കൊച്ചി: കേരളത്തിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സികള്‍) കൈവശം വയ്ക്കുന്ന സ്വര്‍ണത്തിന്റെ അളവ് കുതിച്ചുയര്‍ന്നിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം, ഇവയെല്ലാം ചേര്‍ന്നാല്‍ സ്വതന്ത്ര രാജ്യമായിരുന്നുവെങ്കില്‍, കേരളം ലോക സ്വര്‍ണശേഖര പട്ടികയില്‍ 16ാം സ്ഥാനത്തെത്തുമായിരുന്നുവെന്നും 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടന്‍ (310 ടണ്‍), സ്‌പെയിന്‍ (282 ടണ്‍), ഓസ്ട്രിയ (280 ടണ്‍) എന്നിവയെല്ലാം പിന്നിലാക്കിയാണ് മുത്തൂറ്റ്, മണപ്പുറം, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, കെ.എസ്.എഫ്.ഇ., ഇന്‍ഡല്‍ മണി തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്ത ശേഖരം -381 ടണ്‍ ആകുന്നത്. നിലവിലെ സ്വര്‍ണവിലയില്‍ ഇതിന്റെ മൊത്തം മൂല്യം 4.6 ലക്ഷം കോടി രൂപയ്ക്കും മുകളിലായിരിക്കും.
സ്വര്‍ണശേഖരം സ്ഥാപനം തിരിച്ച്
* മുത്തൂറ്റ് ഫിനാന്‍സ് -208 ടണ്‍
* മണപ്പുറം ഫിനാന്‍സ് -56.4 ടണ്‍
* മുത്തൂറ്റ് ഫിന്‍കോര്‍പ്പ് - 43.69 ടണ്‍
* കെ.എസ്.എഫ്.ഇ. - 67.22 ടണ്‍
* ഇന്‍ഡല്‍ മണി - ഏകദേശം 6 ടണ്‍
ടയര്‍ 3, 4, 5 നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ സ്വര്‍ണവായ്പയാണ് ഇപ്പോഴും അടിയന്തര ആവശ്യങ്ങള്‍ക്ക് ആദ്യ മാര്‍ഗം. 'മക്കളുടെ പഠനച്ചെലവ് മുതല്‍ വീട് പെയിന്റ് ചെയ്യലും, വര്‍ക്ക്‌ഷോപ്പിനുള്ള യന്ത്രം വാങ്ങലും വരെ സ്വര്‍ണവായ്പയിലൂടെയാണ് ഫിനാന്‍സിംഗ് നടക്കുന്നത്, എന്ന് ഇന്‍ഡല്‍ മണി സി.ഇ.ഒ. ഉമേഷ് മോഹനന്‍ പറയുന്നു.
സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ വായ്പാവിപണിയും ചൂടുപിടിച്ചു. ഗ്രാമിന് ലഭിക്കുന്ന വായ്പാമൂല്യം വര്‍ധിച്ചതോടെ കൂടുതല്‍ ആഭരണങ്ങള്‍ പണയമായി വിപണിയിലെത്തുകയാണ്. അണ്‍സെക്യൂര്‍ഡ് വായ്പകള്‍ക്കുള്ള നിയമങ്ങള്‍ ആര്‍.ബി.ഐ. കടുപ്പിച്ചതും എന്‍ബിഎഫ്‌സികള്‍ക്ക് അനുകൂലമായി. 'സ്വര്‍ണവിലയിലെ വര്‍ധന താഴ്ന്ന വരുമാനക്കാരുടെ സാമ്പത്തിക ശ്വാസമായി. ക്രെഡിറ്റ് ക്രഞ്ചിന്റെ സമയത്ത് സ്വര്‍ണവായ്പകള്‍ ആ വിടവ് നികത്തി,' ഉമേഷ് മോഹനന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയിലെ സ്വര്‍ണവായ്പകളില്‍ 37 ശതമാനം മാത്രമാണ് സംഘടിത മേഖലയിലുള്ളത്. ശേഷിക്കുന്ന 63 ശതമാനം പണയശാലകളും ചെറുകിട ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക പലിശക്കാരുമാണ് കൈകാര്യം ചെയ്യുന്നത്. 'വില കൂടിയതുകൊണ്ട് പുതിയ വായ്പകള്‍ അത്ര വര്‍ധിച്ചില്ലെങ്കിലും, എടുത്തവരില്‍ ഭൂരിഭാഗവും 12 മാസത്തെ വായ്പകള്‍ ആറുമാസത്തിനുള്ളില്‍ തന്നെ അടച്ച് സ്വര്‍ണം വീണ്ടെടുക്കുന്നു,' എന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സി.ഇ.ഒ. ഷാജി വര്‍ഗീസ് പറയുന്നു.
തിരിച്ചടവില്ലാത്ത പണയങ്ങളുടെ ലേല നിരക്ക് 2.5 ശതമാനത്തില്‍ നിന്ന് 1 ശതമാനമായി കുറഞ്ഞത് ഉത്തരവാദിത്തമുള്ള വായ്പകളെ സൂചിപ്പിക്കുന്നു. 'ഇപ്പോള്‍ കുറച്ച് സ്വര്‍ണത്തിന് കൂടുതല്‍ തുക ലഭിക്കുന്നുണ്ടെങ്കിലും, അമിത ലിവറേജിംഗ് നടക്കുന്നില്ല,'- ഷാജി വര്‍ഗീസ് വ്യക്തമാക്കുന്നു.
ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവാണ്. രാജ്യത്തെ ലോക്കറുകളില്‍ പൂട്ടിവെച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ വലിയൊരു വിഹിതം കേരളത്തിന്റെ കയ്യിലാണെന്നതാണ് പ്രത്യേകത.
ബ്രിട്ടനെയും മറികടന്ന് കേരളത്തിലെ എന്‍ബിഎഫ്‌സികളുടെ സ്വര്‍ണശേഖരം ; മുത്തൂറ്റും മണപ്പുറവും സൂക്ഷിക്കുന്നത് ഉള്‍പ്പെടെ സംസ്ഥാനത്ത് 381 ടണ്‍ സ്വര്‍ണം
