സിയോള്‍: ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണങ്ങള്‍ ദീര്‍ഘകാലമായി നിര്‍ജ്ജീവമായിരുന്ന ഭൂചലന സാധ്യതയുള്ള വിള്ളല്‍ മേഖലകളെ വീണ്ടും സജീവമാക്കിയതായി പഠനം. 2017ലെ അവസാന ആണവപരീക്ഷണത്തിന് ശേഷം ഭൂചലനങ്ങള്‍ തുടര്‍ന്നതായും കാലം കഴിയുന്തോറും ഇവയുടെ തീവ്രത വര്‍ധിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു.
ഉത്തരകൊറിയയിലെ മന്താപ് പര്‍വതത്തിന് താഴെ 2006 മുതല്‍ 2017 വരെ ആറ് ആണവ ഉപകരണങ്ങളാണ് പരീക്ഷിച്ചത്. ഭൂഗര്‍ഭ ആണവപരീക്ഷണങ്ങള്‍ ഭൂമിക്കടിയിലൂടെ ശക്തമായ ഭൂകമ്പ തരംഗങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ മന്താപ് മേഖലയില്‍ ഈ ആഘാതം പരീക്ഷണത്തിന് പിന്നാലെ അവസാനിച്ചില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ദക്ഷിണകൊറിയയിലെ പുസാന്‍ നാഷണല്‍ സര്‍വകലാശാലയിലെ ഭൂകമ്പ ശാസ്ത്രജ്ഞന്‍ ക്വാങ്-ഹീ കിം പറയുന്നത് ഭൂഗര്‍ഭ ആണവപരീക്ഷണങ്ങള്‍ക്ക് ശേഷം ഭൂചലനങ്ങള്‍ ഉണ്ടാകുന്നതല്ല അത്ഭുതകരമായ കാര്യമെന്നും മറിച്ച് അവയുടെ തീവ്രതയും വ്യാപ്തിയും വര്‍ഷങ്ങളായി എങ്ങനെ മാറിയെന്നതാണ് ശ്രദ്ധേയമെന്നുമാണ്. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ഭൂചലന പ്രവര്‍ത്തനം ഏറ്റവും ശക്തമാകുകയും പിന്നീട് കുറയുകയും ചെയ്യുന്നതിനുപകരം ഇവിടെ വര്‍ഷങ്ങള്‍ കഴിയുന്തോറും അത് വര്‍ധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും ശക്തമായ പരീക്ഷണം 2017ല്‍
ഉത്തരകൊറിയയുടെ പുംഗ്യെ-റി ആണവപരീക്ഷണ കേന്ദ്രം 7,234 അടി ഉയരമുള്ള മന്താപ് പര്‍വതത്തിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. 2006 ഒക്ടോബറിലായിരുന്നു ആദ്യ പരീക്ഷണം. 2017 സെപ്റ്റംബര്‍ 3ന് നടന്ന ആറാമത്തെയും അവസാനത്തെയും പരീക്ഷണമാണ് ഇതില്‍ ഏറ്റവും ശക്തമായത്.
ഏകദേശം 100 മുതല്‍ 250 കിലോ ടണ്‍ വരെ സ്‌ഫോടനശക്തിയുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഫലമായി റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.
ശക്തമായ സ്‌ഫോടനം ഭൂമിക്കടിയില്‍ ഒരു വലിയ കുഴി സൃഷ്ടിക്കുകയും ചുറ്റുമുള്ള പാറകളില്‍ കടുത്ത സമ്മര്‍ദം ഉണ്ടാക്കുകയും ചെയ്തിരിക്കാമെന്നാണ് വിലയിരുത്തല്‍. സ്‌ഫോടനത്തിന് 8.5 മിനിറ്റിന് ശേഷം ഈ ഭൂഗര്‍ഭ അറ തകര്‍ന്നുവീണതായാണ് കരുതുന്നത്. ആ സമയത്ത് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കണ്ടെത്തിയതും ഇതിന് തെളിവായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പരീക്ഷണം അവസാനിക്കുകയും ഭൂഗര്‍ഭ അറ തകര്‍ന്നുവീഴുകയും ചെയ്തതോടെ ഭൂചലന പ്രവര്‍ത്തനം ക്രമേണ കുറഞ്ഞുപോകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അവസാന പരീക്ഷണത്തിന് ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും വിശദീകരിക്കാനാകാത്ത ഭൂചലനങ്ങള്‍ രേഖപ്പെടുത്തി.
അവസാന പരീക്ഷണത്തിന് ഏകദേശം 20 ദിവസത്തിന് ശേഷമാണ് ടെക്‌റ്റോണിക് ഭൂചലന പ്രവര്‍ത്തനം ആരംഭിച്ചതെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത് കൂടുതല്‍ ശക്തമായെന്നും കിം പറഞ്ഞു.
2008 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ചൈനയിലെയും ദക്ഷിണകൊറിയയിലെയും ഭൂകമ്പനിരീക്ഷണ കേന്ദ്രങ്ങള്‍ ശേഖരിച്ച 17 വര്‍ഷത്തെ ഡേറ്റയാണ് ഗവേഷകര്‍ പരിശോധിച്ചത്.
'മാച്ച്ഡ്-ഫില്‍ട്ടര്‍ ഡിറ്റക്ഷന്‍' എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സാധാരണ നിരീക്ഷണങ്ങളില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന 1,399 ചെറുഭൂചലനങ്ങളാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
ഈ ഭൂചലനങ്ങള്‍ സ്വാഭാവികമായി ഉണ്ടായതാണോ എന്ന് പരിശോധിക്കുന്നതിനായി മന്താപ് മേഖലയിലെ ചരിത്രപരമായ ഭൂചലന രേഖകളും ഗവേഷകര്‍ പരിശോധിച്ചു. നൂറുകണക്കിന് വര്‍ഷങ്ങളിലേക്ക് പിന്നോട്ടുപോയിട്ടും ഈ പ്രദേശത്ത് കാര്യമായ ഭൂചലനങ്ങളുടെ രേഖകള്‍ കണ്ടെത്താനായില്ല.
1810ല്‍ പ്രദേശത്തുനിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ ഉണ്ടായ 6.7 തീവ്രതയുള്ള ഭൂചലനമാണ് പ്രധാനപ്പെട്ട ചരിത്ര രേഖകളിലൊന്ന്. 2013ലെ ആണവപരീക്ഷണത്തിന് ശേഷം ചില പ്രാദേശിക ഭൂചലനങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
2017 സെപ്റ്റംബര്‍ 23നാണ് മന്താപ് മേഖലയിലെ ഈ ദീര്‍ഘകാല നിശ്ശബ്ദതയ്ക്ക് വിരാമമായത്. തുടര്‍ന്നുള്ള മാസങ്ങളില്‍ നിരവധി ഭൂചലനങ്ങള്‍ രേഖപ്പെട്ടു. ഇവയുടെ തീവ്രത കുറയുന്നതിനുപകരം ക്രമേണ വര്‍ധിക്കുകയും ചെയ്തു.
രേഖപ്പെടുത്തിയ ഭൂചലനങ്ങളില്‍ 955 എണ്ണത്തിന്റെ കൃത്യമായ സ്ഥാനം ഗവേഷകര്‍ നിര്‍ണയിച്ചു. ഇവ ആണവപരീക്ഷണ കേന്ദ്രത്തില്‍നിന്ന് വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീളുന്ന, ഏകദേശം സമാന്തരമായ രണ്ട് ഭൂഗര്‍ഭ ഘടനകളുടെ സാന്നിധ്യം വ്യക്തമാക്കുന്നതായിരുന്നു.
ഇത് ആണവപരീക്ഷണങ്ങള്‍ ഭൂവല്‍ക്കത്തിലെ നേരത്തെ നിലനിന്നിരുന്ന ദുര്‍ബല മേഖലകളെ സജീവമാക്കിയിരിക്കാമെന്ന നിഗമനത്തിലേക്ക് ഗവേഷകരെ നയിച്ചു.
അവസാന ആണവപരീക്ഷണത്തിന് വര്‍ഷങ്ങള്‍ക്കുശേഷവും ഭൂചലനങ്ങള്‍ തുടര്‍ന്നതിന്റെ കാരണം വിശദീകരിക്കുമ്പോള്‍, ആവര്‍ത്തിച്ചുള്ള ആണവപരീക്ഷണങ്ങള്‍ ഇതിനകം തന്നെ തകര്‍ച്ചയുടെ വക്കിലായിരുന്ന, ഘടനാപരമായി ഏകതാനമല്ലാത്ത ഭൂവല്‍ക്കത്തിലെ യാന്ത്രിക സന്തുലിതാവസ്ഥയില്‍ മാറ്റം വരുത്തിയിരിക്കാമെന്നാണ് ഗവേഷക സംഘത്തിന്റെ വിലയിരുത്തല്‍.
തുടര്‍ച്ചയായ ആണവ സ്‌ഫോടനങ്ങള്‍ ഭൂഗര്‍ഭ പാറകളില്‍ സഞ്ചിതമായ സമ്മര്‍ദത്തില്‍ ക്രമേണ മാറ്റങ്ങള്‍ വരുത്തിയതായാണ് ഗവേഷകരുടെ അനുമാനം. ഇതിന്റെ ഫലമായി ആണവപരീക്ഷണ കേന്ദ്രത്തില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളിലും ഭൂചലനങ്ങള്‍ ഉണ്ടായേക്കാമെന്നും വര്‍ഷങ്ങള്‍ക്കുശേഷം ഇവയുടെ തീവ്രത വര്‍ധിക്കാമെന്നും പഠനം സൂചിപ്പിക്കുന്നു.
മന്താപ് പര്‍വതത്തിന്റെ ഭൂപ്രകൃതിയും ഇതിനകം ഭൂവല്‍ക്കത്തില്‍ നിലനിന്നിരുന്ന സമ്മര്‍ദങ്ങളില്‍ വ്യത്യാസങ്ങള്‍ സൃഷ്ടിച്ചിരിക്കാമെന്ന് കിം പറഞ്ഞു.
സൈദ്ധാന്തികമായി, ഈ പ്രക്രിയ ഏകദേശം 6.4 തീവ്രതയുള്ള ഭൂചലനത്തിന് കാരണമാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇത് നിലവില്‍ ഒരു സൈദ്ധാന്തിക അനുമാനം മാത്രമാണ്, പ്രവചനം അല്ല.
ഭൂഗര്‍ഭ ആണവപരീക്ഷണങ്ങള്‍ ഭൂമിശാസ്ത്രപരവും ടെക്‌റ്റോണിക് ഘടനകളിലും ഉണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ കാലയളവിലെ പഠനങ്ങള്‍ ആവശ്യമാണെന്നാണ് ഗവേഷകരുടെ നിഗമനം. സ്വാഭാവികമായി സംഭവിക്കുന്ന ഭൂചലനവും ആണവപരീക്ഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന ഭൂചലനവും തമ്മില്‍ കൃത്യമായി വേര്‍തിരിച്ചറിയുന്നതാണ് പ്രധാന വെല്ലുവിളിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
