മോസ്‌കോ: റഷ്യയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്‌കോ മേഖലയ്ക്ക് നേരെയുണ്ടായ വന്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോസ്‌കോയിലെ പ്രധാന എണ്ണ ശുദ്ധീകരണശാലയിലും ഡ്രോണുകള്‍ പതിച്ചതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
മോസ്‌കോ മേയര്‍ സെര്‍ഗെയ് സൊബ്യാനിന്‍ പറയുന്നതനുസരിച്ച് റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ 1,600ലേറെ ഡ്രോണുകള്‍ തകര്‍ത്തു. ഇതില്‍ 450 എണ്ണം മോസ്‌കോ ലക്ഷ്യമിട്ടെത്തിയവയായിരുന്നു. ആക്രമണം തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് സൊബ്യാനിന്‍ ആരോപിച്ചു. എന്നാല്‍ റഷ്യന്‍ അധികൃതരുടെ ഈ ആരോപണത്തോട് യുക്രെയ്ന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മോസ്‌കോയിലെ കപോട്‌ന്യ മേഖലയിലുള്ള എണ്ണശുദ്ധീകരണശാലയുടെ പ്രദേശത്ത് നിരവധി ഡ്രോണുകള്‍ എത്തിയതായി സൊബ്യാനിന്‍ പറഞ്ഞു. ശുദ്ധീകരണശാലയിലെ ഒരു വിഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലും ഡ്രോണ്‍ പതിച്ചെങ്കിലും ഇവിടെ ആളപായമുണ്ടായിട്ടില്ല.
മോസ്‌കോ മേഖലയിലെ റമെന്‍സ്‌കി ജില്ലയില്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് 21 നിലകളുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നിന്ന് 400 പേരെ ഒഴിപ്പിച്ചു. ഇവരില്‍ 70 കുട്ടികളുമുണ്ടായിരുന്നു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മോസ്‌കോ മേഖല ഗവര്‍ണര്‍ ആന്ദ്രെയ് വൊറോബ്യോവ് അറിയിച്ചു.
സോഫിനോയില്‍ മൂന്ന് നിലകളുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ച് 44കാരിയായ സ്ത്രീ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഒറേഖോവോ- സുവേവോ ജില്ലയില്‍ ഒരു വയോധികനും കൊല്ലപ്പെട്ടു. ലെനിന്‍സ്‌കി ജില്ലയില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
2024ല്‍ മോസ്‌കോ എണ്ണശുദ്ധീകരണശാല 1.16 കോടി ടണ്‍ ക്രൂഡ് ഓയില്‍ സംസ്‌കരിച്ചിരുന്നു. ഇതില്‍നിന്ന് 29 ലക്ഷം ടണ്‍ പെട്രോളും 32 ലക്ഷം ടണ്‍ ഡീസലും ഉത്പാദിപ്പിച്ചതായാണ് ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍. നേരത്തെയും ശുദ്ധീകരണശാല ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
റഷ്യയുടെ എണ്ണ സംസ്‌കരണ ശേഷിയുടെ ഒരു പ്രധാന ഭാഗത്തെ യുക്രെയ്ന്‍ ആക്രമണങ്ങള്‍ ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുമൂലം ചില മേഖലകളില്‍ ഇന്ധനക്ഷാമവും വിലവര്‍ധനയും പെട്രോള്‍ പമ്പുകളിലെ നീണ്ട നിരകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റഷ്യയും യുക്രെയ്നും പരസ്പരം ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം സിവിലിയന്‍മാരെ ലക്ഷ്യമിടുന്നില്ലെന്നാണ് പറയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ന്‍ ഏറ്റെടുത്തിട്ടില്ല.
