'എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം'; ഗാസയിലെ കുഞ്ഞുങ്ങളുടെ വേദനയിൽ തകർന്ന ബിട്ടീഷ് ഗായകൻ എഡ് ഷീരൻ

'എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം'; ഗാസയിലെ കുഞ്ഞുങ്ങളുടെ വേദനയിൽ തകർന്ന ബിട്ടീഷ് ഗായകൻ എഡ് ഷീരൻ


ഫിലഡൽഫിയ : ആയിരക്കണക്കിന് ആരാധകർക്ക് മുന്നിൽ പാടിത്തുടങ്ങുന്നതിന് മുമ്പ് ബ്രിട്ടീഷ് ഗായകൻ എഡ് ഷീരൻ മാപ്പുപറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താൻ എടുത്ത തീരുമാനങ്ങളെക്കുറിച്ചും ഉണ്ടായ വിവാദങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ പശ്ചാത്താപം നിറഞ്ഞിരുന്നു. ഗാസയിൽ തുടരുന്ന മനുഷ്യദുരന്തത്തെ 'ദുരന്തപൂർണവും ന്യായീകരിക്കാനാകാത്തതും' എന്ന് വിശേഷിപ്പിച്ച ഷീരൻ, അവിടുത്തെ കുട്ടികളുടെ ജീവനഷ്ടത്തിൽ തന്റെ ഹൃദയം തകർന്നതായി പറഞ്ഞു.

ശനിയാഴ്ച ഫിലഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ നടന്ന സംഗീതപരിപാടിയിലാണ് ഷീരൻ വികാരനിർഭരമായ പ്രതികരണം നടത്തിയത്. ''കഴിഞ്ഞ ആഴ്ച എനിക്ക് ബുദ്ധിമുട്ടേറിയ ചില തീരുമാനങ്ങൾ എടുക്കേണ്ടിവന്നു. എനിക്ക് തെറ്റുകൾ സംഭവിക്കുന്നു. അതിൽ ഞാൻ വളരെ, വളരെ ക്ഷമ ചോദിക്കുന്നു''-അദ്ദേഹം ആരാധകരോട് പറഞ്ഞു.

സാധാരണയായി രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് അകന്നുനിൽക്കാനാണ് താൻ ശ്രമിച്ചിരുന്നതെന്ന് ഷീരൻ വ്യക്തമാക്കി. എന്നാൽ, സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്റെയും ലോകത്തിലെ ഏറ്റവും സങ്കീർണമായ രാഷ്ട്രീയ പ്രശ്‌നങ്ങളിലൊന്നിന്റെയും മധ്യത്തിലേക്ക് താൻ എത്തിപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ-ഹമാസ് സംഘർഷത്തെക്കുറിച്ച് സംസാരിക്കവെ, 2023 ഒക്ടോബർ 7ന് ഇസ്രയേലിലെ നോവ സംഗീതോത്സവത്തിൽ നടന്ന ആക്രമണത്തെ ഷീരൻ അപലപിച്ചു. അതോടൊപ്പം ഗാസയിലെ നാശനഷ്ടങ്ങളും സാധാരണക്കാരുടെയും കുട്ടികളുടെയും മരണവും അനുപാതരഹിതവും ന്യായീകരിക്കാനാകാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗായകൻ മാക്ൾമോർ, ഷീരന്റെ അമേരിക്കൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെയാണ് വിവാദം ആരംഭിച്ചത്. ന്യൂജഴ്‌സിയിലെ സംഗീതപരിപാടിയിൽ പലസ്തീന് അനുകൂലമായി സംസാരിച്ചതിനെ തുടർന്നായിരുന്നു നടപടി. തുടർന്ന് പര്യടനത്തിലെ മറ്റ് പ്രാരംഭ കലാകാരന്മാരും പിന്മാറി.

മാക്ൾമോറിനെ ഒഴിവാക്കാനുള്ള തീരുമാനം തന്റേതല്ലെന്നും സംഗീതപരിപാടിയുടെ പ്രമോട്ടറുടേതാണെന്നും ഷീരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മാക്ൾമോർ തുടരുകയാണെങ്കിൽ ചില വേദികൾ പരിപാടി റദ്ദാക്കുമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

സംഗീതവേദിയിൽ സാധാരണയായി കലയും വിനോദവും മാത്രം പങ്കുവയ്ക്കുന്ന കലാകാരൻ, യുദ്ധത്തിൽ തകർന്ന മനുഷ്യജീവിതങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അത് ഒരു രാഷ്ട്രീയ പ്രസ്താവനയ്ക്കപ്പുറം വേദന പങ്കുവയ്ക്കുന്ന മനുഷ്യന്റെ ശബ്ദമായി മാറുകയായിരുന്നു.