ടോക്കിയോ / വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വ്യാപാര നികുതികള്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളെ കനത്ത ആഘാതത്തിലാക്കുകയാണ്. ലാഭത്തില്‍ ബില്യണ്‍ ഡോളറുകളുടെ കുറവ് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പാണ് ജാപ്പനീസ് വാഹന ഭീമന്മാര്‍ നല്‍കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നികുതി നയം ഇനി 'പുതിയ സാധാരണ ' (new normal) സാഹചര്യം സൃഷ്ടിക്കുമെന്ന് അവര്‍ സമ്മതിക്കുന്നു.
രണ്ട് മാസം മുമ്പാണ് ജപ്പാനും അമേരിക്കയും തമ്മില്‍ പുതിയ വ്യാപാര ഉടമ്പടി പ്രാബല്യത്തില്‍ വന്നത്. അതനുസരിച്ച് ടോക്കിയോ, 550 ബില്യണ്‍ ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിക്കാന്‍ സമ്മതിച്ചു. പ്രതിഫലമായി 27.5 ശതമാനമായിരുന്ന ഇറക്കുമതി നികുതി ട്രംപ് ഭരണകൂടം 15 ശതമാനമായി കുറച്ചു. എന്നാല്‍ ഈ 'കുറവ് ' പോലും ഓട്ടോമൊബൈല്‍ മേഖലയുടെ ലാഭമാര്‍ജിന്‍ ഇല്ലാതാക്കുന്നതായി വ്യവസായ ലോകം പരാതിപ്പെടുന്നു.
ജാപ്പനീസ് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. ഹോണ്ട, നിസാന്‍, ടൊയോട്ട തുടങ്ങി പ്രധാന കമ്പനികള്‍ വന്‍തോതില്‍ അമേരിക്കന്‍ വിപണിയെ ആശ്രയിക്കുന്നു. കഴിയാവുന്നത്ര കൂടുതല്‍ ഉത്പാദനം അമേരിക്കന്‍ മണ്ണില്‍ തന്നെയാക്കി എങ്കിലും, വാഹനഭാഗങ്ങളും ആകെ കാറുകളുടെയും ഒരു വലിയ വിഹിതം ഇപ്പോഴും ജപ്പാനില്‍ നിന്നാണ് വരുന്നത്.
15 ശതമാനം താരിഫ് മൂലം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ ലാഭനഷ്ടം നേരിടേണ്ടിവരുമെന്നാണ് ഹോണ്ട മോട്ടോര്‍ കമ്പനി വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. 'ഇത് തന്നെയാണ് പുതിയ യാഥാര്‍ഥ്യം. ഇതു ഭാവിയിലും തുടരുമെന്നു ഞങ്ങള്‍ കരുതുന്നു.'' ഹോണ്ടയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ നോറിയ കായഹാര ടോക്ക്യോയില്‍ പറഞ്ഞു.
''നികുതിയില്ലായിരുന്നെങ്കില്‍ ഈ വര്‍ഷം കമ്പനി നഷ്ടം ഇല്ലാതെ നിലനില്‍ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 1.8 ബില്യണ്‍ ഡോളര്‍ നഷ്ടം പ്രതീക്ഷിക്കേണ്ടിവരും''.-നിസാന്‍ മോട്ടോര്‍ കമ്പനി നേരത്തെ പറഞ്ഞതാണിത്. 'ഇതു താല്‍ക്കാലികമെന്നാണ് ആദ്യം കരുതിയത്. പക്ഷേ ഇപ്പോള്‍ ഇത് സ്ഥിരമാകുന്നു,' നിസാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഇവാന്‍ എസ്പിനോസ പറഞ്ഞു.
നികുതികളുടെ ആഘാതം മൂലം 9.4 ബില്യണ്‍ ഡോളര്‍ വരെ നഷ്ടം ഉണ്ടാകുമെന്ന് ജപ്പാനിലെ വാഹനലോകത്തിലെ വമ്പന്‍ ടൊയോട്ട മോട്ടോര്‍ അറിയിച്ചു. മുന്‍ കണക്കുകളേക്കാള്‍ കൂടുതലാണ് ഈ നഷ്ടം. വിതരണ ശൃംഖലയിലും ഇതിന്റെ ആഘാതം വ്യാപിച്ചിരിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കുന്നു. സ്വന്തം വിതരണക്കാരെ സഹായിക്കാന്‍ അധിക ചെലവ് കമ്പനി ഏറ്റെടുക്കേണ്ടിവരുമെന്നും ടൊയോട്ട പറഞ്ഞു.
അതേസമയം, അമേരിക്കയില്‍ നിക്ഷേപം വര്‍ധിപ്പിച്ചതിന് ട്രംപ് തന്റെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ ടൊയോട്ട ഉള്‍പ്പെടെ നിരവധി കമ്പനികളെ പ്രശംസിച്ചു. 'ടൊയോട്ട അമേരിക്കയില്‍ 10 ബില്യണ്‍ ഡോളര്‍ ചെലവിട്ട് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കും,' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ അത്തരത്തിലുള്ള ഔേദ്യാഗിക തീരുമാനം കമ്പനി എടുത്തിട്ടില്ലെന്നായിരുന്നു ടൊയോട്ടയുടെ ധനകാര്യ മേധാവി കെന്ത കോണ്‍ പിന്നീട് വിശദീകരിച്ചത്. എന്നാല്‍, 'അമേരിക്കയില്‍ വന്‍തോതില്‍ നിക്ഷേപം തുടരുമെന്നു ഉറപ്പാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളുടെ നഷ്ടവും വേദനയും അമേരിക്കയുടെ സാമ്പത്തിക നേട്ടമായി മാറുകയാണ്. ഉല്‍പാദനവും തൊഴിലും അമേരിക്കയിലേക്ക് നീങ്ങുമ്പോള്‍, ജപ്പാന്റെ ഓട്ടോമൊബൈല്‍ വ്യവസായം അതിന്റെ പഴയ തിളക്കം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലേക്ക് കടക്കുകയാണ്.
അവരുടെ നഷ്ടം -അമേരിക്കയുടെ നേട്ടം
