കവിയും അധ്യാപകനുമായ പ്രൊഫ. കെഎസ് റെക്‌സ് അന്തരിച്ചു

കവിയും അധ്യാപകനുമായ പ്രൊഫ. കെഎസ് റെക്‌സ് അന്തരിച്ചു

കൊച്ചി: കവിയും അധ്യാപകനും എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും മലയാളവിഭാഗം തലവനും മണിമലക്കുന്ന് കോളേജിലെ പ്രിന്‍സിപ്പലുമായിരുന്ന ഇ എസ് ഐ റോഡില്‍ \'കണ്ണേങ്കരി\' പ്രൊഫ. കെ എസ് റെക്‌സ് (84) അന്തരിച്ചു. ദീര്‍ഘ കാലമായി കിടപ്പ് രോഗി ആയിരുന്നു. സംസ്‌കാരം എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാന്‍സീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. 1939 ഡിസംബര്‍ 1ന് കുമ്പളങ്ങിയിലാണ് അദ്ദേഹം ജനിച്ചത്. കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ്, എറണാകുളം സെന്റ് ആല്‍ബര്‍ട്സ് എന്നീ സ്‌കൂളുകളിലും മഹാരാജാസ് കോളെജിലുമായി വിദ്യാഭ്യാസം നടത്തി. സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വാഹ സമതി അംഗവും കവിസമാജത്തിന്റെ കാര്യദര്‍ശിയായിരുന്നു. തീര്‍ത്ഥത്തിന് 1991-ലെ ക്രൈസ്തവ സാഹിത്യ അക്കാദമി അവാര്‍ഡും ഐഷീകത്തിന് 1992ലെ ചങ്ങമ്പുഴ അവാര്‍ഡും ലഭിച്ചു. ഞായറാഴ്ചക്കവിതകള്‍ 3-ാം ഭാഗത്തിന് 1995ലെ കെ സി ബി സി അവാര്‍ഡ് നേടി. സമഗ്ര കാവ്യസംഭാവനകളെ മാനിച്ച് 1999ലെ വാമദേവന്‍ അവാര്‍ഡിന് അര്‍ഹനായി. ഞായറാഴ്ചക്കവിതകള്‍ 5-ാം ഭാഗത്തിന് 2002ലെ മേരിവിജയം അവാര്‍ഡും 2005-ല്‍ വെണ്മണി അവാര്‍ഡും ലഭിച്ചു. 2010-ല്‍ സമഗ്ര സാഹിത്യസംഭാവനകളെ പുരസ്‌ക്കരിച്ച് കേരളകവിസമാജം \'പ്രശസ്തിഫലകം\' നല്കുകയുണ്ടായി. വിന്നിയാണ് ഭാര്യ. സോണിയ, സാലിയ എന്നിവര്‍ മക്കളും രാജു ജോസഫ്, ഡമിയാനോസ് ബാബു എന്നിവര്‍ മരുമക്കളുമാണ്. പ്രൊഫ. എം കെ സാനുവും മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് സി ഐ സി സി ജയചന്ദ്രനും ഉള്‍പ്പെടെ നിരവധി പേര്‍ വസതിയില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.