റിലയന്‍സ്, അദാനി ഗ്രൂപ്പുകളില്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനം; ചര്‍ച്ചയാക്കി പ്രശാന്ത് ഭൂഷണ്‍

റിലയന്‍സ്, അദാനി ഗ്രൂപ്പുകളില്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനം; ചര്‍ച്ചയാക്കി പ്രശാന്ത് ഭൂഷണ്‍


ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി ഗ്രൂപ്പ് തുടങ്ങിയ വന്‍കിട കമ്പനികളില്‍ വിരമിച്ച ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിയന്ത്രണ ഏജന്‍സികളിലെ മുന്‍ മേധാവികളും പ്രധാന പദവികളിലെത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. സര്‍ക്കാര്‍ സംവിധാനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മില്‍ പാലിക്കേണ്ട അകലം, വിരമിച്ചശേഷമുള്ള നിയമനങ്ങളിലെ ധാര്‍മികത, ഇത്തരം നിയമനങ്ങള്‍ സൃഷ്ടിക്കാവുന്ന താല്‍പര്യങ്ങള്‍ എന്നിവയാണ് അദ്ദേഹം ഉയര്‍ത്തിയ പ്രധാന ചോദ്യങ്ങള്‍.

കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സി വി സി), കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) തുടങ്ങിയ നിയന്ത്രണ സംവിധാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്നവരും വിരമിച്ചശേഷം വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ചുമതലകളേറ്റെടുത്തിട്ടുണ്ടെന്ന് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് വിഷയം അദ്ദേഹം ഉന്നയിച്ചത്. റിലയന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടിയിരുന്ന മുന്‍ സി വി സി, സി എ ജി മേധാവികള്‍, ബാങ്ക്- പൊതുമേഖലാ സ്ഥാപന മേധാവികള്‍, സുപ്രിം കോടതി മുന്‍ ജഡ്ജി തുടങ്ങിയവര്‍ വിരമിച്ചശേഷം റിലയന്‍സില്‍ വിവിധ പദവികളിലെത്തിയതായി അദ്ദേഹം കുറിച്ചു.

ഔദ്യോഗിക പദവിയിലിരിക്കെ താല്‍പര്യ സംഘര്‍ഷത്തിന് ഇടയാക്കാവുന്ന ഇത്തരം വിരമിക്കലാനന്തര നിയമനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഇതോടൊപ്പം ചിലരുടെ പേരുകളും ഭൂഷണ്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, പൊതുവായി ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റു മുന്‍ ഉദ്യോഗസ്ഥരും ഈ കമ്പനികളില്‍ വിവിധ ചുമതലകളിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടിക പൂര്‍ണമാകണമെന്നില്ലെന്നും വ്യക്തമാക്കുന്നു.

റിലയന്‍സ്, അദാനി ഗ്രൂപ്പുകളില്‍ ചേര്‍ന്ന മുന്‍ ഉദ്യോഗസ്ഥര്‍

പ്രശാന്ത് ഭൂഷണിന്റെ കുറിപ്പും പൊതുവായി ലഭ്യമായ മറ്റു വിവരങ്ങളും അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയിലെ പ്രധാന പേരുകള്‍:

റിലയന്‍സ് ഗ്രൂപ്പ്

അരുന്ധതി ഭട്ടാചാര്യ: 2017 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്സണായിരുന്ന ഇവര്‍ 2018 ഒക്ടോബറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതയായി.

കെ വി ചൗധരി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് മുന്‍ ചെയര്‍മാനായിരുന്ന ഇദ്ദേഹം 2019 ജൂണ്‍ വരെ കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി പ്രവര്‍ത്തിച്ചു. സി വി സി പദവിയില്‍നിന്ന് വിരമിച്ച് നാലുമാസത്തിനുശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സ്വതന്ത്ര ഡയറക്ടറായി.

സാര്‍ഥക് ബെഹുരിയ: ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെയും പിന്നീട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും ചെയര്‍മാനായിരുന്ന ഇദ്ദേഹം 2010ല്‍ വിരമിച്ചു. 2020 ഫെബ്രുവരിയില്‍ റിലയന്‍സിന്റെ സീനിയര്‍ ഉപദേഷ്ടാവായി ചേര്‍ന്നു.

സഞ്ജീവ് സിങ്: 2020 ജൂണ്‍ വരെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാനായിരുന്ന ഇദ്ദേഹം വിരമിച്ച് രണ്ടുമാസത്തിനുശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഗ്രൂപ്പ് പ്രസിഡന്റായി.

പ്രഭാത് സിങ്: പെട്രോനെറ്റ് എല്‍ എന്‍ ജിയുടെ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായി പ്രവര്‍ത്തിച്ച ഇദ്ദേഹം നേരത്തേ ഗെയിലിന്റെ മാര്‍ക്കറ്റിങ് ഡയറക്ടറായിരുന്നു. 2020 സെപ്റ്റംബറില്‍ വിരമിച്ചശേഷം റിലയന്‍സ്- ബി പി സംയുക്ത സംരംഭമായ ഇന്ത്യ ഗ്യാസ് സൊല്യൂഷന്‍സിന്റെ ബിസിനസ് നേതൃത്വസംഘത്തില്‍ ചേര്‍ന്നു.

ഡി സെന്‍ഗുപ്ത: ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനായിരുന്ന ഇദ്ദേഹം 2005ല്‍ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിലെത്തി.

എ കെ പുര്‍വാര്‍: 2006 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഇദ്ദേഹം 2007 ജൂലൈയില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ അഡീഷനല്‍ ഡയറക്ടറായി നിയമിതനായി.

ജസ്റ്റിസ് കൃഷ്ണ മുരാരി 2023 ജൂലൈയില്‍ സുപ്രിം കോടതി ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ച ഇദ്ദേഹം 2026 സെപ്റ്റംബറില്‍ റിലയന്‍സുമായി ബന്ധപ്പെട്ട വന്താരയുടെ സ്വതന്ത്ര ഭരണസമിതിയില്‍ അംഗമായി നിയമിതനായി.

രാജീവ് മെഹ്റിഷി: 1978 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം 2020 വരെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചു. 2023 ജൂലൈയില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഡയറക്ടറായി.

എം കെ ജെയിന്‍: 2023 ജൂണില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഇദ്ദേഹം 2025 മാര്‍ച്ചില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപദേഷ്ടാവായി ചേര്‍ന്നു.

കെ വി കാമത്ത്: ഐ സി ഐ സി ഐ ബാങ്കിന്റെ മുന്‍ മേധാവിയും മുതിര്‍ന്ന ബാങ്കറുമായ ഇദ്ദേഹം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെയര്‍മാനാണ്. വിവിധ നിയന്ത്രണ സമിതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അദാനി ഗ്രൂപ്പ്

വി സുബ്രഹ്മണ്യന്‍: 1971 ബാച്ച് പശ്ചിമ ബംഗാള്‍ കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കേന്ദ്ര നവ- പുനരുപയോഗ ഊര്‍ജ സെക്രട്ടറിയായി പ്രവര്‍ത്തിച്ചശേഷം 2008ഓടെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പുറത്തുവന്നു. 2016ല്‍ അദാനി എന്റര്‍പ്രൈസസിന്റെ സ്വതന്ത്ര ഡയറക്ടറായി. 2026 ഓഗസ്റ്റില്‍ സ്ഥാനമൊഴിഞ്ഞു.

വിജയലക്ഷ്മി ജോഷി: 1980 ബാച്ച് ഗുജറാത്ത് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥയായ ഇവര്‍ കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ അദാനി എന്റര്‍പ്രൈസസിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതയായി.

നരേന്ദ്ര മൈര്‍പാഡി: 2010 മുതല്‍ 2014 വരെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി പ്രവര്‍ത്തിച്ച ഇദ്ദേഹം നേരത്തേ ബാങ്ക് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. 2014ല്‍ ബാങ്ക് പദവിയില്‍നിന്ന് മാറിയശേഷം അദാനി എന്റര്‍പ്രൈസസിന്റെ സ്വതന്ത്ര ഡയറക്ടറായി. 2023 നവംബര്‍ വരെ ആ പദവിയില്‍ തുടര്‍ന്നു.

എം വി ഭാനുമതി: 1987 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥയായ ഇവര്‍ 2022 മേയ് വരെ മുംബൈയിലെ ആദായനികുതി അന്വേഷണ വിഭാഗം ഡയറക്ടര്‍ ജനറലായിരുന്നു. 2024 ഫെബ്രുവരിയില്‍ അദാനി പോര്‍ട്‌സിന്റെ സ്വതന്ത്ര ഡയറക്ടറായി.

നീരജ് ബന്‍സാല്‍: ആദായനികുതി കമ്മിഷണറായും ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ച ഇദ്ദേഹം 2021ല്‍ സ്വമേധയാ വിരമിച്ചു. 2022ല്‍ അദാനി ഗ്രൂപ്പില്‍ ചേര്‍ന്ന ഇദ്ദേഹം 2026 ജൂണില്‍ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണിന്റെ (എ പി എസ് ഇ ഇസഡ്) തുറമുഖ ബിസിനസിന്റെ സി ഇ ഒയായി.

പി കെ പൂജാരി: 1981 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കേന്ദ്ര ഊര്‍ജ സെക്രട്ടറിയായും പിന്നീട് കേന്ദ്ര വൈദ്യുതി നിയന്ത്രണ കമ്മിഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2017 വരെ കമ്മിഷന്‍ ചെയര്‍മാനായിരുന്ന ഇദ്ദേഹം 2024 ഓഗസ്റ്റില്‍ അദാനി പോര്‍ട്‌സിന്റെ സ്വതന്ത്ര ഡയറക്ടറായി.

രാജ്കുമാര്‍ ബേന്‍വാള്‍: 2004 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ഗുജറാത്ത് മാരിടൈം ബോര്‍ഡിന്റെ വൈസ് ചെയര്‍മാനും സി ഇ ഒയുമായിരുന്നു. 2023 മുതല്‍ 2026 ജനുവരിയില്‍ രാജിവെക്കുന്നതുവരെ അദാനി പോര്‍ട്‌സില്‍ ബോര്‍ഡിന്റെ നോമിനി ഡയറക്ടറായി പ്രവര്‍ത്തിച്ചു.

ജി കെ പിള്ള: കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ഇദ്ദേഹം നേരത്തേ അദാനി പോര്‍ട്‌സിന്റെ സ്വതന്ത്ര ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മീര ശങ്കര്‍: ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥയും അമേരിക്കയിലെയും ജര്‍മനിയിലെയും മുന്‍ ഇന്ത്യന്‍ അംബാസഡറുമായ ഇവര്‍ 2015 മുതല്‍ 2025 ജൂണ്‍ വരെ അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ സ്വതന്ത്ര ഡയറക്ടറായിരുന്നു.

കെ ജയരാജ്: 1976 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കര്‍ണാടകയില്‍ ഊര്‍ജ, നഗരഭരണ മേഖലകളില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. 2015 മുതല്‍ 2025 ജൂണ്‍ വരെ അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ സ്വതന്ത്ര ഡയറക്ടറായി പ്രവര്‍ത്തിച്ചു.

ചന്ദ്ര അയ്യങ്കാര്‍: 1973 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ ഇവര്‍ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറിയായും മഹാരാഷ്ട്ര വൈദ്യുതി നിയന്ത്രണ കമ്മിഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 മുതല്‍ 2023 വരെ അദാനി ടോട്ടല്‍ ഗ്യാസിലും 2022 മുതല്‍ 2025 വരെ അദാനി പവറിലും 2025ല്‍ അദാനി എനര്‍ജി സൊല്യൂഷന്‍സിലും സ്വതന്ത്ര ഡയറക്ടറായി സേവനമനുഷ്ഠിച്ചു.

ഡോ. അമിയ ചന്ദ്ര: 1989 ബാച്ച് ഇന്ത്യന്‍ ട്രേഡ് സര്‍വീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം വാണിജ്യ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയങ്ങളിലും പ്രധാനമന്ത്രിയുടെ ഓഫീസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശ വ്യാപാര അഡീഷനല്‍ ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചു. 2025ല്‍ അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതനായ ഇദ്ദേഹം അതേ വര്‍ഷം ജൂലൈയില്‍ രാജിവെച്ചു.

ദീപക് അമിതാഭ്: 1984 ബാച്ച് ആദായനികുതി വിഭാഗത്തിലെ ഐ ആര്‍ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം 2021 നവംബര്‍ വരെ പി ടി സി ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു. പിന്നീട് അദാനി പവറില്‍ ഊര്‍ജ വില്‍പ്പന വിഭാഗത്തിന്റെ സി ഇ ഒയായും 2023ല്‍ ബിസിനസ് വികസന ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു.

ഐ സി പി കേസരി: 1988 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം അദാനി ഗ്രൂപ്പില്‍ അടിസ്ഥാനസൗകര്യ, ഊര്‍ജ മേഖലകളുടെ ഉപദേഷ്ടാവാണ്.

ശശി ശങ്കര്‍: ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒ എന്‍ ജി സി) മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഇദ്ദേഹം 2022 മേയില്‍ അദാനി ടോട്ടല്‍ ഗ്യാസിന്റെ സ്വതന്ത്ര ഡയറക്ടറായി.

സുശീല്‍ കുമാര്‍ റൂങ്ട: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയില്‍) മുന്‍ ചെയര്‍മാനും ഇന്റര്‍നാഷനല്‍ കോള്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ മുന്‍ അധ്യക്ഷനുമായ ഇദ്ദേഹം അദാനി പവറിന്റെ സ്വതന്ത്ര ഡയറക്ടറായി പ്രവര്‍ത്തിച്ചു. 2025 നവംബറില്‍ വിരമിച്ചു.

ഉപേന്ദ്ര കുമാര്‍ സിന്‍ഹ: 2011 മുതല്‍ 2017 വരെ സെബി ചെയര്‍മാനായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം 2023 മാര്‍ച്ചില്‍ അദാനി ഉടമസ്ഥതയിലുള്ള എന്‍ ഡി ടി വിയുടെ സ്വതന്ത്ര ഡയറക്ടറും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായി നിയമിതനായി.

ദിനേശ് കുമാര്‍ മിത്തല്‍: 1977 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കേന്ദ്ര ധനകാര്യ സേവന വകുപ്പ് സെക്രട്ടറിയായും ലോക വ്യാപാര സംഘടനയിലെ ഇന്ത്യയുടെ മുഖ്യ ചര്‍ച്ചക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023 ജൂണില്‍ എന്‍ ഡി ടി വിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറായി.

സുനില്‍ കുമാര്‍: 1979 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം 2012 മുതല്‍ 2014 വരെ ഛത്തീസ്ഗഢ് ചീഫ് സെക്രട്ടറിയായിരുന്നു. 2022 ഡിസംബറില്‍ എന്‍ ഡി ടി വിയുടെ അഡീഷനല്‍ നോണ്‍ എക്‌സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറായി നിയമിതനായ ഇദ്ദേഹം 2023 മാര്‍ച്ചില്‍ രാജിവെച്ചു.

അമന്‍ കുമാര്‍ സിങ്: മുന്‍ ഐ ആര്‍ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം 2022 നവംബര്‍ വരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. 2022 ഡിസംബറില്‍ എന്‍ ഡി ടി വിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി. 2023 ഏപ്രിലില്‍ രാജിവെച്ചു. ഛത്തീസ്ഗഢ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അന്വേഷണവും ഇദ്ദേഹം നേരിടുന്നുണ്ട്.

രമീന്ദര്‍ സിങ് ഗുജ്‌റാള്‍: 1976 ബാച്ച് ഹരിയാന കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കേന്ദ്ര ധനകാര്യ സെക്രട്ടറിയായും റവന്യൂ, ചെലവ്, റോഡ് ഗതാഗത വകുപ്പുകളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍ എച്ച് എ ഐ) ചെയര്‍മാനും വിദേശ വ്യാപാര ഡയറക്ടര്‍ ജനറലുമായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷം 2015 മുതല്‍ 2022 വരെ അദാനി പവറിന്റെ സ്വതന്ത്ര ഡയറക്ടറായി. 2020 മുതല്‍ അദാനി ഗ്രീന്‍ എനര്‍ജിയിലും സ്വതന്ത്ര ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. റിലയന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡുമായും ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.