ജക്കാര്‍ത്ത: റോക്കറ്റുകളുടെയും മിസൈലുകളുടെയും ഇന്ധന നിര്‍മാണത്തിന് ഉപയോഗിക്കുന്ന 405 ടണ്‍ സോഡിയം പെര്‍ക്ലോറേറ്റുമായി ചൈനയില്‍നിന്ന് ബംഗ്ലാദേശിലേക്ക് പോയ കപ്പല്‍ ഇന്തോനേഷ്യന്‍ നാവികസേന പിടിച്ചെടുത്തു. കൊമോറോസ് പതാകയേന്തിയ എം വി സ്റ്റാര്‍ ലൈന്‍സ് എന്ന ചരക്കുകപ്പലാണ് ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ തടഞ്ഞത്. കപ്പലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ദശലക്ഷക്കണക്കിന് സിം കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്.
ചൈനയിലെ ലിയാന്‍യുന്‍ഗാങ് തുറമുഖത്തുനിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കപ്പല്‍ നവംബര്‍ ഏഴിന് വടക്കന്‍ സുമാത്രയിലെ ബെല്‍വാന്‍ തീരത്തിന് സമീപമാണ് പിടികൂടിയത്. നവംബര്‍ 20ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്തോനേഷ്യന്‍ നാവികസേന പിടിച്ചെടുക്കല്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ചരക്കിന്റെ ഉടമകള്‍, കപ്പല്‍ ഗതാഗത കമ്പനിയുടെ വിവരങ്ങള്‍, രാസവസ്തുക്കള്‍ കൈപ്പറ്റേണ്ടവരുടെ വിവരങ്ങള്‍ എന്നിവ അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കപ്പലിന്റെ അസാധാരണമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നാവികസേനയ്ക്ക് സംശയം തോന്നിയതെന്ന് ധാക്ക ആസ്ഥാനമായുള്ള 'ദി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്' റിപ്പോര്‍ട്ട് ചെയ്തു. 36 കണ്ടെയ്‌നറുകളുണ്ടായിരുന്ന കപ്പലില്‍ കുറഞ്ഞത് 15 എണ്ണത്തിലാണ് 405 ടണ്‍ സോഡിയം പെര്‍ക്ലോറേറ്റ് സൂക്ഷിച്ചിരുന്നത്. കൂടാതെ, 54 പാലറ്റുകളിലായി ദശലക്ഷക്കണക്കിന് രജിസ്റ്റര്‍ ചെയ്യാത്ത ബ്ലാങ്ക് 4ജി എല്‍ ടി ഇ സിം കാര്‍ഡുകളും കണ്ടെത്തി.
റോക്കറ്റുകളുടെയും മിസൈലുകളുടെയും പ്രൊപ്പല്ലന്റ് അഥവാ മുന്നോട്ടുതള്ളല്‍ ഇന്ധനം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന തന്ത്രപ്രധാനമായ രാസവസ്തുവാണ് സോഡിയം പെര്‍ക്ലോറേറ്റെന്ന് ഇന്തോനേഷ്യന്‍ നാവികസേനയുടെ നേവല്‍ റീജിയണല്‍ കമാന്‍ഡ് ഒന്നിന്റെ മേധാവി റിയര്‍ അഡ്മിറല്‍ ഡെനി സെപ്ത്യാന്‍ പറഞ്ഞു. പിടിച്ചെടുത്ത രാസവസ്തുവിന്റെ അളവ് ഉപയോഗിച്ച് 100 മിസൈലുകള്‍ വരെ നിര്‍മിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
കപ്പലിന്റെ രജിസ്‌ട്രേഷന്‍ രേഖകളിലും ചരക്കുനീക്കവുമായി ബന്ധപ്പെട്ട രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. കപ്പലിന്റെ രജിസ്‌ട്രേഷന്‍ 2027 ഒക്ടോബര്‍ വരെ സാധുവാണെന്നാണ് രേഖകളില്‍ കാണിച്ചിരുന്നത്. എന്നാല്‍ രജിസ്‌ട്രേഷന്‍ സസ്പെന്‍ഡ് ചെയ്ത നിലയിലാണെന്നും കണ്ടെത്തി. 2026 ഒക്ടോബര്‍ എട്ടിന് കപ്പലിന്റെ രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചതായാണ് ഇന്തോനേഷ്യന്‍ എസ് ഐ ബി ന്യൂസ് നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്.
സോഡിയം പെര്‍ക്ലോറേറ്റ് ഉപയോഗിച്ച് റോക്കറ്റുകളും മിസൈലുകളും നിര്‍മിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ബംഗ്ലാദേശിന് നിലവില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്രയധികം രാസവസ്തുക്കള്‍ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയതിന്റെ ലക്ഷ്യം സംബന്ധിച്ച് ചോദ്യങ്ങളുയരുന്നുണ്ട്. കപ്പലിലെ ലൈഫ് റാഫ്റ്റുകള്‍, അഗ്നിശമന ഉപകരണങ്ങള്‍, രക്ഷാബോട്ടുകള്‍ എന്നിവയിലും സുരക്ഷാ വീഴ്ചകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, മോംഗ്ല തുറമുഖത്തിന് സമീപം സാമ്പത്തിക സാന്നിധ്യം വിപുലീകരിക്കാനുള്ള നീക്കത്തിലാണ് ചൈന. തുറമുഖത്തോട് ചേര്‍ന്നുള്ള 110 ഏക്കര്‍ ഭൂമിയില്‍ സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനായി 2026 ജൂണില്‍ ബംഗ്ലാദേശ് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന സിവില്‍ എന്‍ജിനീയറിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു.
2015ലെ കരാര്‍ പ്രകാരം ഇന്ത്യയുടെ പിന്തുണയോടെ സാമ്പത്തിക മേഖല സ്ഥാപിക്കാന്‍ ആദ്യം നീക്കിവെച്ച ഭൂമിയായിരുന്നു ഇത്. എന്നാല്‍ 2025ല്‍ പദ്ധതി ഉപേക്ഷിച്ചു. ഇതിനുപുറമെ, മോംഗ്ല തുറമുഖത്തിന്റെ വികസനത്തിനും ആധുനികവത്ക്കരണത്തിനുമായി ഏകദേശം 336 ദശലക്ഷം ഡോളറിന്റെ വായ്പയും ചൈന അനുവദിച്ചിട്ടുണ്ട്.
