നിയമങ്ങള്‍ അവഗണിച്ച് കേരളത്തില്‍ വിദേശ രാജ്യങ്ങളിലെ ലോട്ടറി വില്‍പന; 3.5 കോടി രൂപ മുതല്‍ 225 കോടി വരെ സമ്മാനവാഗ്ദാനം

നിയമങ്ങള്‍ അവഗണിച്ച് കേരളത്തില്‍ വിദേശ രാജ്യങ്ങളിലെ ലോട്ടറി വില്‍പന;  3.5 കോടി രൂപ മുതല്‍ 225 കോടി വരെ സമ്മാനവാഗ്ദാനം


കൊച്ചി: നിയമങ്ങള്‍ അവഗണിച്ച് കേരളത്തില്‍ വിദേശ രാജ്യങ്ങളിലെ ലോട്ടറി വില്‍പന. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് ഒമാന്‍, യുഎഇ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ ലോട്ടറികള്‍ വ്യാപകമായി വില്‍പന നടത്തുന്നത്. 3.5 കോടി രൂപ മുതല്‍ 225 കോടി വരെ സമ്മാനം വാഗ്ദാനം ചെയ്താണ് വിദേശ ലോട്ടറി വില്‍പന നടക്കുന്നത്. കേരളത്തിന് ഒരു രൂപ പോലും നികുതി നല്‍കാതെയാണ് ഈ തട്ടിപ്പ്.

കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പേപ്പര്‍ ലോട്ടറികള്‍ വില്‍ക്കാന്‍ മാത്രമാണ് അനുമതി. എന്നാല്‍ ആഴ്ചയില്‍ ലക്ഷകണക്കിന് ഇത്തരത്തില്‍ വിദേശലോട്ടറികളാണ് വിറ്റഴിക്കുന്നത്. ലക്കി ലോട്ടോ കമ്യൂണിറ്റി എന്ന വാട്‌സ് ഗ്രൂപ്പിലൂടെ സ്‌പെയിനിലെ അഞ്ച് ലോട്ടറികള്‍ വില്‍ക്കുന്നത്. 252 കോടി സമ്മാനതുക ലഭിക്കുന്ന ജാക് പോട്ട് ലോട്ടറികള്‍ വരെ ഇതിലുള്‍പ്പെടുന്നു. ലപ്രിമിറ്റിവ ജാക് പോട്ട് എന്ന ലോട്ടറിക്ക് വിലയോ വെറും 220 രൂപ. ഏത് ഭാഗ്യാന്വേഷികളും ഈ പ്രചാരണത്തില്‍ വീണു പോകും.

സ്‌പെയിനില്‍ നിന്ന് ഡയറക്ട് ടിക്കറ്റ് കൗണ്ടറുകള്‍ വഴിയാണ് ടിക്കറ്റെടുക്കുന്നത്. കസിന്‍ വഴിയാണ് ടിക്കറ്റ് വാങ്ങുന്നതെന്നും ഗ്രൂപ്പ് അഡ്മിന്‍ പറയുന്നു. നറക്കെടുപ്പില്‍ വിജയിച്ചാല്‍ ഇയാളുടെ പേരില്‍ തന്നെയാണ് ടിക്കറ്റ് ക്ലെയിം ചെയ്യുക. പിന്നാലെ പേപ്പര്‍ വര്‍ക്കുകള്‍ക്ക് ശേഷം 34 മാസങ്ങള്‍ കാത്തിരുന്നാല്‍ പണം കൈകളിലെത്തുമെന്നും അഡ്മിന്‍ പറയുന്നു.
വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരുടെ നമ്പറുകള്‍ ശ്രദ്ധിച്ചാലും കൗതുകമാണ്. ഇതില്‍ 5 എണ്ണം ഇന്ത്യന്‍ നമ്പറുകള്‍ . ഒരെണ്ണം കുവൈറ്റ് നമ്പറും. ഈ നമ്പറുകള്‍ വഴിയാണ് ലോട്ടറി വാങ്ങാനുള്ള മുഴുവന്‍ പണമിടപാടും നടക്കുന്നത്. ഒരു ജാക് പോട്ട് മാത്രമല്ല, 5.5 കോടി ഒന്നാം സമ്മാനമുള്ള ബോണോ ലോട്ടോ, 3.7 കോടിയുടെ മറ്റൊരു ജാക് പോട്ട് തുടങ്ങി ആഴ്ചയില്‍ 5 ദിവസവും ഉണ്ട് നറുക്കെടുപ്പ്. പണം നല്‍കിയാല്‍ ഇവര്‍ക്കെല്ലാം വ്യത്യസ്ത വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ടിക്കറ്റ് അയച്ചുനല്‍കും. വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ നറുക്കെടുപ്പിന്റെ തത്സമയ യുട്യൂബ് ലിങ്കും നല്‍കും.
സ്‌പെയിനില്‍ നിന്ന് മാത്രമല്ല, ദുബായ് ലെ മഹ്‌സൂസ് ലോട്ടറി ടിക്കറ്റുകളും ഗ്രൂപ്പില്‍ വില്‍പനയ്ക്കുണ്ട്. ഒന്നാം സമ്മാനം 45 കോടി രൂപ. ഇത് യുഎഇ ബിഗ് ടിക്കറ്റ് വില്‍പന നടത്തുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ടിക്കറ്റുകള്‍ക്ക് ഒന്നാം സമ്മാനം 58 കോടി രൂപ.വലിയ തുക സമ്മാനം ലഭിക്കും എന്ന് വിശ്വസിപ്പിച്ച് ഗള്‍ഫിലെ ലോട്ടറിക്കും മികച്ച മാര്‍ക്കറ്റാണ് കേരളത്തില്‍. വിദേശ ലോട്ടറി മാഫിയ ഇടപെടുന്നതും അങ്ങനെയാണ്.

സംസ്ഥാന സര്‍ക്കാറിന്റെ ലോട്ടറി ടിക്കറ്റിന് 28% ആണ് ജി എസ് ടി. അതായത് 100 രൂപയുടെ ലോട്ടറിയെടുത്താന്‍ സര്‍ക്കാറിന് ലഭിക്കുന്നത് 28 രൂപ. വിദേശ ലോട്ടറികള്‍ക്ക് ഒരു രൂപ പോലും നികുതിയും നല്‍കേണ്ട. ഓരോ വാട്‌സപ്പ് ഗ്രൂപ്പിലും 250 ആളുകള്‍ വരെയുണ്ട്.
ഈ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മാത്രം പിന്തുടര്‍ന്ന്  തട്ടിപ്പുകാരെയും നിയമ ലംഘകരെയും കണ്ടെത്താനും നടപടി എടുക്കാനും ഒരു പ്രയാസവുമില്ലെന്നിരിക്കെ സര്‍ക്കാരിന്റെ തുടര്‍ നടപടിയാണ് ആവശ്യം.