വാഷിങ്ടണ്‍: എന്‍വിഡിയ മേധാവിയായിരുന്ന ജെന്സന് ഹുവാങ്ങുമായുള്ള രഹസ്യബന്ധത്തിന്റെ പേരില്‍ വിവാദത്തിലായ ആലിസ് ഹുവാങ്ങിന് ചൈനയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായി (എംഎസ്എസ്) ഒരു വര്‍ഷത്തിലേറെ നീണ്ട ബന്ധമുണ്ടായിരുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 2025ലെ വസന്തകാലം മുതല്‍ ഈ വര്‍ഷം ശരത്കാലം വരെയും ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി ആലിസ് ആശയവിനിമയം നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തി. ജെന്സന് ഹുവാങ്ങുമായുള്ള അവരുടെ ബന്ധത്തിന്റെ കാലയളവിലും ഈ ആശയവിനിമയം തുടര്‍ന്നിരുന്നു.
ആലിസിന്റെ ബിസിനസ് പങ്കാളിയായ കാങ് വെയ്ക്കും ഇതേ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകള്‍ അമേരിക്കന്‍ ഏജന്‍സികള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആലിസ് പലപ്പോഴും ഭര്‍ത്താവായി പരിചയപ്പെടുത്തിയിരുന്ന വ്യക്തിയാണ് കാങ്. ഇരുവരുടെയും ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായുള്ള ബന്ധത്തിന്റെ സ്വഭാവവും സമയക്രമവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നില്ല. പുതിയ വെളിപ്പെടുത്തലുകള്‍ ജെന്സന് ഹുവാങ്ങിനെ ലക്ഷ്യമിട്ട് ചൈനീസ് രഹസ്യാന്വേഷണ വിഭാഗം നീക്കം നടത്തിയെന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ സംശയത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ്.
ആലിസിന്റെ ചൈനീസ് രഹസ്യാന്വേഷണ ബന്ധം ജെന്സന് ഹുവാങ്ങുമായുള്ള വ്യക്തിബന്ധത്തിന്റെ കാലയളവില്‍ മാത്രമല്ല, അവരുടെ ഉടമസ്ഥതയിലുള്ള മെഗാസ്പീഡ് എന്ന കമ്പനി വന്‍തോതില്‍ എന്‍വിഡിയയുടെ അത്യാധുനിക ചിപ്പുകള്‍ വാങ്ങിയിരുന്ന സമയത്തും തുടര്‍ന്നിരുന്നു. ഇവയില്‍ ചിലത് തെക്കുകിഴക്കന്‍ ഏഷ്യയിലെ ഡാറ്റാ സെന്ററുകളിലേക്ക് അയച്ചതായാണ് വിവരം. ചൈനീസ് സാങ്കേതിക കമ്പനികളായ ആലിബാബ ഉള്‍പ്പെടെയുള്ളവയ്ക്ക് സേവനം നല്കുന്ന കേന്ദ്രങ്ങളിലേക്കാണ് ചിപ്പുകള്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. മറ്റുചിലത് രഹസ്യമായി ചൈനയിലേക്ക് കടത്തിയിരിക്കാമെന്നും സംശയിക്കുന്നു.
ചൈനയുടെ നിര്‍മിതബുദ്ധി സാങ്കേതികവിദ്യാ ശേഷി വര്‍ധിപ്പിക്കുന്നതിനായി അത്യാധുനിക ചിപ്പുകള്‍ സ്വന്തമാക്കുന്നത് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. അമേരിക്ക ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങള്‍ മറികടന്ന് എന്‍വിഡിയ ചിപ്പുകള്‍ ചൈനയിലെത്തിക്കാന്‍ ശ്രമിച്ചുവെന്ന സംശയത്തില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ നിരവധി കമ്പനികളുടെ ശൃംഖലയെക്കുറിച്ച് യുഎസ് അന്വേഷണം നടത്തുന്നുണ്ട്. ആലിസും കാങും ഈ ശൃംഖലയില്‍ വഹിച്ച പങ്കും ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായുള്ള സഹകരണത്തിന്റെ വ്യാപ്തിയും അന്വേഷണവിധേയമാണ്.
കപ്പല്‍ഗതാഗത രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ആലിസിന്റെയും കാങിന്റെയും കമ്പനികള്‍ ചിപ്പുകളുടെ സംഭരണത്തിലും വിതരണത്തിലും വഹിച്ച പങ്ക് വ്യക്തമാക്കുന്നതാണ് ഈ രേഖകളെന്നാണ് വിവരം. ആലിസിനും കുടുംബത്തിനും ചൈനീസ് പ്രതിരോധ കരാറുകാരുമായി വിപുലമായ ബന്ധങ്ങളുണ്ടായിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആലിസുമായുള്ള ബന്ധത്തെക്കുറിച്ച് ജെന്സന് ഹുവാങ് ആദ്യം പ്രതികരിച്ചത് ഒരു ബിസിനസ് ഉപഭോക്താവുമായുള്ള സാധാരണ ഇടപെടല്‍ മാത്രമാണെന്നായിരുന്നു. എന്നാല്‍ ആലിസിനെ ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള വ്യക്തിയായി അമേരിക്കന്‍ അധികൃതര്‍ തിരിച്ചറിഞ്ഞെന്നും അവരെ ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് നിരീക്ഷണത്തിനിടെ എന്‍വിഡിയ മേധാവിയുടെ ബന്ധവും കണ്ടെത്തിയെന്നും കഴിഞ്ഞ മാസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അദ്ദേഹം ബന്ധം സമ്മതിച്ചത്. എന്‍വിഡിയയിലെ ഒരു കീഴുദ്യോഗസ്ഥയുമായുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഈ മാസം ആദ്യം അദ്ദേഹം സ്ഥാനമൊഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലിസിന് ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന വിവരം ട്രംപ് ഭരണകൂടത്തിലെ ഉപദേശകര്‍ക്ക് നേരത്തേ അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ജെന്സന് ഹുവാങ് എന്‍വിഡിയയുടെ തലപ്പത്തിരിക്കുമ്പോള്‍ തന്നെ ആലിസുമായി അടുത്ത ബന്ധത്തിലായിരുന്നുവെന്ന വിവരം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേശകര്‍ അദ്ദേഹത്തെ കുറഞ്ഞത് രണ്ടു തവണ അറിയിച്ചിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വെളിപ്പെടുത്തല്‍. എന്നാല്‍ ആലിസുമായുള്ള ബന്ധത്തെക്കുറിച്ച് ജെന്സന് ഹുവാങ്ങിന് മുന്നറിയിപ്പ് നല്കുന്ന പ്രത്യേക സുരക്ഷാ ബ്രീഫിങ് ഭരണകൂടം നല്‍കിയിരുന്നില്ല.
ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായുള്ള ആലിസിന്റെ ആശയവിനിമയങ്ങള്‍ അമേരിക്ക ഒരു വര്‍ഷത്തിലേറെയായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് വിവരം. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ മറികടന്ന് അര്‍ധചാലകങ്ങളും മറ്റ് നിര്‍ണായക സാങ്കേതികവിദ്യകളും സ്വന്തമാക്കാനുള്ള ചൈനീസ് നീക്കങ്ങളുടെ ഭാഗമായാണ് കമ്പനികളുടെ ശൃംഖലയെ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നത്. ചിപ്പുകള്‍ സംഭരിച്ച് രഹസ്യമായി കടത്താനുള്ള കമ്പനികളുടെ പ്രവര്‍ത്തനം എംഎസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുമായി നേരിട്ട് പൊരുത്തപ്പെടുന്നതാണെന്ന് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മാറ്റ് പോട്ടിംഗര്‍ അഭിപ്രായപ്പെട്ടു.
ആലിസിന്റെ ബിസിനസ് പങ്കാളിയായ കാങിന്റെ പങ്കും അമേരിക്കന്‍ ഏജന്‍സികള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. ചൈനയുടെ പ്രധാന നിയമനിര്‍വഹണ ഏജന്‍സിയായ പൊതുസുരക്ഷാ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും ആലിസ് കണ്ടിരുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആലിസും കാങും അവരുടെ സഹോദരിയും ബന്ധമുള്ള കമ്പനികളും ചൈനയില്‍ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിനും നിര്‍മിതബുദ്ധി മാതൃകകള്‍ പരിശീലിപ്പിക്കാന്‍ ആവശ്യമായ എന്‍വിഡിയ ചിപ്പുകള്‍ ലഭ്യമാക്കുന്നതിനുമുള്ള ശൃംഖലയുടെ ഭാഗമായിരുന്നുവെന്നാണ് സംശയം.
ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനികള്‍ക്കും അത്യാധുനിക ചിപ്പുകള്‍ എത്തിക്കാന്‍ ഈ ശൃംഖല ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ചിപ്പുകള്‍ ലഭ്യമാക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ആലിസിനെയും അവരുടെ ശൃംഖലയെയും കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളില്‍ പരിമിതമായ ഭാഗം മാത്രമാണ് യുഎസ് കോണ്‍ഗ്രസിന് കൈമാറിയിട്ടുള്ളത്. കൂടുതല്‍ വിശദമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും നിയമനിര്‍മാതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
എന്‍വിഡിയ വിവാദം: ആലിസ് ഹുവാങ്ങിന് ചൈനീസ് ചാരസംഘടനയുമായി ബന്ധമെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
