ഇറാന്റെ മിസൈല്‍ ആക്രമണം അമേരിക്ക തടഞ്ഞതിന് പിന്നാലെ എണ്ണവിലയില്‍ മൂന്ന് ശതമാനത്തിലേറെ കുതിപ്പ്

ഇറാന്റെ മിസൈല്‍ ആക്രമണം അമേരിക്ക തടഞ്ഞതിന് പിന്നാലെ എണ്ണവിലയില്‍ മൂന്ന് ശതമാനത്തിലേറെ കുതിപ്പ്


സിംഗപ്പൂര്‍: അമേരിക്കന്‍ സേനയെ ലക്ഷ്യമിട്ട് ഇറാന്‍ വിക്ഷേപിച്ച ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി തടഞ്ഞതായി അമേരിക്കന്‍ സൈന്യം അറിയിച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മൂന്ന് ശതമാനത്തിലേറെ വര്‍ധന.

ബുധനാഴ്ച ഏഷ്യന്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍, അമേരിക്കന്‍ ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു ടി ഐ) ക്രൂഡ് ഓയില്‍ വില 3.67 ശതമാനം ഉയര്‍ന്ന് ബാരലിന് 82.17 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 3.39 ശതമാനം ഉയര്‍ന്ന് 86.94 ഡോളര്‍ ആയി.

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചതിന് പിന്നാലെയാണ് എണ്ണവില കുതിച്ചുയര്‍ന്നത്.

വിക്ഷേപിച്ച എല്ലാ മിസൈലുകളും വിജയകരമായി തടഞ്ഞതായും ആക്രമണലക്ഷ്യമായ സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്കയും ഇറാനും തമ്മില്‍ നേരിട്ടുള്ള ആക്രമണങ്ങളില്‍ ഉണ്ടായിരുന്ന ഇടവേളയാണ് പുതിയ സംഭവവികാസത്തോടെ അവസാനിച്ചത്. രണ്ടാഴ്ചത്തോളം അമേരിക്ക ഇറാനെതിരെ തുടര്‍ച്ചയായി നടത്തിയ രാത്രികാല ആക്രമണങ്ങള്‍ക്കും ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കും പിന്നാലെ കഴിഞ്ഞ വാരാന്ത്യത്തില്‍ ഇരു രാജ്യങ്ങളും ആക്രമണങ്ങള്‍ കുറച്ചിരുന്നു.

ജൂലൈ മധ്യത്തില്‍ ആഗോള എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച നിരവധി കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതോടെയാണ് നിലവിലെ സംഘര്‍ഷം രൂക്ഷമായത്.

വാരാന്ത്യത്തില്‍ സംഘര്‍ഷം ശമിക്കുന്നുവെന്ന പ്രതീക്ഷ ഉയര്‍ന്നതോടെ എണ്ണ വിലയില്‍ വലിയ ഇടിവുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ പുരോഗതിക്ക് 'നല്ല സാധ്യതയുണ്ടെന്ന്' പറഞ്ഞതും വിപണിയില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു.

എന്നാല്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തോടെ പശ്ചിമേഷ്യയില്‍ വീണ്ടും വ്യാപകമായ യുദ്ധസാഹചര്യം രൂപപ്പെടുമെന്ന ആശങ്ക ശക്തമായി. മേഖലയിലെ ക്രൂഡ് ഓയില്‍ വിതരണത്തെ ഇത് ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് വ്യാപാരികള്‍ എണ്ണ വില ഉയര്‍ത്തിയതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ ശക്തമായ കുതിപ്പുണ്ടായി.