സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്


കൊച്ചി: ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. കൊച്ചി വി പി എസ് ലേക്ഷോര്‍ ആശുപത്രിയുടെയും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്റേയും സംയുക്ത ഹര്‍ജിയിലാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസിന്റെ ഉത്തരവ്. 

വിഷയത്തില്‍ ഒത്തുതീര്‍പ്പ് സാധ്യമാക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി ഇരുകക്ഷികളെയും മീഡിയേഷന്‍ സെന്ററില്‍ മധ്യസ്ഥ ചര്‍ച്ചക്ക് ഹൈക്കോടതി നിര്‍ദേശിച്ചു. ആശുപത്രി മാനേജ്മെന്റുകളും നഴ്‌സുമാരും തമ്മിലുള്ള ഏതൊരു ദീര്‍ഘകാല തര്‍ക്കവും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇത് ചികിത്സ തേടുന്ന രോഗികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കും. അതിനാല്‍, ആരോഗ്യ സ്ഥാപനങ്ങളുടെ തടസ്സമില്ലാത്ത പ്രവര്‍ത്തനം മുന്‍നിര്‍ത്തി മധ്യസ്ഥ നടപടികളെ സമീപിക്കുന്നതാണ് ഇരുവിഭാഗത്തിനും ഉചിതമെന്ന് ഹൈക്കോടതി വിലയിരുത്തുകയായിരുന്നു. ഇതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നഴ്സസ് അസോസിയേഷന്‍ പണിമുടക്ക് മാറ്റിവെയ്ക്കാനും അംഗങ്ങള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നില്ലെന്നും മാര്‍ച്ച് 19 വരെ ഏതെങ്കിലും തരത്തിലുള്ള പണിമുടക്കിലോ തടസ്സത്തിലോ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു.