എഐ നിക്ഷേപത്തിന് ഊന്നൽ; മൈക്രോസോഫ്റ്റിൽ 4,800 പേരെ പിരിച്ചുവിടുന്നു

എഐ നിക്ഷേപത്തിന് ഊന്നൽ; മൈക്രോസോഫ്റ്റിൽ 4,800 പേരെ പിരിച്ചുവിടുന്നു


കാലിഫോർണിയ: അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ആകെ ജീവനക്കാരുടെ ഏകദേശം 2.1 ശതമാനമാണിത്. എക്‌സ്‌ബോക്‌സ്, വാണിജ്യ വിഭാഗങ്ങൾ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൃത്രിമബുദ്ധി (എഐ) രംഗത്തെ നിക്ഷേപം വർധിപ്പിക്കുന്നതിനിടെയാണ് പുതിയ തൊഴിൽ വെട്ടിക്കുറയ്ക്കൽ.

തിങ്കളാഴ്ച ഓഹരി വിപണിയിൽ മൈക്രോസോഫ്റ്റിന്റെ ഓഹരികൾ 1.5 ശതമാനം വരെ ഇടിഞ്ഞു.  എഐ കാരണം ജോലിരീതിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയാണെന്നും പതിവ് ജോലികളിൽ പലതും ഓട്ടോമേറ്റഡ് ആകുകയാണെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, പിരിച്ചുവിടുന്ന തസ്തികകൾ എഐ ഉപയോഗിച്ച് പകരം നിറയ്ക്കുന്നതല്ലെന്നും അവർ വിശദീകരിച്ചു. വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനയോഗിക്കുന്നതിനുള്ള പുനഃക്രമീകരണത്തിന്റെ ഭാഗമാണ് നടപടിയെന്നും അവർ പറഞ്ഞു.

2026ന്റെ ആദ്യ ആറുമാസത്തിനിടെ മൈക്രോസോഫ്റ്റിന്റെ ഓഹരിവില 23 ശതമാനം ഇടിഞ്ഞിരുന്നു. 2022ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണിത്. ഈ വർഷം ആദ്യം അമേരിക്കയിലെ ഏകദേശം 9,000 ജീവനക്കാർക്ക് സ്വമേധയാ വിരമിക്കൽ പദ്ധതി കമ്പനി മുന്നോട്ടുവെച്ചിരുന്നു.

എഐ മേഖലയിലെ വൻ നക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ ആമസോൺ, മെറ്റ തുടങ്ങിയ പ്രമുഖ ടെക് കമ്പനികളും ഈ വർഷം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ആഗോള ടെക് കമ്പനികളുടെ എഐ ചെലവ് ഈ വർഷം 700 ബില്യൺ ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

എക്‌സ്‌ബോക്‌സ് വിഭാഗത്തിന്റെ ലാഭവിഹിതം മൂന്ന് ശതമാനമായി കുറഞ്ഞ സാഹചര്യത്തിൽ ബിസിനസിന് സമഗ്രമായ പുനഃസംഘടന അനിവാര്യമാണെന്ന് എക്‌സ്‌ബോക്‌സ് സിഇഒ ആശ ശർമ്മ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉള്ളടക്കം, പ്ലാറ്റ്‌ഫോം, ഹാർഡ്‌വെയർ എന്നിവയിൽ 20 ബില്യൺ ഡോളറലേറെ നക്ഷേപിച്ചിട്ടും വാർഷിക വരുമാനം ഏകദേശം അര ബില്യൺ ഡോളർ കുറഞ്ഞതായും അവർ ചൂണ്ടിക്കാട്ടി.