തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടില്‍ കേസെടുത്ത് ക്രൈംബ്രാഞ്ച്. പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ ക്രമക്കേടുകളിലാണ് കേസെടുത്തിട്ടുള്ളത്. പിഎസ്‍സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ്. എന്നാല്‍ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല. വിശ്വാസ വഞ്ചന, അഴിമതി നിരോധന നിയമ പ്രകാരവുമുള്ള എന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളില്‍ എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
നേരത്തെ പരാതികളില്‍ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്മേല്‍ ഡിജിപി നിയമോപദേശം തേടിയിരുന്നു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും, ക്രൈംബ്രാഞ്ചിന് കേസെടുത്ത് മുന്നോട്ടുപോകാമെന്നും നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റു പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളില്‍ അന്വേഷണം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു.
പിഎസ് സി പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ സര്‍ക്കാന്‍ നിയോഗിച്ചത്. പിഎസ്‌സി ആസ്ഥാനത്തെത്തിയ എസ്‌ഐടി സംഘം രേഖകള്‍ വിശദമായി പരിശോധിച്ചിരുന്നു. ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ 54 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ എന്തുകൊണ്ടാണ് മൂല്യനിര്‍ണയം നടത്താത്തതെന്നതാണ് എസ്ഐടി പ്രധാനമായും അന്വേഷിച്ചത്. ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംശയമുള്ള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യല്‍ അടക്കമുള്ള തുടരന്വേഷണത്തിന്റെ ഭാഗമായാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പിഎസ്സി പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
