന്നും അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടെവോള്‍ഡെ ഈ മാസം ഔദ്യോഗികമായി കമ്പനിയില്‍ ചുമതലയേറ്റെങ്കിലും വിദേശ പൗരനായതിനാല്‍ എയര്‍ ഇന്ത്യയുടെ സി ഇ ഒ സ്ഥാനത്ത് ഔദ്യോഗികമായി തുടരാന്‍ ഇന്ത്യന്‍ നിയന്ത്രണ ഏജന്‍സികളുടെ അനുമതി ഇനിയും ലഭിക്കേണ്ടതുണ്ട്.

എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പുതിയ നീക്കങ്ങള്‍ ടാറ്റ ഗ്രൂപ്പിനും എയര്‍ ഇന്ത്യയിലെ ഓഹരി പങ്കാളിയായ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനും ആശ്വാസകരമാകുമെന്നാണ് വിലയിരുത്തല്‍. നഷ്ടത്തിലായ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനെച്ചൊല്ലി സിംഗപ്പൂര്‍ എയര്‍ലൈന്‍സും രാഷ്ട്രീയ വിമര്‍ശനം നേരിടുന്നുണ്ട്.