മലേഷ്യൻ വിമാനം തകർത്തതിന് പിന്നിൽ റഷ്യയെന്ന് യൂറോപ്പിലെ ഉന്നത മനുഷ്യാവകാശ കോടതി

മലേഷ്യൻ വിമാനം തകർത്തതിന് പിന്നിൽ റഷ്യയെന്ന് യൂറോപ്പിലെ ഉന്നത മനുഷ്യാവകാശ കോടതി


ഹേഗ്: 2014 ജൂലൈ 17ന് മലേഷ്യൻ വിമാനം തകർത്തതിന് പിന്നിൽ റഷ്യയാണെന്ന് യൂറോപ്പിലെ ഉന്നത മനുഷ്യാവകാശ കോടതി വിധിച്ചു. 298 പേരുടെ മരണത്തിന് കാരണമായ 2014ലെ ദുരന്തത്തിന് മോസ്‌കോ ഉത്തരവാദിയാണെന്ന് കോടതി വ്യക്തമാക്കി.

ആംസ്റ്റർഡാമിൽനിന്ന് ക്വാലാലംപൂരിലേക്ക് പറന്ന ബോയിങ് 777 വിമാനം വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്‌നിൽനിന്ന് റഷ്യൻ നിർമിത മിസൈൽ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തുകയായിരുന്നു.

196 ഡെച്ച് പൗരന്മാർ ഉൾപ്പെടെ 298 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.

റഷ്യൻ സൈന്യത്തിന്റെ ബക് മിസൈലാണ് വിമാനം തകർത്തതെന്നാണ് അന്താരാഷ്ട്ര അന്വേഷണ സംഘം  കണ്ടെത്തിയിരുന്നു.

യാത്രക്കാരിൽ ഭൂരിഭാഗവും ഡച്ചുകാരായിരുന്നെങ്കിലും ആസ്‌ത്രേലിയ, ബ്രിട്ടൻ, മലേഷ്യ തുടങ്ങി 17 രാജ്യങ്ങളിലെ പൗരന്മാർ ദുരന്തത്തിൽ ഇരയായിരുന്നു.

റഷ്യൻ മിസൈലാണ് മലേഷ്യൻ യാത്രാ വിമാനം തകർത്തതെന്ന് നേരത്തെ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ആസ്‌ത്രേലിയ, ബെൽജിയം, മലേഷ്യ, നെതർലണ്ട്, ഉക്രൈൻ എന്നീ രാജ്യങ്ങളിലെ പ്രോസിക്യൂട്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. റഷ്യൻ സൈന്യത്തിന്റെ ഭാഗമായ 53ആം ആന്റി എയർക്രാഫ്റ്റ് ബ്രിഗേഡിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തിയിരിക്കുന്നത്.

റഷ്യൻ നിർമിത BUK-TELAR മിസൈലാണ് ആക്രമണത്തിനുപയോഗിച്ചതെന്ന് ഡച്ച് സേഫ്റ്റി ബോർഡ് 2015ലെ റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിരുന്നു. റഷ്യൻ അനുകൂല യുക്രൈൻ വിമതരുടെ അധീനതയിലുള്ള പ്രദേശത്തു നിന്നാണ് മലേഷ്യൻ വിമാനത്തിന് നേരെ ആക്രമണം നടത്തിയതെന്നും ഇതിനുപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യൻ സേനയുടെ അധീനതയിലുള്ളതാണെന്നും നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം ബക് മിസൈൽ ആക്രമണത്തിലാണ് മലേഷ്യൻ വിമാനം തകർന്നതെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ റഷ്യ തള്ളിയിരുന്നു. യുക്രെയിൻ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റഷ്യയുടെ നിലപാട്‌