വെടി നിര്‍ത്തല്‍ ബന്ദി മോചനം കരാറിലെത്താനാവുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി

വെടി നിര്‍ത്തല്‍ ബന്ദി മോചനം കരാറിലെത്താനാവുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി


ജറുസലേം: ഗാസയില്‍ വെടിനിര്‍ത്തല്‍, ബന്ദികളെ വിട്ടയക്കല്‍ കരാര്‍ എന്നിവയിലെത്താനാവുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധിച്ചാല്‍ ശത്രുതയ്ക്ക് സ്ഥിരമായ അന്ത്യം കുറിക്കാന്‍ ഇസ്രായേല്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബന്ദിയാക്കല്‍ കരാറിലും വെടിനിര്‍ത്തലിലും എത്തിച്ചേരാന്‍ ഇസ്രായേല്‍ ഗൗരവമായി ആഗ്രഹിക്കുന്നതായും അത് കൈവരിക്കാനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ സ്ലൊവാക്യന്‍ വിദേശകാര്യ മന്ത്രിയുമായി ബ്രാറ്റിസ്ലാവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹമാസിനെ ഇല്ലാതാക്കുന്നതു വരെ ഗാസ യുദ്ധം അവസാനിപ്പിക്കില്ലെന്നും ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ലെന്നുമാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. 

ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ ഖത്തറിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ഗാസയിലെ ബന്ദികളുടെ പകുതിയോളം പേരെ മോചിപ്പിക്കുന്നതിന് പകരമായി 60 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കും. 

ഇസ്രായേലും ഹമാസും തമ്മിലുള്ള പരോക്ഷ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഈ ആഴ്ച ദോഹയില്‍ നടക്കുന്നുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തില്‍ ഇസ്രായേലും യു എസും കരാറിലെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

ഹമാസ് ഇപ്പോഴും നമ്മുടെ 50 ബന്ദികളെ കൈവശം വച്ചിരിക്കുന്നുവെന്നും ഹമാസ് അവരെ വിട്ടയച്ച് ആയുധങ്ങള്‍ താഴെ വച്ചാല്‍ യുദ്ധം 'നാളെ അവസാനിക്കും' എന്നും സാര്‍ ഊന്നിപ്പറഞ്ഞു.

ഇസ്രായേല്‍ യുദ്ധം അര്‍ഥശൂന്യമായി നീട്ടിക്കൊണ്ടുപോകുന്നുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു, തങ്ങളുടെ യുദ്ധലക്ഷ്യങ്ങളില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പക്ഷേ യുദ്ധം തങ്ങളുടെ ലക്ഷ്യമല്ലെന്നും നയതന്ത്ര മാര്‍ഗങ്ങളിലൂടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് എപ്പോഴും ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം ആരംഭിക്കുന്നതിന് മാത്രമല്ല, അതിന്റെ തുടര്‍ച്ചയ്ക്കും ഹമാസാണ് ഉത്തരവാദിയെന്നും മന്ത്രി കുറ്റപ്പെടുത്തി.