യു എസിന് പിന്നാലെ ഇറ്റലി, സ്‌പെയിന്‍, ഗ്രീസ് എംബസികളും യുക്രെയ്‌നില്‍ അടച്ചു

യു എസിന് പിന്നാലെ ഇറ്റലി, സ്‌പെയിന്‍, ഗ്രീസ് എംബസികളും യുക്രെയ്‌നില്‍ അടച്ചു


കീവ്: യു എസിന് പിന്നാലെ ഇറ്റലി, സ്പെയിന്‍, ഗ്രീസ് എന്നീ രാജ്യങ്ങളും കീവിലെ എംബസികള്‍ അടച്ചു. വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരങ്ങളെ തുടര്‍ന്നുള്ള മുന്നറിയിപ്പിന് പിന്നാലെയാണ് യു എസ് എംബസി അടച്ചത്. 

റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം കുറക്കാന്‍ മോസ്‌കോയ്ക്ക് പദ്ധതിയില്ലെന്ന് ക്രെംലിന്‍ പ്രഖ്യാപിച്ചിരുന്നു. കുര്‍സ്‌ക് ഒബ്ലാസ്റ്റിന്റെ ഭാഗങ്ങള്‍ യുക്രെയ്ന്‍ കൈവശപ്പെടുത്തുന്നത് തുടരുന്നതിനാല്‍ റഷ്യ യുദ്ധം തുടരാന്‍ തയ്യാറാണെന്നതിന്റെ സൂചനയാണിത്.

യു എസിലെ ജോ ബൈഡന്‍ ഭരണകൂടം എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആരോപിച്ചിരുന്നു.  യുദ്ധം തുടരാന്‍ സാധ്യമായതെല്ലാം വാഷിംഗ്ടണ്‍ ഡിസി ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

പുറത്തുപോകുന്ന യു എസ് ഭരണകൂടത്തിന്റെ പ്രവണതകള്‍ നോക്കിയാല്‍ അവര്‍ യുക്രെയ്‌നിലെ യുദ്ധം തുടരാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും അതിനായി തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയ്ക്കുള്ളില്‍ ആക്രമണങ്ങള്‍ക്കായി ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതിന് യുക്രെയ്നിന് യു എസ് അംഗീകാരം നല്‍കിയതിനെക്കുറിച്ച് സംസാരിക്കവേ പാശ്ചാത്യ ഉദ്യോഗസ്ഥര്‍ റഷ്യയെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് പെസ്‌കോവ് പറഞ്ഞു.

ബൈഡന്‍ ഭരണകൂടം യുക്രെയ്‌നിലേക്കുള്ള ആയുധ വിതരണം വേഗത്തിലാക്കുകയാണ്. കുഴിബോംബുകള്‍ യുക്രെയ്നിന് കൈമാറാന്‍ ബൈഡന്‍ അനുമതി നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പേര് വെളിപ്പെടുത്താത്ത യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് കുഴിബോംബുകളെ 'സ്ഥിരമല്ലാത്തത്' എന്ന് വിശേഷിപ്പിക്കുന്നു. അതായത്, സാധാരണക്കാര്‍ക്ക് അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് നിശ്ചിത സമയപരിധിക്കുള്ളില്‍ സ്വയം നശിപ്പിക്കാനോ നിര്‍ജ്ജീവമാക്കാനോ വേണ്ടിയാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

യുക്രെയ്‌നിയന്‍ പ്രദേശങ്ങളില്‍ മാത്രമേ കുഴിബോംബുകള്‍ ഉപയോഗിക്കൂ എന്ന വാഗ്ദാനമാണ് അമേരിക്ക കൈവില്‍ നിന്ന് തേടിയത്.

ബാള്‍ട്ടിക് കടലിനു താഴെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ കേബിളുകള്‍ മുറിച്ചതിന് പിന്നില്‍ റഷ്യയാണെന്ന ആരോപണവും ക്രെംലിന്‍ തള്ളിക്കളഞ്ഞു. നവംബര്‍ 17ന് ഞായറാഴ്ച രാവിലെ ലിത്വാനിയയ്ക്കും സ്വീഡനുമിടയില്‍ കടലിനടിയിലെ കേബിള്‍ മുറിഞ്ഞിരുന്നു. ഫിന്‍ലാന്‍ഡിനെയും ജര്‍മ്മനിയെയും ബന്ധിപ്പിക്കുന്ന മറ്റൊരു കേബിളും തടസ്സപ്പെട്ടതായി ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ അറിയിച്ചു.

യാതൊരു അടിസ്ഥാനവുമില്ലാതെ എല്ലാത്തിനും റഷ്യയെ കുറ്റപ്പെടുത്തുന്നത് തികച്ചും അസംബന്ധമാണെന്നും ബാള്‍ട്ടിക് കടലിലെ യുക്രെയ്‌നിന്റെ അട്ടിമറി പ്രവര്‍ത്തനങ്ങളോട് പ്രതികരണവുമില്ലാത്ത പശ്ചാത്തലത്തില്‍ ഇത് ചിരിപ്പിക്കുന്നതാണഎന്നും പെസ്‌കോവ് പറഞ്ഞു.