ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വിപുലീകരിക്കാന്‍ ധാരണ

ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വിപുലീകരിക്കാന്‍ ധാരണ


പരമാധികാരം ഡെന്‍മാര്‍ക്കിനും സ്വയംനിര്‍ണയാവകാശം ഗ്രീന്‍ലാന്‍ഡുകാര്‍ക്കും- കോപ്പന്‍ഹേഗന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത് പ്രകാരം ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കന്‍ സുരക്ഷാ സാന്നിധ്യം  വിപുലീകരിക്കുന്നതിന് ട്രംപ് ഭരണകൂടം ഡെന്‍മാര്‍ക്കുമായും ഗ്രീന്‍ലാന്‍ഡുമായും ധാരണയിലെത്തി. ഡെന്‍മാര്‍ക്കിന്റെ അര്‍ധസ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കം നേരത്തെ പാശ്ചാത്യ സഖ്യത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പുതിയ ധാരണ അതിന് നയതന്ത്രപരമായ പരിഹാരത്തിന് വഴിതുറക്കുന്നതായാണ് വിലയിരുത്തല്‍.
എന്നാല്‍ ധാരണയുടെ പൂര്‍ണ രൂപം വെള്ളിയാഴ്ച പുറത്തുവന്നിരുന്നില്ല. അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിനിടെ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് ഗ്രീന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് നേതാക്കള്‍ വ്യക്തമാക്കിയത്. ധാരണയെ ഇരുപക്ഷവും വ്യത്യസ്തമായാണ് വിശദീകരിച്ചത്. ഗ്രീന്‍ലാന്‍ഡിന്റെ 'സുരക്ഷയിലും മറ്റ് ആവശ്യങ്ങളിലും സ്ഥിരമായ നിയന്ത്രണം' അമേരിക്ക നേടിയെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ പറഞ്ഞത് ധാരണ ഡെന്‍മാര്‍ക്കിന്റെ പരമാധികാരവും അഖണ്ഡതയും അതോടൊപ്പം ഗ്രീന്‍ലാന്‍ഡ് ജനതയുടെ സ്വയംനിര്‍ണയാവകാശവും അംഗീകരിക്കുന്നുവെന്നാണ്. ഇതോടെ ഗ്രീന്‍ലാന്‍ഡിന്റെ പൂര്‍ണ നിയന്ത്രണം അമേരിക്കയ്ക്ക് വേണമെന്ന ട്രംപിന്റെ ദീര്‍ഘകാല ആവശ്യം ധാരണയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
ആര്‍ട്ടിക്, വടക്കന്‍ അറ്റ്‌ലാന്റിക് മേഖലകളിലെ പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നത് നേറ്റോയ്ക്കും യൂറോപ്പിനും ഗുണകരമാകുമെന്ന് ഫ്രെഡറിക്‌സന്‍ പറഞ്ഞു. ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്‌ഫ്രെഡറിക് നീല്‍സന്‍ ധാരണ ഗ്രീന്‍ലാന്‍ഡിന്റെ താല്‍പര്യങ്ങളും അന്താരാഷ്ട്ര സഹകരണത്തിലെ അതിന്റെ സ്ഥാനവും അംഗീകരിക്കുന്നതാണെന്ന് വ്യക്തമാക്കി.
ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കം ട്രംപ് ആദ്യ ഭരണകാലം മുതല്‍ തുടരുന്നതാണ്. ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും അത് നിരസിച്ചതോടെ ഈ വര്‍ഷം ജനുവരിയില്‍ സംഘര്‍ഷം രൂക്ഷമായി. അമേരിക്കന്‍ അധിനിവേശമുണ്ടായാല്‍ ഗ്രീന്‍ലാന്‍ഡിലെ വ്യോമതാവളങ്ങള്‍ തകര്‍ക്കാനുള്ള പദ്ധതികള്‍ വരെ ഡെന്‍മാര്‍ക്ക് സൈന്യം തയ്യാറാക്കിയിരുന്നു. സൈനികരെ സ്‌ഫോടകവസ്തുക്കളും രക്തശേഖരങ്ങളുമായി ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ചിരുന്നെങ്കിലും ആ സാഹചര്യം യാഥാര്‍ഥ്യമായില്ല.
തുടര്‍ന്ന് അമേരിക്ക, ഡെന്‍മാര്‍ക്ക്, ഗ്രീന്‍ലാന്‍ഡ് പ്രതിനിധികള്‍ രഹസ്യ ചര്‍ച്ചകള്‍ ആരംഭിച്ചു. വാഷിങ്ടണില്‍ ഏകദേശം മാസത്തിലൊരിക്കല്‍ നടന്ന ചര്‍ച്ചകളില്‍ പ്രകൃതിവിഭവങ്ങളിലെ സഹകരണവും അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കലും പ്രധാന വിഷയങ്ങളായി. റഷ്യ, ചൈന തുടങ്ങിയ എതിരാളികളെ ഗ്രീന്‍ലാന്‍ഡിലെ പ്രധാന നിക്ഷേപങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അമേരിക്കയ്ക്ക് വീറ്റോ അധികാരം വേണമെന്ന ആവശ്യവും ചര്‍ച്ചകളിലുണ്ടായിരുന്നു.
ശീതയുദ്ധകാലത്ത് ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കയ്ക്ക് ഒരു ഡസനിലേറെ സൈനിക കേന്ദ്രങ്ങളുണ്ടായിരുന്നു. പിന്നീട് പിറ്റുഫിക് സ്‌പേസ് ബേസ് ഒഴികെ അവയെല്ലാം അടച്ചു. പഴയ ചില താവളങ്ങള്‍ വീണ്ടും തുറക്കാനുള്ള സാധ്യത പരിശോധിക്കാന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ അടുത്തിടെ ദ്വീപ് സന്ദര്‍ശിച്ചു. തെക്കന്‍ ഗ്രീന്‍ലാന്‍ഡിലെ നര്‍സാര്‍സുവാക് വിമാനത്താവളത്തിന്റെ റണ്‍വേ അമേരിക്കന്‍ സൈനികര്‍ പരിശോധിച്ചതായി ഡെന്‍മാര്‍ക്കിന്റെ പൊതുമാധ്യമവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഗ്രീന്‍ലാന്‍ഡിലെ ശത്രുരാജ്യങ്ങളുടെ സൈനിക സാന്നിധ്യം തടയുകയും അമേരിക്കന്‍ സാന്നിധ്യം വികസിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ ധാരണയെന്ന് ട്രംപ് പറഞ്ഞു.
നേറ്റോയില്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡില്‍ സൈനിക താവളം സ്ഥാപിക്കാനോ സൈനിക സാന്നിധ്യം നിലനിര്‍ത്താനോ കഴിയില്ലെന്നാണ് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. എന്നാല്‍ അമേരിക്കയ്ക്ക് ഗ്രീന്‍ലാന്‍ഡിലെ സുരക്ഷയില്‍ 'സ്ഥിരമായ നിയന്ത്രണം' ലഭിച്ചെന്ന ട്രംപിന്റെ അവകാശവാദം ചര്‍ച്ചകളോട് അടുത്ത വൃത്തങ്ങള്‍ അതിശയോക്തിപരമാണെന്ന് പറഞ്ഞു. ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡിനുമൊപ്പമാണ് അമേരിക്കന്‍ സൈന്യം പ്രവര്‍ത്തിക്കുകയെന്നും അവരുടെ മേല്‍ നേരിട്ട് നിയന്ത്രണം ഏറ്റെടുക്കില്ലെന്നും ഒരു അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനും വ്യക്തമാക്കി.
അതിനാല്‍, ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കണമെന്ന ട്രംപിന്റെ ആവശ്യം നിറവേറ്റുന്നതിനു പകരം, ആര്‍ട്ടിക്കില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുകയും ശത്രുരാജ്യങ്ങളുടെ സാന്നിധ്യം തടയുകയും ചെയ്യുന്ന സുരക്ഷാ ക്രമീകരണത്തിലേക്കാണ് ധാരണ നീങ്ങുന്നത്. ഗ്രീന്‍ലാന്‍ഡ് ഭാവിയില്‍ സ്വതന്ത്രരാജ്യമായാലും അമേരിക്കന്‍ സൈനിക പ്രവേശനം തുടരുമെന്ന് ഉറപ്പാക്കുക എന്നതും ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്‌