വാഷിംഗ്ടണ്‍: അമേരിക്കയുടെ 47ാം പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ലോകമെങ്ങും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് ഡോണാള്‍ഡ് ട്രംപ്. യുഎസിലെ അതിസമ്പന്നനായ ഒരു ബിസിനസുകാരന്‍ കൂടിയാണ് അദ്ദേഹം. ട്രംപിന്റെ ആസ്തി വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങളും പ്രധാന വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ട്രംപിന്റെ ആസ്തി വരുമാനത്തില്‍ കൂടുതലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ നിന്നുള്ളവയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ശമ്പളം പ്രതിവര്‍ഷം 400,000 ഡോളറാണ്. ഇത് ഇപ്പോഴത്തെ നിരക്കില്‍ 3,37,52,000 രൂപയാണ് ഇത് 2001 മുതല്‍ മാറ്റമില്ലാതെ നില്‍ക്കുന്നു. അതേ സമയം മറ്റ് ലോകരാജ്യങ്ങളിലെ പല പ്രസിഡന്റുമാരേക്കാളും ഉയര്‍ന്ന ശമ്പളമാണിത്.
ട്രംപിന്റെ ആസ്തി മൂല്യം
നിലവില്‍ ഏകദേശം 6.49 ബില്യണ്‍ ഡോളറാണ് ട്രംപിന്റെ ആസ്തി. സമീപ കാലത്ത് അദ്ദേഹത്തിന്റെ സമ്പത്തില്‍ 45.9 മില്യണ്‍ ഡോളറിന്റെ (1.5%) ഇടിവുണ്ടായതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ വര്‍ഷം മുഴുവനായി പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി മൂല്യം 3.4 ബില്യണ്‍ ഡോളര്‍ (110%) എന്ന തോതില്‍ വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഓഹരി വരുമാനം
ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പ് കമ്പനിയില്‍ 57% ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിനുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ാം തിയ്യതി ഈ കമ്പനിയുടെ ഓഹരി വില 51.51 ഡോളര്‍ വരെ ഉയര്‍ന്നു. ഇതോടെ ട്രംപിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യം 5.9 ബില്യണ്‍ എന്ന നിലയിലേക്ക് വര്‍ധിച്ചു. എന്നാല്‍ പിന്നീട് ഓഹരി വിലയില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്ന് 2.4 ബില്യണ്‍ ഡോളറുകളുടെ കുറവുണ്ടായി.
റിയല്‍ എസ്റ്റേറ്റും മറ്റ് ആസ്തികളും
ഫ്‌ളോറിയഡയിലെ മാര്‍ എ ലോഗോ മാന്‍ഹട്ടനിലെ ട്രംപ് ടവര്‍ എന്നീ വില കൂടിയ പ്രോപര്‍ട്ടികളും, 1290 അവന്യൂ ഓഫ് ദി അമേരിക്കന്‍സ് ഓഹരികള്‍ എന്നിവയ്ക്ക് ആകെ 500 മില്യണ്‍ ഡോളര്‍ മൂല്യമുണ്ട്. ട്രംപ് നാഷനല്‍ ഡോറല്‍ മിയാമി ഗോള്‍ഫ് റിസോര്‍ട്ടിന്റെ മൂല്യം ഏകദേശം 300 മില്യണ്‍ ഡോളറാണ്. ക്രിപ്‌റ്റോ കറന്‍സി, നോണ്‍ ഫന്‍ജിബിള്‍ ടോക്കണ്‍സ് (NFTs) എന്നിവയിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്.
ലൈസന്‍സിങ്, പബ്ലിഷിങ് വരുമാനങ്ങള്‍
റിയല്‍ എസ്റ്റേറ്റ്, മീഡിയ എന്നീ മേഖലകളിലെ വരുമാനത്തിന് പുറമെ മറ്റ് പല രീതികളിലും അദ്ദേഹത്തിന് പണം ലഭിക്കുന്നു. 2023ല്‍ NFT ലൈസന്‍സിങ്ങിലൂടെ അദ്ദേഹം 7.2 മില്യണ്‍ ഡോളര്‍ നേടി. വിര്‍ച്വല്‍ ആസ്തികളില്‍ ഏകദേശം 5 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണുള്ളത്. 59.99 ഡോളറിന്റെ ഒരു ബൈബിള്‍ എന്‍ഡോഴ്‌സിങ്ങിലൂടെ 300,000 ഡോളറാണ് അദ്ദേഹം വരുമാനമായി നേടിയത്. ട്രംപിന്റെ പുസ്തകമായ Trump's book, Letters to Trump അദ്ദേഹത്തിന് 4.5 മില്യണ്‍ ഡോളര്‍ വരുമാനം നേടിക്കൊടുത്തു. The Apprentice, The Art of the Deal എന്നിവയിലെ റോയല്‍റ്റിയിലൂടെയും അദ്ദേഹം വരുമാനം നേടുന്നു.
ട്രംപ് ടവര്‍, മറ്റ് പ്രോപര്‍ട്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ട വായ്പാ ബാധ്യതകളും അദ്ദേഹത്തിനുണ്ട്. തനിക്കെതിരെയുള്ള കേസുകള്‍ നേരിടാന്‍ അദ്ദേഹം ആകെ 500 മില്യണ്‍ ഡോളറിലധികം ചിലവാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍
അമേരിക്കന്‍ പ്രസിഡന്റിന് എത്ര ശമ്പളം കിട്ടും: ട്രംപിന്റെ ആസ്തി മൂല്യമെത്ര?