ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ഡാവിഞ്ചി 5 റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനങ്ങള്‍ ഡല്‍ഹിയിലും മുംബൈയിലും അവതരിപ്പിച്ച് മാക്‌സ് ഹെല്‍ത്ത്‌കെയറും ഇന്‍ട്യൂട്ടീവും. ന്യൂഡല്‍ഹിയിലെ സാകേത് മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും മുംബൈയിലെ നാനാവതി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലുമാണ് പുതിയ സംവിധാനം സ്ഥാപിച്ചത്.
രാജ്യത്ത് അടുത്ത തലമുറ റോബോട്ടിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിലെ സുപ്രധാന മുന്നേറ്റമാണിത്. കുറഞ്ഞ മുറിവുകളിലൂടെയുള്ള ശസ്ത്രക്രിയകള്‍ക്കും റോബോട്ടിക് സഹായത്തോടെയുള്ള ചികിത്സകള്‍ക്കുമുള്ള മാക്‌സ് ഹെല്‍ത്ത്‌കെയറിന്റെ ശേഷി പുതിയ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും.
ഫോഴ്‌സ് ഫീഡ്ബാക്ക് സാങ്കേതികവിദ്യ, മെച്ചപ്പെടുത്തിയ ത്രിമാന ദൃശ്യസംവിധാനം, ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ കണ്‍സോള്‍, ഉപകരണങ്ങള്‍ കൃത്യമായി കടത്തിവിടാനുള്ള സംവിധാനം, പുക നീക്കം ചെയ്യാനുള്ള സംവിധാനത്തോടെയുള്ള മെച്ചപ്പെട്ട കാട്ടറൈസേഷന്‍ സാങ്കേതികവിദ്യ, ഉയര്‍ന്ന കമ്പ്യൂട്ടിങ് ശേഷി എന്നിവയാണ് ഡാവിഞ്ചി 5ന്റെ പ്രത്യേകതകള്‍. സങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ കൂടുതല്‍ നിയന്ത്രണവും കൃത്യതയും ഉറപ്പാക്കാന്‍ ഇത് സഹായിക്കും.
പരിശീലനത്തിനും മാര്‍ഗനിര്‍ദേശത്തിനുമായി ടെലി പ്രോക്ടറിങ്, മെന്ററിങ് സംവിധാനങ്ങളും ഇതിലുണ്ട്. ഇതുവഴി പരിശീലനം നല്‍കുന്ന വിദഗ്ധര്‍ക്ക് വിവിധ കേന്ദ്രങ്ങളിലേക്ക് നേരിട്ട് യാത്ര ചെയ്യാതെ തന്നെ ശസ്ത്രക്രിയാ വിദഗ്ധരെ പരിശീലിപ്പിക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനും കഴിയും.
പുതിയ സംവിധാനം ഉപയോഗിച്ചുള്ള ആദ്യ ശസ്ത്രക്രിയകള്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ആശുപത്രികളില്‍ നടത്തി. യൂറോളജി, ഗൈനക്കോളജി, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ സര്‍ജറി ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായിരുന്നു നടപടികള്‍.
ഡാവിഞ്ചി 5ന്റെ പ്രധാന സവിശേഷതകളിലൊന്നായ ഫോഴ്‌സ് ഫീഡ്ബാക്ക് സാങ്കേതികവിദ്യയിലൂടെ ശസ്ത്രക്രിയയ്ക്കിടെ ശരീരകലകളില്‍ ഉപകരണങ്ങള്‍ ചെലുത്തുന്ന തള്ളല്‍, വലിക്കല്‍ ബലങ്ങള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് കണ്‍സോളിലെ നിയന്ത്രണങ്ങളിലൂടെ തിരിച്ചറിയാനാകും. ഇന്‍ട്യൂട്ടീവിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും നൂതനമായ 3ഡി ദൃശ്യസംവിധാനവും കൂടുതല്‍ സൗകര്യപ്രദവും ആഴത്തിലുള്ള അനുഭവം നല്‍കുന്നതുമായ സര്‍ജന്‍ കണ്‍സോളും ഇതിലുണ്ട്. മുന്‍തലമുറ സംവിധാനങ്ങളെ അപേക്ഷിച്ച് 10,000 മടങ്ങ് കമ്പ്യൂട്ടിങ് ശേഷിയാണ് ഡാവിഞ്ചി 5നുള്ളതെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ഡാവിഞ്ചി 5 റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനങ്ങള്‍ ഡല്‍ഹിയിലും മുംബൈയിലും അവതരിപ്പിച്ച് മാക്‌സ് ഹെല്‍ത്ത്‌കെയര്‍
