ദൈവകൃപയുടെ ഒരു പതിറ്റാണ്ട്: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ-മലബാര്‍ ഫൊറോനാ ദേവാലയം 10-ാം വാര്‍ഷിക നിറവില്‍

ദൈവകൃപയുടെ ഒരു പതിറ്റാണ്ട്: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ-മലബാര്‍ ഫൊറോനാ ദേവാലയം 10-ാം വാര്‍ഷിക നിറവില്‍


സോമര്‍സെറ്റ്: സോമര്‍സെറ്റിലെ സെന്റ് തോമസ് സീറോ-മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയം ഇടവകയുടെ 10-ാം വാര്‍ഷികം ജൂലൈ 11-ന് ആഘോഷിക്കുന്നു. ഈ ചരിത്രനിമിഷത്തില്‍ ഇടവകാംഗങ്ങള്‍ ഒന്നിച്ച് ദൈവത്തിന് നന്ദി അര്‍പ്പിക്കാന്‍ ഒത്തുചേരുന്നു. വിശുദ്ധ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഇടവകയുടെ പുതിയ വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലീശ്ശേരി എല്ലാ ഇടവകാംഗങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു.

ജൂലൈ 11-ന് വൈകുന്നേരം 7:30-ന് ബിഷപ്പ് എമറിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആഘോഷമായ കൃതജ്ഞതാബലി അര്‍പ്പിക്കും. ഇടവകയുടെ സ്ഥാപക വികാരിയായ ഫാ. തോമസ് കടുകപ്പിള്ളിയും നിലവിലെ വികാരി ഫാ. ജോണിക്കുട്ടി പുലീശ്ശേരിയും സഹകാര്‍മികത്വം വഹിക്കും. വിശുദ്ധ ദിവ്യബലിക്ക് ശേഷം, ഇടവകാംഗങ്ങള്‍ക്കായി സ്‌നേഹവിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഇത് സമൂഹത്തിന്റെ ഐക്യവും സഹോദര്യവും പ്രകടമാക്കും.

ഇടവകയുടെ വളര്‍ച്ച: ഒരു തിരിഞ്ഞുനോട്ടം

ഫാ. ഫിലിപ്പ് വടക്കേക്കരയുടെ നേതൃത്വത്തില്‍ 2000-ല്‍ 15 കുടുംബങ്ങളാല്‍ മില്‍ടൗണിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് പള്ളിയില്‍ മാസത്തിലൊരിക്കല്‍ വിശുദ്ധ കുര്‍ബാനയോടെ പുതിയ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. തോമസ് പെരുനിലവും എല്ലാവിധ സഹായസഹകരങ്ങളും നല്‍കി. 2004 ജനുവരിയില്‍ ഈസ്റ്റ് മില്‍സ്റ്റോണിലെ താല്‍ക്കാലിക ദൈവാലയത്തിലേക്ക് മാറിയ ഇടവക, പ്രതിവാര കുര്‍ബാന ആരംഭിച്ചു. 2006-ല്‍, സമൂഹം ഒന്നിച്ച് ഈസ്റ്റ് മില്‍സ്റ്റോണില്‍ പള്ളിയും റെക്ടറി കെട്ടിടങ്ങളും വാങ്ങി, ഒരു ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്കരിച്ചു. 2006 ഡിസംബറില്‍ മിഷന്‍ ഇടവകയാക്കി ഉയര്‍ത്തി തോമസ് കാടുകപ്പിള്ളി അച്ചനെ ഇടവക വികാരിയാക്കി നിയമിച്ചു. പുതുതായി കടന്നു വരുന്ന കുടുംബാംഗങ്ങളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങളുടെ അഭാവം എത്രയും പെട്ടെന്ന് ഒരു പുതിയദേവാലയം എന്ന ആശയത്തിലേക്ക് ഇടവകാംഗങ്ങള്‍ എത്തിച്ചേര്‍ന്നു. വികാരി അച്ചന്റെ നേതൃത്വത്തില്‍ ഒരു ബില്‍ഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും മൂന്നു വര്‍ഷത്തെ കൂട്ടായ കഠിന പ്രയഗ്‌നത്താല്‍ 2009 ഡിസംബര്‍ 6-ന് പുതിയ ദൈവാലയും നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2010 ജനുവരി ഒന്നിന് പുതിയ ദൈവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2013 ജൂലൈ 14-ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശിലാശീര്‍വാദകര്‍മ്മം നിര്‍വഹിച്ചു.

2015 ജൂലൈ 11-ന് രാവിലെ 9 മണിക്ക് 600-ലധികം വിശ്വാസികള്‍ക്ക് ആരാധന അര്‍പ്പിക്കാന്‍ സൗകര്യമുള്ള മനോഹരമായ പുതിയ ദേവാലയം ഷിക്കാഗോ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കൂദാശ ചെയ്ത് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു.

ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പിന്റെ ഹൃദയഭാഗത്ത് 600 -ലധികം ആളുകള്‍ക്ക് ആരാധന നടത്താന്‍ സൗകര്യമുള്ള ഈ ദേവാലയം ആയിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാളും 10-ലധികം സിസിഡി ക്ലാസ് മുറികളും 150-ലധികം കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുന്ന ഒരു ആധുനിക കെട്ടിടസമുച്ചയമായി നിലകൊള്ളുന്നു.

ഇന്ന്, ഏകദേശം 125-ല്‍ നിന്ന് 350-ലധികം കുടുംബങ്ങളായി ഇടവക വളന്നുകൊണ്ടിരിക്കുന്നു.

വികാരിമാര്‍: ഒരു പൈതൃകം

ഫാ. തോമസ് കടുകപ്പിള്ളില്‍ (2006- 2016): ഇടവകയുടെ ആദ്യ വികാരിയും ഇടവകയെ  ആത്മീയ അടിത്തറ സ്ഥാപിച്ചുകൊണ്ട് സുശക്തമായ ഒരു സമൂഹമാക്കിമാറ്റി.

ഫാ. ലിഗോറി പി. കട്ടിയകാരന്‍ (2016-2020): ഇടവകയുടെ വളര്‍ച്ച ത്വരിതപ്പെടുത്തി.

ഫാ. ആന്റണി പുല്ലുകാട്ട് സേവ്യര്‍ (2020-2025): സമൂഹ ബന്ധങ്ങള്‍ ശക്തിപ്പെടുത്തികൊണ്ട് ഇടവകയെ മുന്നോട്ട് നയിച്ചു.

ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലീശ്ശേരി (2025നിലവില്‍): ജൂലൈ ഒന്നിന് ഇടവകയുടെ പുതിയ വികാരിയായി നിയമിതനായി. ഇടവകയെ വളര്‍ച്ചയുടെ പുതിയ അധ്യായത്തിലേക്ക് നയിക്കുന്നതിനു പുറമെ, ആഴമുള്ള ആത്മീയതയുടെ പാത തെളിയിച്ചു കൊണ്ട് മുന്നോട്ട് നയിക്കുന്നു

ഐക്യത്തിന്റെ ശക്തി

ഈ ഇടവകയുടെ ശക്തി അതിന്റെ അംഗങ്ങളുടെ ഐക്യവും സഹകരണവുമാണ്. പുതിയതായി എത്തുന്ന കുടുംബങ്ങള്‍ ഈ പിന്തുണാ ശൃംഖലയില്‍ തുടര്‍ച്ചയായി പങ്കാളികളാകുന്നു.

ആഘോഷങ്ങളും സാംസ്‌കാരിക പൈതൃകവും

ക്രിസ്മസ്, ഈസ്റ്റര്‍, സെന്റ് തോമസിന്റെ തിരുനാള്‍ എന്നീ ആഘോഷ വേളകളില്‍  ദേവാലയം ശേഷിയിലധികം കവിഞ്ഞ് നിറയുന്നു. യുവജനങ്ങളുടെയും കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ ഈ ആഘോഷങ്ങളെ ഉജ്ജ്വലമാക്കുന്നു. 325-ലധികം വിദ്യാര്‍ഥികള്‍ക്ക് സിസിഡി ക്ലാസുകള്‍ വിശ്വാസ പരിശീലനം നല്‍കുന്നു. സീറോ-മലബാര്‍ അക്കാദമി, മലയാളം, ശാസ്ത്രീയ നൃത്തം, യോഗ, കായിക പരിശീലങ്ങള്‍ തുടങ്ങിയ ക്ലാസുകളിലൂടെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വളര്‍ത്തുന്നു. 200-ല്‍ അധികം വിദ്യാര്‍ഥികള്‍ ഈ ക്ലാസുകളില്‍ പങ്കെടുക്കുന്നു.

സമൂഹ പ്രവര്‍ത്തനങ്ങള്‍

വാര്‍ഷിക ഫാമിലി നൈറ്റ്, തീര്‍ഥാടനം, സ്‌പോര്‍ട്‌സ്,  ഇടവക പിക്‌നിക് എന്നിവ സമൂഹ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഇടവകയെ ഒമ്പത് പ്രാദേശിക വാര്‍ഡുകളായി തിരിച്ചിരിക്കുന്നു. ഇത് ദ്വൈമാസ മീറ്റിംഗുകളിലൂടെ വിശ്വാസ യാത്ര പങ്കിടാന്‍ അംഗങ്ങളെ സഹായിക്കുന്നു. ഈ വാര്‍ഡുകള്‍ ഇടവക കൗണ്‍സിലിലേക്ക് പ്രതിനിധികളെ അയക്കുന്നു. ജോസഫ് ഫാദേഴ്‌സ്, മരിയന്‍ മദേഴ്സ്, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, ചെറുപുഷ്പ മിഷന്‍ ലീഗ്, യൂത്ത് ഗ്രൂപ്പ്, അള്‍ത്താര്‍ സര്‍വീസ് ഗ്രൂപ്പ്, പ്രയര്‍ ഗ്രൂപ്പ്, ചര്‍ച്ച് കോയര്‍, നൈറ്റ് ഓഫ് കൊളംബസ്, മറ്റ് പയസ് അസോസിയേഷന്‍  തുടങ്ങിയ ഭക്തി സംഘടനകള്‍ ഇടവകയുടെ ആത്മീയ ജീവിതത്തെ സമ്പന്നമാക്കുന്നു. പ്രകൃതി സംരക്ഷണത്തിന് ഊന്നല്‍ കൊടുക്കുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ ഉതകുന്ന പരിപാടികളും നടത്തപ്പെടുന്നു. മാലിന്യ പുനര്‍സംസ്‌കരണം, ഓര്‍ഗാനിക് ഫാമിങ്, സൗരോര്‍ജ്ജ പദ്ധതികള്‍ എന്നിവ ഇതില്‍ ചിലതു മാത്രം.

ഒരു വിശ്വാസ സമൂഹത്തിന്റെ മാതൃക

സെന്റ് തോമസ് സീറോ-മലബാര്‍ ഫൊറോനാ ദേവാലയം, ക്രിസ്തീയ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃകയാണ്. ഒന്നാം നൂറ്റാണ്ടിലെ അപ്പോസ്‌തോലിക ക്രിസ്ത്യാനികളെ അനുസ്മരിപ്പിക്കുന്ന ഈ ഇടവക, കുടുംബങ്ങളെ ഒരു വിപുലമായ കുടുംബമായി കണക്കാക്കുന്നു. ഈ 10-ാം വാര്‍ഷികത്തില്‍, ഈ സ്‌നേഹവും കൂട്ടായ്മയും തുടരാന്‍ ഇടവകാംഗങ്ങള്‍ ഒന്നായി പരിശ്രമിക്കുകയും പ്രാര്‍ഥിക്കുകായും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബോബി വര്‍ഗീസ് (ട്രസ്റ്റി): 201-927-2254

റോബിന്‍ ജോര്‍ജ് (ട്രസ്റ്റി): 848-391-6535

സുനില്‍ ജോസ് (ട്രസ്റ്റി): 732-421-7578

ലാസര്‍ ജോയ് വെള്ളാറ (ട്രസ്റ്റി): 201-527-8081