തിരുവനന്തപുരം: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിലും തുടർന്നുണ്ടായ മറുപരാതികളിലും മുതിർന്ന നേതാക്കളായ ഇപി ജയരാജനും പി ജയരാജനുമെതിരെ സിപിഎം അന്വേഷണം . കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെഎൻ ബാലഗോപാലും ടിപി രാമകൃഷ്ണനും അടങ്ങുന്ന രണ്ടംഗ അന്വേഷണ കമ്മീഷനെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിച്ചത്. ഇരുനേതാക്കളും പരസ്പരം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ കമ്മീഷൻ വിശദമായി അന്വേഷിക്കും.
പി ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈദേകം റിസോർട്ടിലെ സാമ്പത്തിക ഇടപാടുകൾ, നിക്ഷേപം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് ഇപി ജയരാജനെതിരെ അന്വേഷണ പരിധിയിലുള്ളത്. 2022-ലാണ് പി ജയരാജൻ ഈ വിഷയം ആദ്യമായി പാർട്ടിക്ക് മുന്നിലെത്തിച്ചത്. അന്ന് ആരോപണങ്ങൾ നിഷേധിച്ച ഇപി ജയരാജൻ, തന്റെ ഭാര്യ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണമാണ് നിക്ഷേപിച്ചതെന്നായിരുന്നു വിശദീകരിച്ചിരുന്നത്. എന്നാൽ, ഒരു മാസം മുൻപ് കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽ നിന്ന് ഇപി ജയരാജന്റെ ഭാര്യ പണം വാങ്ങി വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചെന്ന് ജയരാജന്റെ സഹോദരീപുത്രൻ ഇപി ശ്യാംജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയതോടെ വിവാദം വീണ്ടും കത്തിപ്പടരുകയായിരുന്നു.
വൈദേകം വിവാദം പി ജയരാജൻ വീണ്ടും പാർട്ടിയിൽ ഉയർത്തിയതിന് പിന്നാലെ, സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇപി ജയരാജൻ പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി എഴുതി നൽകുകയായിരുന്നു. ഇതോടെയാണ് ഇരുവിഭാഗത്തിന്റെയും പരാതികൾ അന്വേഷിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
പി ജയരാജന് പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങളുണ്ടെന്നും, സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നും ഇ.പി. ജയരാജന്റെ പരാതിയിൽ പറയുന്നു. പാർട്ടി നേതാക്കളെ അപകീർത്തിപ്പെടുത്താൻ നവമാധ്യമ സംഘങ്ങൾ പ്രവർത്തിക്കുന്നത് പി ജയരാജന്റെ ആശീർവാദത്തോടെയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിനുപുറമെ, ഇടുക്കിയിലെ ഒരു റിസോർട്ടുമായി പി ജയരാജന് ബന്ധമുണ്ടെന്നും, ദുബായിൽ വെച്ച് കൂടുന്ന ഈ റിസോർട്ടിന്റെ ബോർഡ് മീറ്റിങ്ങുകളിൽ പി ജയരാജൻ പങ്കെടുക്കാറുണ്ടെന്നും ഇപി ജയരാജൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സഹോദരിയുടെ മകൻ ഇപി ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും ഇപി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു നോട്ടീസിലെ ആവശ്യം.
തന്റെ ഭാര്യ ദീപയെ കേസിൽ കുടുക്കിയത് ഇപി ജയരാജൻ ഇടപെട്ടിട്ടാണെന്ന് ശ്യാംജിത്ത് ആരോപിച്ചിരുന്നു. എഫ്ഐആർ ഇടാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഇപി ജയരാജനും പികെ ശ്രീമതിയും പികെ ഇന്ദിരയും തിരുവനന്തപുരത്ത് വെച്ച് കണ്ടെന്നും, വൈദേകം റിസോർട്ടിലെ 12 വർഷത്തെ സേവനത്തിന് ഭാര്യയ്ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടയുകയാണ് ഇവരുടെ ലക്ഷ്യമെന്നും ശ്യാംജിത്ത് പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഒരു മുൻ എംഎൽഎ തന്നെ ഭീഷണിപ്പെടുത്തിയെന്നും, കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദത്തെയും അമ്മയുടെ ആവശ്യത്തെയും തുടർന്നാണ് പോസ്റ്റ് പിൻവലിച്ചതെന്നും ശ്യാംജിത്ത് വെളിപ്പെടുത്തിയിരുന്നു.
പാർട്ടിക്കകത്ത് പരിശോധിക്കേണ്ട കാര്യങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും അതിൽ പുറത്തു പറയേണ്ടതും ജനങ്ങളോട് വ്യക്തമാക്കേണ്ടതുമായ കാര്യങ്ങൾ ഉണ്ടെങ്കിൽ യഥാസമയം ജനങ്ങളോട് തുറന്നു പറയുമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത്.
'പി ജയരാജന് പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങൾ, സ്വർണ്ണക്കടത്ത് ബന്ധം'; ഇപിയുടെ മറുപരാതിയിലും വൈദേകം വിവാദത്തിലും സിപിഎം അന്വേഷണം
