വിലക്കിനെതിരെ നിയമനടപടിക്ക് ഒരുങ്ങി മാധ്യമ സ്ഥാപനങ്ങള്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ സി എന്‍ എന്‍, എം എസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൈറ്റ് ഹൗസ് പരിസരത്ത് പ്രവേശനം നിഷേധിച്ചു. വെള്ളിയാഴ്ച ട്രംപ് മൂന്ന് മാധ്യമസ്ഥാപനങ്ങളെയും വൈറ്റ് ഹൗസില്‍ നിന്ന് വിലക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച നടപടി നടപ്പാക്കിയത്. മാധ്യമ പ്രവര്‍ത്തകരുടെ പ്രസ് പാസുകള്‍ നിര്‍ജീവമാക്കുകയും ചിലരുടെ പാസുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു.
വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍മാരായ സി എന്‍ എന്നിന്റെ ബെറ്റ്‌സി ക്ലീനും എം എസ് നൗയുടെ അക്കൈല ഗാര്‍ഡ്‌നറും പ്രവേശനം നിഷേധിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. പൊളിറ്റിക്കോയുടെ വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍ ഷെയന്‍ ഹാസ്ലറ്റിനും പ്രവേശനം നിഷേധിക്കുകയും പ്രസ് പാസ് പിടിച്ചെടുക്കുകയും ചെയ്തു.
വിലക്കിനെതിരെ മൂന്ന് മാധ്യമ സ്ഥാപനങ്ങളും രംഗത്തെത്തി. അമേരിക്കന്‍ ഭരണഘടനയിലെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവകാശങ്ങളുടെ ലംഘനമാണ് നടപടിയെന്ന് സി എന്‍ എന്‍ വ്യക്തമാക്കി. വൈറ്റ് ഹൗസ് പ്രവേശനം തടഞ്ഞാലും അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിംഗ് തുടരുമെന്നും സ്ഥാപനം അറിയിച്ചു.
വൈറ്റ് ഹൗസ് അമേരിക്കന്‍ ജനങ്ങളുടേതാണെന്നും അവിടെ നടക്കുന്ന തീരുമാനങ്ങള്‍ക്ക് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നുണ്ടെന്നും എം എസ് നൗ പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തനത്തിന്റെയും ഭരണകൂടത്തെക്കുറിച്ചുള്ള സ്വതന്ത്ര റിപ്പോര്‍ട്ടിംഗിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സ്ഥാപനം അറിയിച്ചു.
വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് സി എന്‍ എന്‍, എം എസ് നൗ പൊളിറ്റിക്കോ എന്നിവയെ വൈറ്റ് ഹൗസില്‍ നിന്ന് വിലക്കുന്നതായി പ്രഖ്യാപിച്ചത്. മാധ്യമങ്ങള്‍ പ്രസിഡന്റിനെക്കുറിച്ച് നിരന്തരം വ്യാജ വാര്‍ത്തകളും കെട്ടിച്ചമച്ച വിവരങ്ങളും റിപ്പോര്‍ട്ട് ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ വിലക്കിന് കാരണമായ പ്രത്യേക റിപ്പോര്‍ട്ടുകളൊന്നും ട്രംപ് ചൂണ്ടിക്കാട്ടിയില്ല.
വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിലുള്ള ട്രംപിന്റെ ദീര്‍ഘകാല തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി. ട്രംപിന്റെ ആദ്യ ഭരണകാലത്തും സി എന്‍ എന്‍ റിപ്പോര്‍ട്ടര്‍ ജിം അക്കോസ്റ്റയ്ക്ക് വൈറ്റ് ഹൗസില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കോടതി ഇടപെട്ട് ആ തീരുമാനം മാറ്റിയിരുന്നു.
ട്രംപിന്റെ രണ്ടാം ഭരണകാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൈറ്റ് ഹൗസിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ലഭിക്കുന്ന പ്രവേശനം സംബന്ധിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
