ന്യൂഡൽഹി∙ ഡൽഹിയിലെ വോട്ടർ പട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ കണ്ടെത്തിയ വോട്ടർമാർക്ക് നോട്ടീസ് അയച്ച് ഇലക്ഷൻ കമ്മീഷൻ. മുഖ്യമന്ത്രി രേഖ ഗുപ്ത, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ഭാര്യ സുനിത കെജരിവാൾ, മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ എന്നിവർ നോട്ടിസ് ലഭിച്ചവരുടെ പട്ടികയിലുണ്ട്.
ഡൽഹിയിൽ 33 ലക്ഷത്തിലധികം പേർക്കാണ് വോട്ടർ പട്ടികയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കമ്മിഷൻ നോട്ടിസ് അയച്ചത്. കഴിഞ്ഞ മാസം ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. പേര്, മാതാപിതാക്കളുടെ പേര്, പ്രായ വ്യത്യാസം തുടങ്ങി പത്തോളം വിഷയങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വോട്ടർമാർക്ക് നോട്ടിസ് അയച്ചിരിക്കുന്നത്.
മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് മാതാപിതാക്കളുടെ പ്രായവുമായി ബന്ധപ്പെട്ട പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. എന്നാൽ, ഷാലിമാർ ബാഗ് മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ അറിയിച്ചത് പ്രകാരം, വിവരങ്ങൾ പരിശോധിച്ച ശേഷം അവരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെജരിവാളിനും ഭാര്യക്കും, കപിൽ സിബലിനുമുള്ള നോട്ടീസിൽ എസ്ഐആറുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അരവിന്ദ് കെജ്‌രിവാൾ, ഭാര്യ സുനിത കെജ്‌രിവാൾ എന്നിവർക്ക് പുറമെ മാതാപിതാക്കളായ ഗോബിന്ദ് റാം കെജ്‌രിവാൾ, ഗീത ദേവി, മകൻ പുൽകിത് എന്നിവരും പട്ടികയിലുണ്ട്. ഇവർ എല്ലാവരും കഴിഞ്ഞ വർഷം നടന്ന ഡൽഹി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരാണ്. "മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ ഡൽഹി വോട്ടർ പട്ടികയിൽ നിന്ന് എങ്ങനെ ഒഴിവാക്കപ്പെട്ടു?" എന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ചോദ്യവുമായി രംഗത്തെത്തി.
കരട് വോട്ടർ പട്ടികയിൽ 97.5 ലക്ഷം പേരുടെ പേരുകളാണുള്ളത്. സ്ഥിരമായി താമസം മാറിയവർ, സ്ഥലത്തില്ലാത്തവർ, മരിച്ചവർ, ഒന്നിലധികം സ്ഥലങ്ങളിൽ പേര് രജിസ്റ്റർ ചെയ്തവർ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ 47.5 ലക്ഷം വോട്ടർമാരെ (ആകെ വോട്ടർമാരുടെ മൂന്നിലൊന്ന് ഭാഗത്തോളം വരും ഇത്) ഒഴിവാക്കിയ ശേഷമാണ് ഈ കരട് പട്ടിക തയ്യാറാക്കിയത്.
അതേസമയം, കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തത് മാത്രം ഒരാൾക്ക് വോട്ടവകാശമില്ലെന്ന് ഉറപ്പിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ പറയുന്നു. 2026 മെയ് 14-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിർദ്ദേശങ്ങൾക്കനുസൃതമായി, വിവരശേഖരണത്തിനുള്ള ഫോമുകൾ വിതരണം ചെയ്യുന്നതിനും വിവരങ്ങൾ പരിശോധിക്കുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ സന്ദർശിച്ചിരുന്നു. കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത അർഹരായ വ്യക്തികൾക്ക്, ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ (അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയം) ഫോം 6 ഉപയോഗിച്ച് പേര് ചേർക്കുന്നതിനായി അപേക്ഷിക്കാമെന്നും, അതിനൊപ്പം ആവശ്യമായ സത്യപ്രസ്താവനയും അനുബന്ധ രേഖകളും സമർപ്പിക്കണമെന്നും ഇആർഒ വ്യക്തമാക്കി. പരാതികളും മറ്റും കേൾക്കുന്നതിനായി പ്രത്യേക സംഘങ്ങൾ ക്യാമ്പുകൾ നടത്തുന്നുണ്ടെന്ന് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ (CEO) അശോക് കുമാർ പറഞ്ഞു.
വോട്ടർ പട്ടികയിൽ പേരില്ല; കെജരിവാളിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; രേഖ ഗുപ്തയുടെ പേരിലും പൊരുത്തക്കേട്
