മഹാമാരിക്കാലം പിന്നിട്ടെങ്കിലും വിമാനയാത്രകളില്‍ പകര്‍ച്ചവ്യാധികളടക്കം രോഗബാധകളുണ്ടാകാനുള്ള സാധ്യതകളെ കുറിച്ചുള്ള ആശങ്കകള്‍ അവസാനിച്ചിട്ടില്ല. പ്രത്യേകിച്ച് ലോകമെമ്പാടും പര്യടനം നടത്തുന്ന ഒളിമ്പിക് താരങ്ങള്‍ക്ക് അത് വലിയ വെല്ലുവിളിയാണ്. 2026ലെ ഇറ്റലിയിലെ ശീതകാല ഒളിമ്പിക്‌സിനായി യാത്ര ചെയ്യുന്ന അമേരിക്കന്‍ ടീമിലെ താരങ്ങള്‍ക്കായി യുഎസ് ഒളിമ്പിക് ആന്‍ഡ് പാരാലിമ്പിക് കമ്മിറ്റി (USOPC)യുടെ മെഡിക്കല്‍ ചീഫ് ഡോ. ജോനാഥന്‍ ഫിന്നോഫ് നല്‍കിയിട്ടുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നു.
ഫിന്നോഫ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിമാനസീറ്റുകള്‍ മുതല്‍ ട്രേടേബിള്‍ വരെയുള്ളവയെക്കുറിച്ചെല്ലാം പഠിച്ചാണ് താരങ്ങളെ രോഗമുക്തരാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
സീറ്റ് തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കണം
യാത്ര തുടങ്ങുംമുമ്പ് തന്നെ രോഗബാധ ഒഴിവാക്കാനുള്ള ആദ്യചുവടാണ് ശരിയായ സീറ്റ് തിരഞ്ഞെടുപ്പ്. വിമാനത്തിന്റെ മുന്നിലോ പിന്നിലോ അല്ലാതെ നടുവിലായി വിന്‍ഡോ സീറ്റ് തിരഞ്ഞെടുക്കാനാണ് ഫിന്നോഫ് നിര്‍ദേശിക്കുന്നത്. 'അവിടെക്കൂടി ആളുകള്‍ അധികം നടന്നു പോകാറില്ല, നിങ്ങളെ തൊടുകയോ നിങ്ങളുടെ മേല്‍ ശ്വസിക്കുകയോ ചെയ്യില്ല,' എന്ന് അദ്ദേഹം പറയുന്നു.
സീറ്റില്‍ ഇരുന്ന ശേഷം സാനിറ്റൈസിങ് വൈപ്പുകള്‍ ഉപയോഗിച്ച് സീറ്റ് ബെല്‍റ്റ്, കൈത്താങ്ങ്, എയര്‍ നോസില്‍ എന്നിവ വൃത്തിയാക്കണം. ബാത്ത്‌റൂം ഡോര്‍പോലും സാനിറ്റൈസര്‍ തളിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുന്നു. എന്നാല്‍ ഏറ്റവും അപകടകാരിയായ ഉപരിതലം ട്രേടേബിളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് ഫിന്നോഫ് പറയുന്നു. 'അതില്‍ ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ കൂടുതലായി അണുക്കള്‍ കാണപ്പെടുന്നു,' എന്നാണ് മുന്നറിയിപ്പ്.
കാറ്റ് നിങ്ങളുടെ കാവലാളാക്കൂ
നിങ്ങള്‍ക്കും സമീപത്തുള്ളയാള്‍ക്കും ഇടയിലെ വായുസഞ്ചാരം തടയാന്‍ എയര്‍ നോസില്‍ മധ്യത്തിലേക്ക് തിരിച്ച് വെക്കാനാണ് ഫിന്നോഫിന്റെ മറ്റൊരു ഉപദേശം.
പാന്‍ഡമിക് പഠനങ്ങള്‍ മാറ്റം കൊണ്ടുവന്നു
കോവിഡ് മഹാമാരിയുടെ തുടക്കകാലത്ത് മയോ ക്ലിനിക് സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്ററിലെ തലവനായിരുന്ന ഫിന്നോഫ്, അതിനുശേഷം USOPCയില്‍ ചേരുകയായിരുന്നു. അന്ന് ആരംഭിച്ച ശുചിത്വ നടപടികള്‍ മൂലം ടീം യു.എസ്.എയിലെ താരങ്ങളില്‍ രോഗബാധയുടെ തോത് കുത്തനെ കുറഞ്ഞു. 'കോവിഡിനൊപ്പം മറ്റു ശ്വാസകോശ, ത്വക്ക്, ആഹാര സംബന്ധമായ രോഗങ്ങളും കുറഞ്ഞു. ആ സമയത്ത് ഞങ്ങള്‍ പാലിച്ച ശുചിത്വനടപടികള്‍ എല്ലാ തരത്തിലുള്ള രോഗവ്യാപനവും തടഞ്ഞു,' എന്ന് ഫിന്നോഫ് പറയുന്നു. എന്നാല്‍ പാന്‍ഡമിക് കഴിഞ്ഞതോടെ അത് പഴയ നിലയിലേക്ക് മടങ്ങിയതായും അദ്ദേഹം പറയുന്നു.
സുഖനിദ്രയേക്കാള്‍ നല്ല പ്രതിരോധമില്ല
പ്രതിദിനം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നല്ല ഉറക്കം ഉറപ്പാക്കുക എന്നതാണ് രോഗനിരോധനത്തിന് അദ്ദേഹത്തിന്റെ അന്തിമ ഉപദേശം. 'ഉറക്കമില്ലാതായാല്‍ ശരീരം തളരുകയും, പരിക്കുകളും രോഗങ്ങളും പിടിപെടാനുള്ള സാധ്യത കൂടുകയുംചെയ്യും,' എന്നും ഫിന്നോഫ് ഓര്‍മ്മപ്പെടുത്തുന്നു.
ഒളിമ്പിക് സ്വപ്‌നങ്ങള്‍ പൂവണിയിക്കാന്‍ വിമാനത്തില്‍ പോലും രോഗത്തെ തോല്‍പ്പിക്കാന്‍ തയ്യാറാകുന്ന ടീം യു.എസ്.എയുടെ താരങ്ങള്‍ക്ക്, ഡോക്ടര്‍ ഫിന്നോഫിന്റെ ഈ മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ പ്രധാന 'ട്രാവല്‍ കിറ്റ്' ആകുകയാണ്.
വിമാനയാത്രയില്‍ രോഗബാധ ഒഴിവാക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി 'ടീം യു.എസ്.എ'യുടെ ഡോക്ടര്‍
