ഗയാനയില്‍ പ്രധാനമന്ത്രി മോഡിയെ വരവേറ്റു

ഗയാനയില്‍ പ്രധാനമന്ത്രി മോഡിയെ വരവേറ്റു


ജോര്‍ജ്ടൗണ്‍: കരീബിയന്‍ ദ്വീപ് രാജ്യമായ ഗയാനയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വരവേല്‍പ് നല്‍കി. വിമാനത്താവളത്തില്‍ ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലിയും പ്രധാനമന്ത്രി ബ്രിഗേഡിയര്‍ (റിട്ട.) മാര്‍ക്ക് ആന്റണി ഫിലിപ്‌സും മന്ത്രിമാരും ചേര്‍ന്നാണു പ്രധാനമന്ത്രിയെ സ്വീകരിച്ചത്. 

തുടര്‍ന്ന് ഹോട്ടലിലെത്തിയ അദ്ദേഹത്തെ ഗയാനയിലെ ഇന്ത്യന്‍ സമൂഹം സംസ്‌കൃത ശ്ലോകങ്ങളടക്കം ചൊല്ലി വരവേറ്റു. അമ്പതു വര്‍ഷത്തിനുശേഷം ഗയാന സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. സാരി ധരിച്ചാണ് പ്രവാസി വനിതകള്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത്.

180ലേറെ വര്‍ഷം മുന്‍പ് കരീബിയന്‍ ദ്വീപുകളിലേക്കു കുടിയേറിയ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്മുറക്കാര്‍ ഇന്നും വേരുകള്‍ മറക്കുന്നില്ലെന്നത് സന്തോഷകരമെന്നു പ്രധാനമന്ത്രി പറഞ്ഞു. ബ്രസീലില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണു മോഡി ഗയാനയിലെത്തിയത്. 3.20 ലക്ഷം പേരുള്‍പ്പെടുന്നതാണു ഗയാനയിലെ ഇന്ത്യന്‍ സമൂഹം. ഇവരെക്കൂടാതെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 2000ലേറെ ഇന്ത്യക്കാരും ഇവിടെയുണ്ട്. ത്രിവര്‍ണപതാകയുമേന്തിയാണ് ഇവര്‍ മോഡിയെ സ്വീകരിക്കാനെത്തിയത്.

വിമാനത്താവളത്തിലെയും ഹോട്ടലിലെയും സ്വീകരണത്തില്‍ ഗയാന മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും സന്നിഹിതരായി. ഇന്ത്യയും ഗയാനയും തമ്മിലുള്ള വളരെയടുത്ത സൗഹൃദത്തിന്റെ തെളിവായി ജോര്‍ജ് ടൗണ്‍ മേയര്‍ ജോര്‍ജ് ടൗണ്‍ നഗരത്തിന്റെ താക്കോല്‍ പ്രധാനമന്ത്രിക്കു കൈമാറി.

ഗയാനയും ബാര്‍ബഡോസും തങ്ങളുടെ പരമോന്നത പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ 'ദി ഓര്‍ഡര്‍ ഒഫ് എക്സലന്‍സ്', ബാര്‍ബഡോസിന്റെ ഉന്നത ബഹുമാതിയായ 'ഓണററി ഓര്‍ഡര്‍ ഒഫ് ഫ്രീഡം ഓഫ് ബാര്‍ബഡോസ് എന്നിവയാണ് മോഡിക്ക് സമ്മാനിക്കുക. ഇതോടെ, മോഡിക്ക് ലോകരാജ്യങ്ങള്‍ സമ്മാനിച്ച ബഹുമതികളുടെ എണ്ണം 19 ആകും.