സ്റ്റാഫോര്‍ഡ്: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ചെസ്സ് കളിയില്‍ അഭിനിവേശമുള്ള യുവമനസ്സുകളെ ഒന്നിപ്പിച്ചുകൊണ്ട് ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കേരളാ ഹൗസില്‍ നടന്ന മത്സരത്തില്‍ വിവിധ പ്രായ വിഭാഗങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ തന്ത്രപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിലും സൗഹൃദ മത്സരത്തില്‍ ഏര്‍പ്പെടുന്നതിലും മികവ് പുലര്‍ത്തി. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അവരുടെ ചെസ്സ് കഴിവ് പ്രകടിപ്പിക്കാനുള്ള മികച്ച വേദിയാണ് ടൂര്‍ണമെന്റ് ഒരുക്കിയത്. ചീഫ് ടൂര്‍ണമെന്റ് ഡയറക്ടര്‍ ചക്ക് ഹിങ്കിള്‍, സോണി പോര്‍ക്കാട്ടില്‍ ജെയിംസ് എന്നിവരുടെ നിരീക്ഷണത്തില്‍ മത്സരം സുഗമമായി നടന്നു. ടൂര്‍ണമെന്റിനെ മൂന്ന് പ്രായ ഗ്രൂപ്പുകളായി തിരിച്ചിരുന്നു. ഓരോ മത്സരവും തീവ്രമായ കരുനീക്കങ്ങള്‍ക്കും തന്ത്രപരമായ ഗെയിം പ്ലേകള്‍ക്കും സാക്ഷ്യം വഹിച്ചു. കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ തേര്‍ഡ് ഗ്രേഡ് വരെയുള്ള വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ നേഹ തെരേസയും രണ്ടാം സമ്മാനം റിയ മുണ്ടയ്ക്കലും കരസ്ഥമാക്കി. നാലു മുതല്‍ എട്ടു വരെയുള്ള വിഭാഗത്തില്‍ അലന്‍ പോര്‍ക്കാട്ടില്‍ സോണി ഒന്നാം സ്ഥാനവും ഹെയ്ഡന്‍ ജോസഫ് സാവിയോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്‍പത് മുതല്‍ 12 വരെയുള്ള വിഭാഗത്തില്‍ പങ്കെടുത്ത മുതിര്‍ന്നവര്‍ക്ക് സിജി ജെസക്കിയേല്‍ ഒന്നാം സമ്മാനവും ഫെലിക്‌സ് മാത്യു രണ്ടാം സമ്മാനവും നേടി. മുഖ്യാതിഥിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്റ് എഡിറ്ററുമായ അനില്‍ അടൂരിന്റെ സാന്നിധ്യത്തില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങോടെയാണ് പരിപാടിയുടെ സമാപനം. ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേല്‍ മത്സരത്തില്‍ പങ്കെടുത്തവരെ പ്രചോദിപ്പിക്കുകയും അവരുടെ നേട്ടങ്ങള്‍ അംഗീകരിച്ചുകൊണ്ട് സംസാരിക്കയും ചെയ്തു. വിശിഷ്ടതിഥികളുടെ സാന്നിധ്യം പരിപാടിയുടെ യശസ്സ് വര്‍ധിപ്പിച്ചു. മാഗ് ചെസ്സ് ടൂര്‍ണമെന്റ് കുട്ടികളുടെ ബൗദ്ധികവും തന്ത്രപരവുമായ കഴിവ് പ്രകടിപ്പിക്കുക മാത്രമല്ല, കുട്ടികള്‍ക്കിടയില്‍ ഒരു സാമൂഹിക ബോധവും സൗഹൃദവും വളര്‍ത്തുകയും ചെയ്തു. യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിനുള്ളില്‍ സാംസ്‌കാരികവും ബൗദ്ധികവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാഗിന്റെന്റെ പ്രതിബദ്ധതയുടെ തെളിവായി ഇത്തരം പരിപാടികള്‍ നിലനില്‍ക്കുന്നു. പെറി ഹോംസ് സെയില്‍സ് കോണ്‍സള്‍റ്റന്റ് സന്ദീപ് തേവര്‍വള്ളില്‍, ജോയല്‍ ആന്റ് മാത്യൂസ് റിയാലിറ്റി മാത്യൂസ് മുണ്ടയ്ക്കല്‍, നേര്‍കാഴ്ച ന്യൂസ്, ഇമാജിന്‍ വെഡിങ്‌സ് സുബിന്‍ കുമാരന്‍ എന്നിവര്‍ പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാര്‍ ആയിരുന്നു.
മാഗ് ചെസ്സ് ടൂര്‍ണമെന്റ് നടത്തി