രണ്ടു ദശാബ്ദത്തിന് ശേഷം അഡോബി സി ഇ ഒ സ്ഥാനത്ത് നിന്ന് ശാന്തനു നാരായണ്‍ പടിയിറങ്ങുന്നു

രണ്ടു ദശാബ്ദത്തിന് ശേഷം അഡോബി സി ഇ ഒ സ്ഥാനത്ത് നിന്ന് ശാന്തനു നാരായണ്‍ പടിയിറങ്ങുന്നു


സാന്‍ ഹോസെ: പ്രമുഖ ഡിസൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയയായ അഡോബിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി ഇ ഒ) ആയിരുന്ന ശാന്തനു നാരായണ്‍ ഏകദേശം രണ്ട് ദശാബ്ദം നീണ്ട സേവനത്തിന് ശേഷം സി ഇ ഒ സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതായി കമ്പനി അറിയിച്ചു. പുതിയ സി ഇ ഒയെ നിയമിച്ച ശേഷം അദ്ദേഹം സ്ഥാനം ഒഴിയുമെങ്കിലും കമ്പനിയുടെ ചെയര്‍മാനായി തുടരുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

2026 ഫെബ്രുവരി 27ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ ഫലങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഈ പ്രഖ്യാപനം വന്നത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നാസ്ഡാക്ക് കോംപോസിറ്റില്‍ ലിസ്റ്റ് ചെയ്ത അഡോബിയുടെ ഓഹരികള്‍ എക്സ്റ്റന്‍ഡഡ് ട്രേഡിംഗില്‍ ഏകദേശം 7 ശതമാനം ഇടിഞ്ഞു.

നാസ്ഡാക്കില്‍ സമര്‍പ്പിച്ച രേഖയില്‍ 18 വര്‍ഷമായി അഡോബിയുടെ സി ഇ ഒയായി പ്രവര്‍ത്തിക്കുന്ന ശാന്തനു നാരായണ്‍ തന്റെ പിന്‍ഗാമിയെ കണ്ടെത്തിയതിന് ശേഷം സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതായി കമ്പനി വ്യക്തമാക്കി. 

പുതിയ സിഇഒയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു. അഡോബിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇതിനായി പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രസ്തുത സമിതിയുടെ ചെയര്‍മാനായി കമ്പനിയുടെ ലീഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായ ഫ്രാങ്ക് കാല്‍ഡറോനിയെ നിയമിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

1963 മേയ് 27ന് ഹൈദരബാദിലെ തെലുങ്ക് ഹിന്ദു കുടുംബത്തില്‍ ജനിച്ച ശാന്തനു നാരായണിന്റെ പിതാവ് പ്ലാസ്റ്റിക് വ്യാപാരിയും മാതാവ് അമേരിക്കന്‍ സാഹിത്യം പഠിപ്പിച്ചിരുന്ന അധ്യാപികയുമായിരുന്നു.

ഹൈദരബാദ് പബ്ലിക്ക് സ്‌കൂളിലായിരുന്നു ശാന്തനുവിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. മൈക്രോസോഫ്റ്റ്് സി ഇ ഒ സത്യ നാദല്ലയും ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു.

ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം പിന്നീട് യു എസില്‍ ഉന്നത പഠനം നടത്തുകയായിരുന്നു. 

1980കളുടെ മധ്യത്തില്‍ അമേരിക്കയിലെത്തി ഒഹിയോ ബൗളിംഗ് ഗ്രീന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് നേടി. ആ കാലത്താണ് പിന്നീട് ഭാര്യയായ റെനിയുമായി അദ്ദേഹം പരിചയപ്പെട്ടത്. റെനി പിന്നീട് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി.

തുടര്‍ന്ന് ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ പഠനം തുടരുകയും ഹാസ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എം ബി എ നേടി. ജോലി ചെയ്തുകൊണ്ടിരിക്കെ രാത്രികാല ക്ലാസുകളിലിരുന്നാണ് അദ്ദേഹം ഈ ബിരുദം നേടിയത്.

1986ല്‍ മെഷറക്‌സ് ഓട്ടോമേഷന്‍ സിസ്റ്റംസിലാണ് ശാന്തനു നാരായണ്‍ തന്റെ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് 1989ല്‍ ആപ്പിളില്‍ ചേര്‍ന്ന് 1995 വരെ പ്രൊഡക്റ്റ് ഡെവലപ്മെന്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു.

1996ല്‍ സിലിക്കണ്‍ ഗ്രാഫിക്‌സില്‍ ഡയറക്ടര്‍ നിലയിലുള്ള സ്ഥാനവും വഹിച്ചു. ഫോട്ടോ ഷെയറിംഗ് മേഖലയില്‍ തുടക്കകാല സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ പിക്ട്ര ഇന്‍കിന്റെ സഹസ്ഥാപകരില്‍ ഒരാളായിരുന്നു. 1998ല്‍ അഡോബിയില്‍ ചേര്‍ന്ന ശാന്തനു നാരായണ്‍ പിന്നീട് പ്രസിഡന്റ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നീ നിലകളിലേക്ക് ഉയര്‍ന്നു. 2007ലാണ് അദ്ദേഹം സി ഇ ഒയായി ചുമതലയേറ്റത്.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഡോബി പരമ്പരാഗത സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് വില്‍പ്പന മോഡലില്‍ നിന്ന് സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള സേവനങ്ങളിലേക്ക് മാറി. പ്രത്യേകിച്ച് അഡോബി ക്രിയേറ്റീവ് ക്ലൗഡ് അവതരിപ്പിച്ചതോടെ കമ്പനിയുടെ ഡിജിറ്റല്‍ ഉത്പന്നങ്ങളും ബിസിനസ് മോഡലും വ്യാപകമായി വികസിച്ചു.