തഞ്ചാവൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ മല്ലിപട്ടണം സര്‍ക്കാര്‍ സ്‌കൂളിലെ 26കാരിയായ അധ്യാപിക രമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചിന്നമണൈ സ്വദേശി മാധനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ഥന നിരസിച്ച രമണിയെ സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ വച്ച് പ്രതി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പട്ടുക്കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതിക്രൂരമായി കൊലപാതകം നടത്തിയതിന് ശേഷം പ്രതി സ്‌കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ ഇയാളെ പിടികൂടി മല്ലിപ്പട്ടണം പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. നിരവധി തവണ ഇയാള്‍ അധ്യാപികയോട് വിവാഹാഭ്യര്‍ഥന നടത്തുകയും കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹാഭ്യര്‍ഥന അധ്യാപിക നിരസിക്കുകയും കൂട്ടുകാരുടെ പരിഹാസം കൂടിയാകുകയും ചെയ്തതോടെ പ്രതിക്ക് അധ്യാപികയോട് പക തോന്നുകയായിരുന്നു. ഇതാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്.
അധ്യാപകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണമെന്നും ഇത്തരം സംഭവങ്ങള്‍ അസഹനീയമാണെന്നും വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് തന്റെ എക്സ് പേജില്‍ കുറിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് മാസം മുന്‍പാണ് രമണി സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്.
വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി