ഇമ്രാൻ ഖാന്റെ മോചനത്തിനായി പിടിഐ മാർച്ച്; സഹോദരി അലീമ ഖാൻ അറസ്റ്റിൽ, 30 ദിവസത്തെ തടങ്കൽ

ഇമ്രാൻ ഖാന്റെ മോചനത്തിനായി പിടിഐ മാർച്ച്; സഹോദരി അലീമ ഖാൻ അറസ്റ്റിൽ, 30 ദിവസത്തെ തടങ്കൽ


ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനെ ലാഹോറിലെ വസതിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 27ന് ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ആസൂത്രണം ചെയ്ത മാർച്ചിന് മുന്നോടിയായാണ് നടപടി. അലീമയെ 30 ദിവസത്തേക്ക് തടങ്കലിൽ വയ്ക്കാൻ ലാഹോർ ജില്ലാ ഭരണകൂടം ഉത്തരവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. 

പൊതുവേദികളിലെ അലീമ ഖാന്റെ സാന്നിധ്യം സുരക്ഷയ്ക്ക് ഭീഷണിയാകാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തടങ്കൽ ഉത്തരവെന്ന് ലാഹോർ ജില്ലാ ഭരണകൂടം വിശദീകരിച്ചു. മെയിന്റനൻസ് ഓഫ് പബ്ലിക് ഓർഡർ നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് നടപടിയെന്നും റിപ്പോർട്ടുണ്ട്. അറസ്റ്റിന് പിന്നാലെ അവരെ കോട് ലഖ്പത് ജയിലിലേക്ക് മാറ്റി. ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ടാണ് പിടിഐ സെപ്റ്റംബർ 27ന് ഇസ്‌ലാമാബാദിലേക്ക് മാർച്ച് നടത്തുന്നത്. മാർച്ചിന് മുന്നോടിയായി തലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിടിഐ പ്രവർത്തകരെ നിരീക്ഷിക്കുന്നതിനും പ്രതിഷേധം നിയന്ത്രിക്കുന്നതിനുമുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

അതേസമയം, മാർച്ച് തടയാൻ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. പിടിഐയുടെ പ്രതിഷേധം പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഇസ്‌ലാമാബാദ് ഹൈക്കോടതിയും സെപ്റ്റംബർ 27ലെ നിർദിഷ്ട പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ നിരീക്ഷണം നടത്തിയിരുന്നു.