വ്യവസായ ലോകത്തെ അമ്പരപ്പിച്ച് അദാനി; ഒരാഴ്ചകൊണ്ട് നേടിയത് 39000 കോടി രൂപ

വ്യവസായ ലോകത്തെ അമ്പരപ്പിച്ച് അദാനി; ഒരാഴ്ചകൊണ്ട് നേടിയത് 39000 കോടി രൂപ


മുംബൈ: ആഗോള വിപണിയില്‍ വിവാദ നായക പരിവേഷമുള്ള ഇന്ത്യന്‍ ബിസിനസ് പ്രമുഖനാണ് ഗൗതം അദാനി. യുഎസ് ഷോര്‍ട്ട്സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനു ശേഷം തകര്‍ന്നടിഞ്ഞ ബിസിനസ് സാമ്രാജ്യത്തെ മാസങ്ങള്‍ക്കുള്ളില്‍ വിജയവഴിയില്‍ തിരിച്ചെത്തിയ വ്യക്തിയാണ് അദാനി. നിലവില്‍ മുകേഷ് അംബാനിക്കു പിന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനുമാണ് ഗൗതം. അതേസമയം അദ്ദേഹം അതിവേഗം ആസ്തി വര്‍ധിപ്പിച്ചു വരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 15.5 ലക്ഷം കോടി വിപണിമൂല്യമുള്ള അദ്ദേഹത്തിന്റെ സാമ്രാജ്യം കഴിഞ്ഞ പാദത്തില്‍ അതിഗംഭീര പ്രകടനമാണു കാഴ്ചവച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണികള്‍ കടുത്ത സമ്മര്‍ദം നേരിട്ട കഴിഞ്ഞ വാരം, മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ അദാനി 39,000 കോടി രൂപയുടെ ആസ്തി വര്‍ധന രേഖപ്പെടുത്തി. ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം, 62 വയസുകാരനായ ഗൗതം അദാനിയുടെ നിലവിലെ തല്‍സമയ ആസ്തി 76.9 ബില്യണ്‍ ഡോളറാണ്.

ആഗോള കോടീശ്വര പട്ടികളില്‍ നിലവില്‍ 21-ാം സ്ഥാനത്താണ് ഈ ഇന്ത്യന്‍ വ്യവസായി. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത പത്ത് സ്ഥാപനങ്ങളില്‍ ഒമ്പതെണ്ണത്തിന്റെയും വിപണി മൂല്യം കഴിഞ്ഞ വാരം ഗണ്യമായി വര്‍ധിച്ചു. ഇതിന്റെ പ്രതിഫലനമാണ് അദാനിയുടെ സമ്പത്തില്‍ കണ്ടത്. അതായത് അദാനിയുടെ കുതിപ്പില്‍ നിക്ഷേപകരും ഹാപ്പിയാണ്.

വിമാനത്താവളങ്ങള്‍, പുതിയ ഊര്‍ജ യൂണിറ്റുകള്‍ എന്നിവയില്‍ നിന്നുള്ള ശക്തമായ വരുമാനം അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റര്‍പ്രൈസസിനെ സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായ വര്‍ധനയിലേയ്ക്കു നയിച്ചു. കല്‍ക്കരി ബിസിനസിലുണ്ടായി തിരിച്ചടി മറികടക്കാന്‍ അദാനിയെ സഹായിച്ചതും ഇതു തന്നെ.

അദാനി എന്റര്‍പ്രൈസസിന്റെ രണ്ടാം പാദത്തിലെ മികച്ച വരുമാനത്തിന്റെ ഫലമായി ബുധനാഴ്ച അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ ശതമാനത്തിലധികം ഉയര്‍ന്ന് 2,994.70 രൂപയിലെത്തിയിരുന്നു. അതേസമയം നേരിയ ലാഭമെടുപ്പിനെ തുടര്‍ന്നു നിലവില്‍ ഓഹരി വില 2,941.05 രൂപയിലാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞവാരത്തെ കുതിപ്പ് 39,000 കോടി രൂപയുടെ ആസ്തി വര്‍ധനയ്ക്കു വഴിവച്ചു. ഇതില്‍ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ഏറ്റവും കൂടുതല്‍ മൂല്യം കൂട്ടിച്ചേര്‍ത്തു, ഏകദേശം 23,268 കോടി രൂപ. അദാനി പോര്‍ട്ട്സ് & സെസ് 9,440 കോടി രൂപ കൂട്ടിച്ചേര്‍ത്തു. അദാനി പവര്‍ ലിമിറ്റഡ് മാത്രമാണ് വിപണി മൂല്യത്തില്‍ തിരിച്ചടി നേരിട്ടത്.

പവര്‍ ട്രാന്‍സ്മിഷന്‍ സ്ഥാപനമായ അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ്, ക്ലീന്‍ എനര്‍ജി കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, നഗര വാതക വിതരണക്കാരായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്, അദാനി വില്‍മര്‍ ലിമിറ്റഡ്, മാധ്യമ സ്ഥാപനമായ എന്‍ഡിടിവി, സിമെന്റ് കമ്പനികളായ എസിസി, അംബുജ സിമെന്റ് എന്നിവയുടെ മൂല്യം ഉയര്‍ന്നു.