മനാമ: സൗദി അറേബ്യയുടെ ഈസ്റ്റേൺ റീജിയണിലുള്ള എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് നേരെ ഇറാഖിൽ നിന്നുണ്ടായ ഡ്രോൺ-ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തറും ബഹ്റൈനും. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കടുത്ത ഭീഷണിയുയർത്തുന്ന പ്രകോപനപരമായ നീക്കമാണിതെന്ന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ വ്യക്തമാക്കി.
മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ തകർക്കുന്ന നടപടിയാണ് ഇതെന്ന് ബഹ്റൈൻ ചൂണ്ടിക്കാട്ടി. യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിന്റെ പരസ്യമായ ലംഘനമാണിത്. സ്വന്തം മണ്ണ് സംരക്ഷിക്കാനും ആക്രമണങ്ങളുടെ ഉറവിടങ്ങൾക്ക് തക്കതായ മറുപടി നൽകാനുമുള്ള സൗദിയുടെ അവകാശത്തിന് ബഹ്റൈൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
സൗദിയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും നല്ല അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങളുടെയും പരസ്യമായ ലംഘനമാണിത്. സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി കൈക്കൊള്ളുന്ന എല്ലാ നിയമപരമായ നടപടികൾക്കും ഖത്തറിന്റെ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
ആയുധങ്ങൾ പൂർണമായും രാജ്യത്തിന്റെ ഔദ്യോഗിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കണമെന്ന ഇറാഖ് സർക്കാരിന്റെ തീരുമാനം അടിയന്തരമായി നടപ്പിലാക്കണമെന്ന് ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. അക്രമകാരികളായ സായുധ ഗ്രൂപ്പുകൾ ഇറാഖി മണ്ണ് മറ്റ് അയൽരാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്താനുള്ള കേന്ദ്രമാക്കി മാറ്റുന്നത് തടയാൻ ഇറാഖ് സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
സൗദി അറേബ്യയുടെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം; കടുത്ത ഭാഷയിൽ അപലപിച്ച് ഖത്തറും ബഹ്റൈനും
