ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തരമായ ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാറിന്റെ ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. യമന്‍ പൗരനെ വധിച്ച കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ കാണുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
നിയമപ്രശ്‌നം എന്നതിനേക്കാള്‍ മാനുഷികമായ പ്രതിസന്ധിയെന്ന നിലയില്‍ വിഷയം കൈകാര്യം ചെയ്യണമെന്നും അടിയന്തരമായി ഉന്നതതല നയതന്ത്ര ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ദീര്‍ഘകാല നയതന്ത്ര മികവും ധാര്‍മിക നേതൃത്വവും ഉപയോഗപ്പെടുത്തി അര്‍ഥവത്തായ പ്രവര്‍ത്തനങ്ങള്‍ നടത്താനും വധശിക്ഷ നിര്‍ത്തിവെപ്പിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഔദ്യോഗിക പിന്തുണയും ചര്‍ച്ചകളും വഴി ദിയ ധനം കൈമാറാനുള്ള വഴിയുണ്ടാക്കണമെന്നും പ്രൊഫ. കെ വി തോമസ് അഭ്യര്‍ഥിച്ചു. മുഴുവന്‍ തുകയും വേഗത്തില്‍ കൈമാറുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വിശദമാക്കി.