യൂറോപ്പില്‍ ഉഷ്ണതരംഗം രൂക്ഷം; പത്തുദിവസത്തിനിടെ മരിച്ചത് 2300 പേര്‍

യൂറോപ്പില്‍ ഉഷ്ണതരംഗം രൂക്ഷം; പത്തുദിവസത്തിനിടെ മരിച്ചത് 2300 പേര്‍


ലണ്ടന്‍: യൂറോപ്പില്‍ ഉഷ്ണതരംഗം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസത്തിനിടെ 2300 പേര്‍ മരിച്ചു. 12 യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നുള്ള കണക്കാണിത്. ജൂലൈ രണ്ടിന് അവസാനിച്ച 10 ദിവസത്തെ ശാസ്ത്രീയ അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇംപീരിയല്‍ കോളജ് ലണ്ടന്‍, ദി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍, ട്രോപ്പിക്കല്‍ മെഡിസിന്‍ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് പഠനം നടത്തിയത്.

പടിഞ്ഞാറന്‍ യൂറോപ്പിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും താപനില 40 ഡിഗ്രിയില്‍ എത്തിയിരുന്നു. സ്‌പെയിനിലും ഫ്രാന്‍സിലും കാട്ടുതീയുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് 1500 മരണം ഇതിനു മുമ്പത്തെ ആഴ്ചകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബാഴ്‌സലോണ, മാഡ്രിഡ്, ലണ്ടന്‍, മിലാന്‍ തുടങ്ങിയ നഗരങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. നാലു ഡിഗ്രിയാണ് ഇവിടങ്ങളില്‍ സാധാരണയേക്കാള്‍ താപനില കൂടിയത്. കഴിഞ്ഞ ജൂണ്‍ ലോകത്തിലെ ചൂടേറിയ മൂന്നാമത്തെ ജൂണായി കണക്കാക്കിയിരുന്നു. ജൂണിലെ ആഗോള ശരാശരി താപനില 16.46 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

ഫ്രാന്‍സിലെ പ്രധാന തീപിടിത്തങ്ങളിലൊന്ന് അത്‌ലാന്റിക് റിസോര്‍ട്ട് പട്ടണമായ ആര്‍ക്കച്ചോണിന്റെ തെക്കുഭാഗത്തുള്ള വനപ്രദേശത്താണ്. വേനല്‍ക്കാലത്ത് ഫ്രാന്‍സിന് ചുറ്റുമുള്ള സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയാണ് മുന്തിരിത്തോട്ടങ്ങള്‍ നിറഞ്ഞ ഈ താഴ്‌വര.