മുംബൈ: യു എസ് ആസ്ഥാനമായ ഷോര്‍ട്ട് സെല്ലര്‍ വൈസ്രോയി റിസര്‍ച്ച് ഗ്രൂപ്പ് പുറത്തുവിട്ട സാമ്പത്തിക റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വേദാന്ത, ഹിന്ദുസ്ഥാന്‍ സിങ്ക് എന്നിവയുടെ ഓഹരികള്‍ 8 ശതമാനം വരെ ഇടിഞ്ഞു. വേദാന്ത റിസോഴ്‌സ് ലിമിറ്റഡിന്റെ കണക്കുകളില്‍ 'സാരമായ പൊരുത്തക്കേടുകള്‍' കണ്ടെത്തിയെന്നും 'പോന്‍സി' പോലെ തോന്നുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമാനുസൃത ബിസിനസില്‍ ലഭിക്കുന്ന ലാഭത്തില്‍ നിന്നും നേടുന്നതിന് പകരം പുതിയ നിക്ഷേപകര്‍ നല്‍കുന്ന മൂലധനത്തില്‍ നിന്നും നിക്ഷേപകര്‍ക്ക് വരുമാനം നല്‍കുന്ന വഞ്ചനാപരമായ നിക്ഷേപ പ്രവര്‍ത്തനത്തെയാണ് പോന്‍സി എന്ന് വിശേഷിപ്പിക്കുന്നത്.
ബുധനാഴ്ച വേദാന്ത ലിമിറ്റഡ് ബിഎസ്ഇയില്‍ ഇന്‍ട്രാഡേയില്‍ 7.7 ശതമാനം വരെ ഇടിഞ്ഞ് 421 രൂപയിലെത്തി. ഹിന്ദുസ്ഥാന്‍ സിങ്ക് 4.8 ശതമാനം ഇടിഞ്ഞ് 415.30 രൂപയിലെത്തി.
ഗ്രൂപ്പ് ഘടന സാമ്പത്തികമായി സുസ്ഥിരമല്ലെന്നും ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നതായും എന്ന് വൈസ്രോയി റിസര്‍ച്ച് പറഞ്ഞു. വേദാന്ത റിസോഴ്സസ് (വി ആര്‍ എല്‍) 'സ്വന്തമായി കാര്യമായ പ്രവര്‍ത്തനങ്ങളൊന്നുമില്ലാത്തതും ഹോസ്റ്റായ വേദാന്ത ലിമിറ്റഡില്‍ നിന്ന് ലഭ്യമായ പണംകൊണ്ട് പൂര്‍ണ പിന്തുണ ലഭിക്കുന്നതുമായ ഇത്തിള്‍ക്കണ്ണി ഹോള്‍ഡിംഗ് കമ്പനിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈസ്രോയി റിസര്‍ച്ചിന്റെ ആരോപണങ്ങളുടെ കാതല്‍ വേദാന്ത റിസോഴ്സസ് തങ്ങളുടെ കടം തീര്‍ക്കുന്നതിന് വേദാന്ത ലിമിറ്റഡില്‍ നിന്ന് പണം പിന്‍വലിക്കുന്നുവെന്ന വാദമാണ്. ഇത് ഓപ്പറേറ്റിംഗ് കമ്പനിയെ വര്‍ധിച്ചുവരുന്ന ലിവറേജ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.
വൈസ്രോയ് റിസര്‍ച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി വേദാന്ത ലിമിറ്റഡില്‍ 5.6 ബില്യണ്‍ ഡോളര്‍ പണമൊഴുക്കില്‍ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത് വേദാന്ത റിസോഴ്‌സ് ലിമിറ്റഡ് ആവശ്യപ്പെടുന്ന അമിത ലാഭവിഹിത പേയ്മെന്റുകള്‍ക്ക് ധനസഹായം നല്‍കാനാണ് ഉപയോഗിച്ചത്. ഈ പേയ്മെന്റുകള്‍ യഥാര്‍ഥ പണമൊഴുക്ക് വഴിയല്ല, മറിച്ച് പുതിയ കടമെടുക്കലുകള്‍, പ്രവര്‍ത്തന മൂലധന മാനേജ്മെന്റ്, പണ കരുതല്‍ ശേഖരത്തിന്റെ കുറവ് എന്നിവയിലൂടെയാണ് ധനസഹായം നല്‍കുന്നതെന്ന് വൈസ്രോയ് ആരോപിക്കുന്നു. ഈ തന്ത്രം പോന്‍സി സ്‌കീമിനോട് സാമ്യമുള്ളതാണെന്നും വൈസ്രോയ് പറഞ്ഞു.
ഷോര്‍ട്ട് സെല്ലര്‍ റിപ്പോര്‍ട്ട്, ഗ്രൂപ്പ് ആസ്തി മൂല്യങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയും ബാലന്‍സ് ഷീറ്റില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ ചെലവുകള്‍ മാറ്റിവെക്കുകയും ചെയ്തതായി ആരോപിച്ചു. വൈസ്രോയിയുടെ അഭിപ്രായത്തില്‍, വേദാന്തയുടെ പലിശ ചെലവുകള്‍ 'റിപ്പോര്‍ട്ട് ചെയ്ത നോട്ട് നിരക്കുകളെ കവച്ചു വെക്കുകയും ഇത് മറഞ്ഞിരിക്കുന്നതോ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത കടത്തിന്റെ നിലനില്‍പ്പിനെയാണ് സൂചിപ്പിക്കുന്നത്.
വേദാന്ത റിസോഴ്സസ് 2025 സാമ്പത്തിക വര്‍ഷത്തില്‍ 4.9 ബില്യണ്‍ ഡോളറിന്റെ മൊത്ത വായ്പകള്‍ക്കെതിരെ 835 മില്യണ്‍ ഡോളറിന്റെ പലിശ ചെലവ് റിപ്പോര്‍ട്ട് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 15.8 ശതമാനം പലിശ നിരക്കിനെ സൂചിപ്പിക്കുന്നു. ഇത് അതിന്റെ മിക്ക ബോണ്ടുകള്‍ക്കും വായ്പകള്‍ക്കും വെളിപ്പെടുത്തിയ 9.11 ശതമാനം പരിധിയേക്കാള്‍ വളരെ കൂടുതലാണ്. റിപ്പോര്‍ട്ടു ചെയ്ത പലിശ ചെലവ് കണക്കുകള്‍ സത്യമാകുന്ന മൂന്ന് സാധ്യതകളാണ്കാണിക്കുന്നതെന്നും വൈസ്രോയ് പറഞ്ഞു. അവ കാര്യമായ സാമ്പത്തിക ദുഷ്‌കൃത്യതയെയാണ് പ്രതിനിധീകരിക്കുന്നത്.
വേദാന്ത ലിമിറ്റഡില്‍ നിന്നും അതിന്റെ അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും വാണിജ്യപരമായ ന്യായീകരണമില്ലാതെ പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ഡോളര്‍ പിരിച്ചെടുക്കുന്നതായി ആരോപിക്കപ്പെടുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ബ്രാന്‍ഡ് ഫീസ് ആകെ 338 മില്യണ്‍ ഡോളര്‍ ആയിരുന്നുവെന്നും വേദാന്ത റിസോഴ്സസ് ലിമിറ്റഡ് ഓഫ്ഷോര്‍ ക്രെഡിറ്റ് ലൈനുകള്‍ ഉറപ്പാക്കാന്‍ ഇവ ഉപയോഗിച്ചുവെന്നും വൈസ്രോയ് പറയുന്നു.
എഴുതിത്തള്ളുകയോ തിരിച്ചടയ്ക്കുകയോ ചെയ്യാത്ത ഇന്റര്‍കമ്പനി വായ്പകള്‍ വഴി വേദാന്ത റിസോഴ്സസിന്റെ ഓഹരി വാങ്ങലുകള്‍ക്ക് ധനസഹായം നല്‍കിയതായും വേദാന്ത ലിമിറ്റഡിനെതിരെ ആരോപണമുണ്ടായിരുന്നു. 2020ലെ ഒരു എപ്പിസോഡില്‍ വേദാന്ത ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനങ്ങളില്‍ നിന്ന് വേദാന്ത റിസോഴ്സസ് അഫിലിയേറ്റുകളിലേക്ക് 7,934 കോടി രൂപയുടെ (956 മില്യണ്‍ ഡോളര്‍) സുരക്ഷിതമല്ലാത്ത വായ്പ തിരിച്ചുവിട്ടു. തുടര്‍ന്ന് വേദാന്ത ലിമിറ്റഡിന്റെ നിയന്ത്രണം ഏകീകരിക്കാന്‍ ഉപയോഗിച്ചു.
സൂക്ഷ്മപരിശോധന ഒഴിവാക്കാന്‍ രൂപകല്‍പ്പന ചെയ്തതായി അവകാശപ്പെടുന്ന ഓഡിറ്റര്‍ തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ, ഗ്രൂപ്പിലുടനീളമുള്ള വ്യവസ്ഥാപിത ഭരണ പരാജയങ്ങളിലേക്കും ഷോര്‍ട്ട് സെല്ലര്‍ വിരല്‍ ചൂണ്ടി.
വേദാന്തയുടെ വിലയേറിയ ആസ്തിയായ ഹിന്ദുസ്ഥാന്‍ സിങ്കിനെയും റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയിട്ടില്ല. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ഓഹരി ഉടമ്പടി പ്രകാരം ആവശ്യമായ സ്െല്‍റ്റര്‍ നിര്‍മ്മിക്കുന്നതില്‍ പരാജയപ്പെട്ടതിലൂടെ വേദാന്ത ഡിഫോള്‍ട്ട് ഇവന്റ് സൃഷ്ടിച്ചുവെന്ന് വൈസ്രോയി അവകാശപ്പെട്ടു. ഇത്, ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരികള്‍ നിര്‍ബന്ധിതമായി തിരികെ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഉള്ള സാധ്യതകള്‍ തുറക്കുകയും 10.66 ബില്യണ്‍ ഡോളര്‍ വരെ പുറത്തേക്ക് ഒഴുകാന്‍ സാധ്യതയുണ്ടാക്കുകയും ചെയ്തു.
ഹിന്ദുസ്ഥാന്‍ സിങ്ക് ഉപയോഗിക്കാത്ത ഒരു ബ്രാന്‍ഡിന് മൂന്ന് വര്‍ഷത്തിനിടെ 1,562 കോടി രൂപ ബ്രാന്‍ഡ് ഫീസ് നല്‍കിയതായും ആരോപിക്കപ്പെട്ടു. വൈസ്രോയി ഈ ക്രമീകരണത്തെ 'മൈനോറിറ്റി ഷെയര്‍ഹോള്‍ഡര്‍ ദുരുപയോഗത്തിന്റെ വ്യക്തമായ കേസ്' എന്ന് വിളിച്ചു.
'ഹിന്ദുസ്ഥാന്‍ സിങ്കിലെ ഗവണ്‍മെന്റിന്റെ ഓഹരികള്‍ കണക്കിലെടുക്കുമ്പോള്‍ ബ്രാന്‍ഡ് ഫീസ് കരാറിനുള്ള സാഹചര്യങ്ങളുടെയും ന്യായീകരണങ്ങളുടെയും സ്വതന്ത്ര അവലോകനം ആവശ്യമാണെന്ന് തങ്ങള്‍ ശക്തമായി വിശ്വസിക്കുന്നവെന്നും റിപ്പോര്‍ട്ട് പറഞ്ഞു.
വൈസ്രോയിയുടെ ഷോര്‍ട്ട്-സെല്ലര്‍ റിപ്പോര്‍ട്ട് കര്‍ശനമായ മുന്നറിയിപ്പോടെയാണ് അവസാനിക്കുന്നത്.
എന്നാല്‍ വൈസ്രോയി റിസര്‍ച്ച് റിപ്പോര്‍ട്ട് ഉന്നയിച്ച ആരോപണങ്ങള്‍ വേദാന്ത ഗ്രൂപ്പ് തള്ളിക്കളഞ്ഞു. ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് അടിസ്ഥാന രഹിതവും ക്ഷുദ്രകരവുമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും വേദാന്ത കുറ്റപ്പെടുത്തി.