കൊച്ചി: പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം നേടിയെടുക്കാന്‍ കേരളത്തില്‍ ബാങ്കുകളുടെ മത്സരം ശക്തമാകുന്നു. ഉപഭോക്തൃ ബന്ധം വര്‍ധിപ്പിക്കാനും എന്‍ ആര്‍ ഐ നിക്ഷേപങ്ങളും പണമയക്കലും നേടിയെടുക്കാനും കേരളത്തിലെ ബാങ്കുകളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമാക്കുന്നു.
എന്‍ ആര്‍ ഐ നിക്ഷേപങ്ങള്‍ വലുതും സ്ഥിരമായ ഒഴുക്കുള്ളതും ദീര്‍ഘകാല ഫണ്ടിംഗിന്റെ മൂല്യവത്തായ സ്രോതസ്സുമാണെന്നും എന്‍ ആര്‍ ഐകള്‍ പലപ്പോഴും സുരക്ഷിതവും ലാഭകരവുമായ വഴികള്‍ തേടുന്നതിനാല്‍ സുസ്ഥിരമായ നിക്ഷേപ അടിത്തറയാണ് ലഭിക്കുന്നതെന്നും ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.
പശ്ചിമേഷ്യയിലെയും സിംഗപ്പൂരിലെയും മലേഷ്യയിലെയും ഉപഭോക്താക്കളെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് കൊച്ചിയില്‍ ആഗോള എന്‍ ആര്‍ ഐ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തങ്ങള്‍ എന്‍ ആര്‍ ഐ ഇടപാടുകാരെ ഗൗരവമായാണ് കാണുന്നതെന്നും മൊത്തം നിക്ഷേപത്തിന്റെ 4 ശതമാനം മാത്രമാണ് എന്‍ ആര്‍ ഐ ഡെപ്പോസിറ്റ് വിഭാഗം സംഭാവന ചെയ്യുന്നതെന്നും ഇത് 10 ശതമാനത്തിലധികം വര്‍ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ സാലി നായര്‍ പറഞ്ഞു.
തൃശൂര്‍ ആസ്ഥാനമായുള്ള സി എസ് ബി ബാങ്ക് യു എ ഇയില്‍ ഒരു പ്രതിനിധി ഓഫീസിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ആഗോള പണമടയ്ക്കല്‍ പ്ലാറ്റ്‌ഫോം സ്ഥാപിക്കാന്‍ പ്രത്യേകം പദ്ധതിയിടുകയും ചെയ്യുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 24 മണിക്കൂറും വിശ്രമമുറി സൗകര്യങ്ങളോടെ സെപ്തംബറില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു എന്‍ ആര്‍ ഐ ശാഖ തുറന്നിരുന്നു.
എന്‍ ആര്‍ ഐ ട്രാഫിക്കില്‍ കേരളത്തിലെ ഏറ്റവും മികച്ച മൂന്ന് വിമാനത്താവളങ്ങളില്‍ ഒന്നാണ് കോഴിക്കോടെന്ന് ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ശമ്പളക്കാരായ എന്‍ ആര്‍ ഐകളെ ലക്ഷ്യമിട്ട് എന്‍ ആര്‍ ഐ സാഗ എന്ന പ്രത്യേക പദ്ധതി അവതരിപ്പിച്ചു.
വിദേശത്തുനിന്നുള്ള നിക്ഷേപങ്ങള്‍ക്കും പണമയക്കലുകള്‍ക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് കേരളം. സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം എന്‍ ആര്‍ ഐ നിക്ഷേപങ്ങള്‍ 11 ശതമാനം വര്‍ധിച്ച് ജൂണ്‍ അവസാനത്തോടെ 2.74 ലക്ഷം കോടി രൂപയായി.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാനറ ബാങ്കിന് എറണാകുളത്ത് ഒരു എന്‍ ആര്‍ ഐ പ്രോസസ്സിംഗ് ഹബ് ഉണ്ട്. ഓണം, ക്രിസ്മസ്, ഈദ് തുടങ്ങിയ ഉത്സവ സീസണുകളില്‍ എന്‍ ആര്‍ ഐ മീറ്റുകള്‍ നടത്തി തങ്ങള്‍ കേരളത്തില്‍ നിക്ഷേപം ലക്ഷ്യമിടുന്നതായും കേരള സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്‌സുമായി തങ്ങള്‍ക്ക് സ്ഥിരമായ ബന്ധമുണ്ടെന്നും മാനേജിംഗ് ഡയറക്ടര്‍ കെ സത്യനാരായണ രാജു പറഞ്ഞു.
കേരള- ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഇടനാഴിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് സ്വാഭാവിക ശക്തിയുണ്ട്. പ്രസ്തുത സ്വാഭാവിക ശക്തി പ്രയോജനപ്പെടുത്തി കേരളേതര- ജി സി സി ഇടനാഴിയുടെ ഗണ്യമായ പങ്ക് പിടിച്ചെടുക്കാന്‍ ജി സി സിയിലെ സാന്നിധ്യം വൈവിധ്യവത്ക്കരിച്ചതായും പുതിയ കുടിയേറ്റ സംസ്ഥാനങ്ങളായ ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ശാഖകള്‍ സ്ഥാപിച്ച് ജി സി സിയില്‍ നിന്ന് ഈ സ്ഥലങ്ങളിലേക്കുള്ള ഒഴുക്കിന്റെ ഒരു പങ്ക് പിടിച്ചെടുക്കാന്‍ സാധിക്കുമെന്നും ഫെഡറല്‍ ബാങ്കിന്റെ ശാലിനി വാര്യര്‍ പറഞ്ഞു.
വര്‍ഷങ്ങളായി എന്‍ ആര്‍ ഐ ബിസിനസിനുള്ള തങ്ങളുടെ പ്രാഥമിക വിപണി കേരളമണെന്നും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുന്നതിനോടൊപ്പം മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഹൈദരബാദ്, ഡല്‍ഹി തുടങ്ങി കേരളത്തിന് പുറത്തുള്ള വിപണികളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം സമാഹരിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നതായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ കെ പോള്‍ തോമസ് പറഞ്ഞു.
ഷാര്‍ജയിലെ പ്രതിനിധി ഓഫീസുകള്‍ വഴിയും ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും ശാഖകള്‍ വഴിയും എന്‍ ആര്‍ ഐ ബിസിനസ് സോഴ്സ് ചെയ്യുന്നുണ്ടെന്ന് കാനറ ബാങ്ക് അറിയിച്ചു. പണമയയ്ക്കല്‍ സുഗമമാക്കുന്നതിന് മിഡില്‍ ഈസ്റ്റിലെ എക്‌സ്‌ചേഞ്ച് ഹൗസുകളുമായും ബന്ധമുണ്ട്.