ഇന്ത്യ- യു എസ് ഖനിജ കരാര്‍ അന്തിമ ഘട്ടത്തിലെന്ന് സെര്‍ജിയോ ഗോര്‍

ഇന്ത്യ- യു എസ് ഖനിജ കരാര്‍ അന്തിമ ഘട്ടത്തിലെന്ന് സെര്‍ജിയോ ഗോര്‍


ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും ഖനിജങ്ങളുമായി ബന്ധപ്പെട്ട പ്രധാന കരാറിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നതായി ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോര്‍ അറിയിച്ചു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച വന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഊര്‍ജ സംവിധാനങ്ങള്‍, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയ്ക്ക് ആവശ്യമായ വിതരണ ശൃംഖലകള്‍ ഉറപ്പാക്കാന്‍ കരാര്‍ സഹായകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

അമേരിക്ക- ഇന്ത്യ ബന്ധം ചരിത്രപരമായ ഉയരങ്ങളിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട ഇടക്കാല വ്യാപാര കരാര്‍ ഉള്‍പ്പെടെയുള്ള അടുത്തകാല മുന്നേറ്റങ്ങള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവസരങ്ങളെ യഥാര്‍ഥ നേട്ടങ്ങളാക്കി മാറ്റാനുള്ള സര്‍ക്കാരുകളുടെ രാഷ്ട്രീയ സന്നദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുകയെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇരു രാജ്യങ്ങളും വ്യക്തമായ ഫലങ്ങള്‍ കൈവരിക്കുമെന്നും ഗോര്‍ പറഞ്ഞു.

വ്യാപാര മേഖലയിലും വിശ്വാസത്തിലും സാങ്കേതികവിദ്യയിലും തന്ത്രപ്രധാന ഏകോപനത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ വലിയ മുന്നേറ്റങ്ങളുണ്ടായതായും അത് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം എവിടേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വലുപ്പവും ജനങ്ങളുടെ കഴിവും ഊര്‍ജവും ഭാവിയിലെ സാധ്യതകള്‍ വളരെ വ്യക്തമായി കാണിക്കുന്നതായും അവസരങ്ങളെ നേരിട്ടുള്ള ഫലങ്ങളാക്കി മാറ്റാന്‍ വേണ്ടിയിരുന്നത് ഗതിയും രാഷ്ട്രീയ മനസ്സും മാത്രമാണെന്നും പ്രസ്തുത സാധ്യതകളാണ് തുറന്നുകിട്ടാന്‍ പോകുന്നതെന്നും ഗോര്‍ വിശദമാക്കി. 

ഇരു രാജ്യങ്ങളുടേയും പങ്കാളിത്തം കേവലം കസ്റ്റംസ് തീരുവകളോ വിപണി പ്രവേശനമോ മാത്രമല്ലെന്നും ഭാവിയിലെ ആഗോള സമ്പദ്വ്യവസ്ഥയെ നിര്‍ണയിക്കുന്ന വിഭവങ്ങളും വിതരണ ശൃംഖലകളും സുരക്ഷിതമാക്കുന്നതിനെയും കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും അമേരിക്കയും പരസ്പര പ്രയോജനകരമായ ഇടക്കാല വ്യാപാര കരാറിനുള്ള രൂപരേഖയില്‍ ധാരണയിലെത്തിയതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരുരാജ്യങ്ങളും വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരാനുള്ള പ്രതിബദ്ധത രൂപരേഖ വീണ്ടും ഉറപ്പിച്ചതായും കൂടുതല്‍ വിപണി പ്രവേശന പ്രതിബദ്ധതകളും ശക്തമായ വിതരണ ശൃംഖലകളും കരാറില്‍ ഉള്‍പ്പെടുമെന്നും ഇന്ത്യയിലെ യു എസ് അംബാസഡര്‍ പറഞ്ഞു.