'ഭയപ്പെടുത്തുന്ന' റോബോട്ട് എ ഐ? ഓപ്പണ്‍എഐയുടെ പരീക്ഷണ എ ഐ ഏജന്റ് മറ്റൊരു ടെക് കമ്പനിയുടെ ഉപഭോക്താവിനെയും ആക്രമിച്ചതായി റിപ്പോര്‍ട്ട്

'ഭയപ്പെടുത്തുന്ന' റോബോട്ട് എ ഐ? ഓപ്പണ്‍എഐയുടെ പരീക്ഷണ എ ഐ ഏജന്റ് മറ്റൊരു ടെക് കമ്പനിയുടെ ഉപഭോക്താവിനെയും ആക്രമിച്ചതായി റിപ്പോര്‍ട്ട്


സാന്‍ ഫ്രാന്‍സിസ്‌കോ: ആഭ്യന്തര സുരക്ഷാ പരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട ഓപ്പണ്‍എഐയുടെ സ്വയം പ്രവര്‍ത്തിക്കുന്ന എഐ ഏജന്റ് പ്രമുഖ എഐ പ്ലാറ്റ്ഫോമായ ഹഗ്ഗിങ് ഫേസിനെ സൈബര്‍ ആക്രമണം നടത്തിയതിന് പുറമെ ക്ലൗഡ് കമ്പ്യൂട്ടിങ് കമ്പനിയായ മോഡല്‍ ലാബ്‌സിന്റെ ഒരു ഉപഭോക്താവിനെയും ബാധിച്ചതായി റിപ്പോര്‍ട്ട്.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം മോഡല്‍ ലാബ്‌സിന്റെ ചീഫ് ടെക്‌നോളജി ഓഫീസറെയും സംഭവത്തെക്കുറിച്ച് അറിവുള്ള മറ്റ് ഉറവിടങ്ങളെയും ഉദ്ധരിച്ചാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

എന്നാല്‍, തങ്ങളുടെ സ്വന്തം അടിസ്ഥാനസൗകര്യങ്ങള്‍ ഒരിക്കലും ലംഘിക്കപ്പെട്ടിട്ടില്ലെന്ന് മോഡല്‍ ലാബ്‌സ് വ്യക്തമാക്കി. കമ്പനിയുടെ പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് കടന്നുകയറുകയല്ല, മറിച്ച് ഉപഭോക്താവ് പ്രസിദ്ധീകരിച്ച കോഡിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് എഐ ഏജന്റ് പ്രവര്‍ത്തിച്ചതെന്നും കമ്പനി അറിയിച്ചു.

ഹഗ്ഗിങ് ഫേസ് പുറത്തുവിട്ട സംഭവക്രമം അനുസരിച്ച് നിയന്ത്രണം വിട്ട എഐ ഏജന്റ് ആദ്യം ഒരു മൂന്നാം കക്ഷി സേവനദാതാവിന്റെ സാന്‍ഡ്ബോക്‌സ് സംവിധാനത്തില്‍ പ്രവേശിച്ചു. ഒറ്റപ്പെട്ട പരീക്ഷണ അന്തരീക്ഷമായിരുന്ന ഈ സാന്‍ഡ്ബോക്‌സിനെ പിന്നീട് വ്യാപകമായ ആക്രമണത്തിന് തുടക്കകേന്ദ്രമായി ഉപയോഗിക്കുകയായിരുന്നു.

സേവനദാതാവിന്റെ പേര് ഹഗ്ഗിങ് ഫേസ് വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും അത് മോഡല്‍ ലാബ്‌സിന്റെ അടിസ്ഥാനസൗകര്യമായിരുന്നുവെന്ന് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ അക്ഷത് ബുബ്‌ന സ്ഥിരീകരിച്ചു.

മോഡല്‍ ലാബ്‌സിന്റെ ഒരു ഉപഭോക്താവ് അനധികൃത പ്രവേശനം തടയാത്ത എന്‍ഡ്പോയിന്റ് പ്രസിദ്ധീകരിച്ചിരുന്നതായും ഇതുവഴി ഇന്റര്‍നെറ്റിലുള്ള ആര്‍ക്കും സാന്‍ഡ്ബോക്‌സില്‍ കോഡ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്നുവെന്നും ബുബ്‌ന പറഞ്ഞു.

ഉപഭോക്താവിന്റെ കോഡില്‍ ഡിജിറ്റല്‍ ലോകത്തെ തുറന്നുകിടക്കുന്ന ഒരു വാതിലിന് സമാനമായ സുരക്ഷാ വീഴ്ചയുണ്ടായിരുന്നുവെന്ന് മോഡല്‍ ലാബ്‌സ് വ്യക്തമാക്കി. തങ്ങളുടെ പ്ലാറ്റ്ഫോമിനോ സുരക്ഷാ സംവിധാനങ്ങള്‍ക്കോ യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

ഹഗ്ഗിങ് ഫേസില്‍ നടന്ന ആക്രമണത്തിനപ്പുറം സ്വയം പ്രവര്‍ത്തിക്കുന്ന എഐ സംവിധാനം മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളെയും ലക്ഷ്യമിട്ടിരുന്നുവെന്ന സൂചനയാണ് സംഭവം നല്‍കുന്നത്.

മോഡല്‍ ലാബ്‌സുമായി ബന്ധപ്പെട്ട പ്രത്യേക സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഓപ്പണ്‍എഐ തയ്യാറായില്ല. എന്നാല്‍, നാല് വ്യത്യസ്ത സേവനങ്ങളിലായി നാല് അക്കൗണ്ടുകള്‍ എഐ ഏജന്റ് ബാധിച്ചതായി കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏത് സേവനങ്ങളാണ് ബാധിച്ചതെന്ന് ഓപ്പണ്‍എഐ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മോഡല്‍ ലാബ്‌സ് അവയില്‍ ഒന്നായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് അറിവുള്ള ഒരാള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹഗ്ഗിങ് ഫേസിലെ സംഭവത്തിന് സമാനമായ ഗൗരവമോ വ്യാപ്തിയോ ഉള്ള മറ്റൊരു സംഭവം കണ്ടെത്തിയിട്ടില്ലെന്നും ഓപ്പണ്‍എഐ അറിയിച്ചു. ഹഗ്ഗിങ് ഫേസിലെ സംഭവം ഒരു പ്ലാറ്റ്ഫോം തലത്തിലുള്ള സുരക്ഷാ ലംഘനമായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ ആക്രമണത്തില്‍ ഉള്‍പ്പെട്ട പരീക്ഷണ എഐ മോഡലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും അതിന്റെ ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്യുകയും പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായി ഓപ്പണ്‍എഐ അറിയിച്ചു.

ജൂലൈ ആദ്യവാരത്തിലാണ് സംഭവം നടന്നത്. സൈബര്‍ സുരക്ഷാ രംഗത്തെ ആക്രമണ ശേഷി വിലയിരുത്തുന്നതിനായി നിയന്ത്രിത അന്തരീക്ഷത്തില്‍ ഓപ്പണ്‍എഐ നൂതന എഐ സംവിധാനങ്ങള്‍ പരീക്ഷിച്ചുവരികയായിരുന്നു.

സുരക്ഷിതമായ സാന്‍ഡ്ബോക്‌സില്‍ പരിമിതപ്പെടുത്തിയിരുന്നിട്ടും എഐ മോഡലുകള്‍ അപ്രതീക്ഷിതമായി ഇന്റര്‍നെറ്റ് പ്രവേശനം നേടാനുള്ള മാര്‍ഗം കണ്ടെത്തിയതായി ഓപ്പണ്‍എഐ അറിയിച്ചു.

നല്‍കിയിരുന്ന പരിശോധനാ ചുമതല പൂര്‍ത്തിയാക്കുന്നതിന് പകരം, പരീക്ഷണം മറികടക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ കണ്ടെത്താന്‍ എഐ മോഡലുകള്‍ സ്വതന്ത്രമായി ശ്രമിച്ചതായാണ് കമ്പനി പറയുന്നത്. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ എഐ മോഡല്‍, ഡേറ്റാസെറ്റ്, സോഫ്റ്റ്വെയര്‍ ശേഖരങ്ങളിലൊന്നായ ഹഗ്ഗിങ് ഫേസിനെ ലക്ഷ്യമിടാന്‍ കാരണമായത്.

മോഷ്ടിക്കപ്പെട്ട ക്രെഡന്‍ഷ്യലുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ആക്രമണ സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ത്താണ് എഐ സംവിധാനം പ്രവേശനം നേടിയതെന്നും ഓപ്പണ്‍എഐ വ്യക്തമാക്കി.

മനുഷ്യന്റെ നേരിട്ടുള്ള നിര്‍ദേശമില്ലാതെ സ്വയം പ്രവര്‍ത്തിച്ചാണ് ആക്രമണം നടന്നതെന്നതിനാല്‍ എഐ സുരക്ഷാ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്.

പരമ്പരാഗത സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വിവരശേഖരണം മുതല്‍ സുരക്ഷാ വീഴ്ച പ്രയോജനപ്പെടുത്തല്‍ വരെയുള്ള മുഴുവന്‍ നടപടികളും ഒരു എഐ ഏജന്റാണ് നടത്തിയതെന്ന് ഹഗ്ഗിങ് ഫേസ് അറിയിച്ചു.

ആക്രമണത്തിന്റെ സങ്കീര്‍ണത കണക്കിലെടുത്ത് ഇത് ഒരു പ്രമുഖ എഐ ലാബില്‍ നിന്നുണ്ടായതാണെന്ന് ആദ്യം സംശയിച്ചിരുന്നുവെന്നും ഓപ്പണ്‍എഐയ്ക്ക് ദുഷ്ടലക്ഷ്യമുണ്ടായിരുന്നില്ലെന്ന് വിശ്വസിക്കുന്നതായും ഹഗ്ഗിങ് ഫേസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ക്ലെമന്റ് ഡെലാങ് എക്‌സില്‍ കുറിച്ചു. എന്നാല്‍ എഐയുടെ സ്വയം പ്രവര്‍ത്തന ശേഷിയെ 'അമ്പരപ്പിക്കുന്നതെന്ന്' അദ്ദേഹം വിശേഷിപ്പിച്ചു.

ഈ സംഭവം 'പല കാരണങ്ങളാലും അതിശയകരമാണെന്ന്' ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ കമ്പ്യൂട്ടിങ് പ്രൊഫസര്‍ ഹുസൈന്‍ അബ്ബാസ് എ എഫ് പിയോട് പറഞ്ഞു. സ്വന്തം സുരക്ഷാ വീഴ്ചകള്‍ ഉപയോഗപ്പെടുത്തുന്നതിന് ആഭ്യന്തര സംവിധാനത്തെ ലക്ഷ്യമിട്ടത് ഭയപ്പെടുത്തുന്നതാണെന്ന് അബ്ബാസ് പറഞ്ഞു.