ട്രംപിന്റെ താരിഫുകള്‍ വില വര്‍ധിപ്പിച്ചതായി സര്‍വേയില്‍ 70 ശതമാനം അമേരിക്കക്കാര്‍

ട്രംപിന്റെ താരിഫുകള്‍ വില വര്‍ധിപ്പിച്ചതായി സര്‍വേയില്‍ 70 ശതമാനം അമേരിക്കക്കാര്‍


വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടപ്പാക്കിയ ഇറക്കുമതി താരിഫുകളെ തുടര്‍ന്ന് സാധനങ്ങളുടെ വില ഉയര്‍ന്നതായി 10ല്‍ 7 അമേരിക്കക്കാര്‍ വിശ്വസിക്കുന്നതായി പുതിയ സര്‍വേ വ്യക്തമാക്കുന്നു. ദി ഗാര്‍ഡിയന് വേണ്ടി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

ദി ഹാരിസ് പോള്‍ നടത്തിയ പഠനത്തില്‍ 72 ശതമാനം വോട്ടര്‍മാര്‍ ട്രംപിന്റെ താരിഫുകള്‍ സാമ്പത്തിക രംഗത്ത് ഗുണപരായ സ്വാധീനത്തേക്കാള്‍ നെഗറ്റീവാണ് ഉണ്ടാക്കിയതെന്ന് അഭിപ്രായപ്പെട്ടു. 67 ശതമാനം പേരുടേയും അഭിപ്രായത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് താരിഫുകള്‍ ശരിയായ പരിഹാരമല്ലെന്നാണ് കണ്ടെത്തല്‍.

ഇത് വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാകാമെന്നാണ് വിലയിരുത്തല്‍.

ട്രംപിന്റെ പ്രധാന സാമ്പത്തിക നയമായ താരിഫുകള്‍ രാഷ്ട്രീയ കക്ഷികളിലാകെ വിമര്‍ശനം നേരിടുന്നതായി സര്‍വേ വ്യക്തമാക്കുന്നു.

റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ 64 ശതമാനം പേര്‍ താരിഫുകള്‍ കാരണം വില ഉയര്‍ന്നതായി സമ്മതിച്ചു. ഡെമോക്രാറ്റുകളില്‍ 77 ശതമാനം പേരും 

സ്വതന്ത്ര വോട്ടര്‍മാരില്‍ 67 ശതമാനം പേരും ഇതേ അഭിപ്രായം പങ്കുവച്ചു.

അതേസമയം ഉപഭോക്താക്കള്‍ക്ക് താരിഫുകള്‍ കൂടുതല്‍ ദോഷകരമായതായി റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ 60 ശതമാനവും ഡെമോക്രാറ്റുകളില്‍ 81 ശതമാനവും സ്വതന്ത്ര വോട്ടര്‍മാരില്‍ 75 ശതമാനവും പറയുന്നു. 

ഗ്രോസറി സ്റ്റോറുകളിലാണ് താരിഫുകളുടെ ആഘാതം കൂടുതല്‍ അനുഭവപ്പെടുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. 57 ശതമാനം പേര്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാന്‍ താരിഫുകള്‍ കാരണമായതായി പറഞ്ഞു.

സമീപകാല സാമ്പത്തിക കണക്കുകള്‍ പ്രകാരം 2025 ഫെബ്രുവരിയില്‍ നിന്ന് 2026 ഫെബ്രുവരി വരെ ഗ്രോസറി വിലകള്‍ 3.1 ശതമാനം വര്‍ധിച്ചു. ഇത് പൊതുവായ വിലക്കയറ്റ നിരക്കിനേക്കാള്‍ കൂടുതലാണ്.

പ്രത്യേകിച്ച് ബീഫും കോഫിയും പോലുള്ള ഉത്പന്നങ്ങളില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ബീഫിന്റെ വില 14 ശതമാനവും കോഫിയുടെത് 18 ശതമാനവുമാണ് ഉയര്‍ന്നത്. 

താരിഫുകള്‍ക്കെതിരെ ഭൂരിപക്ഷം വോട്ടര്‍മാര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ വിഭജനം വ്യക്തമായി നിലനില്‍ക്കുന്നു.

ഡെമോക്രാറ്റുകളില്‍ 81 ശതമാനം പേരും സ്വതന്ത്ര വോട്ടര്‍മാരില്‍ 68 ശതമാനം പേരും താരിഫുകള്‍ ശരിയായ പരിഹാരമല്ലെന്ന് പറഞ്ഞു. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ 53 ശതമാനം പേരാണ് ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നത്. 

സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ കൂടുതല്‍ ആശാവഹരാണെന്നും സര്‍വേ പറയുന്നു. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ 49 ശതമാനം പേര്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയാണെന്ന് വിശ്വസിക്കുമ്പോള്‍ ഡെമോക്രാറ്റുകളും സ്വതന്ത്ര വോട്ടര്‍മാരും ചേര്‍ന്ന് വെറും 18 ശതമാനം പേര്‍ മാത്രമാണ് ഇതേ അഭിപ്രായം പ്രകടിപ്പിച്ചത്.

റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ 69 ശതമാനം പേര്‍ താരിഫുകള്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലവസരങ്ങള്‍ തിരികെ കൊണ്ടുവന്നതായി അഭിപ്രായപ്പെട്ടു. എന്നാല്‍ ഡെമോക്രാറ്റുകളില്‍ 46 ശതമാനം പേരും സ്വതന്ത്ര വോട്ടര്‍മാരില്‍ 38 ശതമാനം പേരും നിര്‍മ്മാണ ജോലികള്‍ ഇനി തിരികെ വരില്ലെന്ന് വിശ്വസിക്കുന്നു.

2024ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും പ്രസിഡന്റായ ശേഷം ഡൊണള്‍ഡ് ട്രംപ് താരിഫുകള്‍ അമേരിക്കയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന നിലപാട് തുടര്‍ന്നും ആവര്‍ത്തിച്ചു. ഡിക്ഷ്ണറിയിലെ ഏറ്റവും മനോഹരമായ വാക്കാണ് താരിഫ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അടുത്തിടെ സുപ്രിം കോടതി ചില താരിഫുകള്‍ക്ക്  നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ട്രംപ് ഈ നയം തുടരാനാണ് ശ്രമിക്കുന്നത്.

ഫെബ്രുവരിയില്‍ അദ്ദേഹം ആഗോളതലത്തില്‍ 15 ശതമാനം അടിസ്ഥാന താരിഫ് പ്രഖ്യാപിച്ചു. കോടതിയുടെ വിധി പ്രകാരം ഇത് പരമാവധി 150 ദിവസത്തേക്ക് മാത്രമേ പ്രാബല്യത്തിലുണ്ടാകാന്‍ പാടുള്ളു.

അതേസമയം വൈറ്റ് ഹൗസ് വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട പുതിയ വ്യാപാര അന്വേഷണങ്ങളും ആരംഭിച്ചതായി അറിയിച്ചു. ഇതിലൂടെ കൂടുതല്‍ പുതിയ താരിഫുകള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

2026 ഫെബ്രുവരി 26 മുതല്‍ 28 വരെ അമേരിക്കയില്‍ 2,138 മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈനായി നടത്തിയ സര്‍വേയാണ് ദി ഹാരിസ് പോള്‍ നടത്തിയത്.