മന്‍മോഹന്‍ സിങിനെതിരായ കല്‍ക്കരി പാടം അഴിമതി; കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി

മന്‍മോഹന്‍ സിങിനെതിരായ കല്‍ക്കരി പാടം അഴിമതി; കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി


ന്യൂഡല്‍ഹി: കല്‍ക്കരി പാടം അഴിമതി കേസില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി. മന്‍മോഹന്‍ സിങിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കുകയും സിബിഐയുടെ ക്ലീന്‍ ചിറ്റ് അടങ്ങിയ ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. 

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും ശ്രദ്ധേയമായ കേസായിരുന്നു ഇത്. സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനോ അദ്ദേഹത്തിനെതിരെ നടപടികളിലേക്ക് കടക്കാനോ തക്കതായ ശക്തമായ കാരണങ്ങളൊന്നുമില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി. കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരുടെ സഹായത്തോടെ സിബിഐ സമര്‍പ്പിച്ച രണ്ട് ക്ലോഷര്‍ റിപ്പോര്‍ട്ടുകളും ഞങ്ങള്‍ പരിശോധിച്ചു. സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനോ മറ്റ് നടപടികളിലേക്ക് കടക്കാനോ ഉള്ള തക്കതായ കാരണങ്ങളില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. വിചാരണ നേരിടുന്നതിനുള്ള സമന്‍സ് അയച്ച ഉത്തരവും ഇതോടെ റദ്ദാക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ 2005ല്‍ താലിബറ ബ്ലോക്കില്‍ ഹിന്‍ഡാല്‍ക്കോക്ക് നിയമവിരുദ്ധമായി ഖനനനത്തിനുള്ള അഴിമതി നല്‍കിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് 2015 ജനുവരി 20ന് സിബിഐ മന്‍മോഹന്‍ സിങിനെ ചോദ്യം ചെയ്തിരുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള കമ്പനിയായ ഹിന്‍ഡാല്‍കോ കോള്‍ പാടം അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ ആദ്യം നിരസിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അനുവദിക്കപ്പെടുകയായിരുന്നു. കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ്, വ്യവസായ കുമര മംഗളം ബിര്‍ള എന്നിവരുള്‍പ്പെടെ ആറ് പേരെ പ്രതികളാക്കി കോടതി സമന്‍സ് അയച്ചിരുന്നു. തന്നെപ്പോലുള്ള ജനപ്രതിനിധികളെ വിചാരണ ചെയ്യുന്നതിന് ആവശ്യമായ മുന്‍കൂര്‍ അനുമതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്‍മോഹന്‍ സിങ് യാതൊരു വിധ കുറ്റകൃത്യവും നടന്നിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.