എന്‍വിഡിയയുടെ അത്യാധുനിക എ ഐ ചിപ്പുകള്‍ ചൈനയിലേക്ക് കടത്തിയെന്ന ആരോപണം; കംബോഡിയയിലെ ക്രിമിനല്‍ ശൃംഖലയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്

എന്‍വിഡിയയുടെ അത്യാധുനിക എ ഐ ചിപ്പുകള്‍ ചൈനയിലേക്ക് കടത്തിയെന്ന ആരോപണം; കംബോഡിയയിലെ ക്രിമിനല്‍ ശൃംഖലയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്


സിംഗപ്പൂര്‍: എന്‍വിഡിയയുടെ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചിപ്പുകള്‍ തെക്കുകിഴക്കന്‍ ഏഷ്യ വഴി ചൈനയിലേക്ക് അനധികൃതമായി കടത്തിയെന്ന ആരോപണത്തില്‍ സിംഗപ്പൂര്‍ ആസ്ഥാനമായ സാങ്കേതികവിദ്യാ കമ്പനിയായ മെഗാസ്പീഡിന്റെ മുന്‍ മേധാവി ആലീസ് ഹുവാങ് അന്വേഷണപരിധിയില്‍. കംബോഡിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സിന്‍ഡിക്കേറ്റുമായും ഈ ഇടപാടുകള്‍ക്ക് ബന്ധമുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് (എഫ് ടി) നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കമ്പനി രേഖകള്‍, ബിസിനസ് പങ്കാളിത്തങ്ങള്‍, പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുള്ള പന്ത്രണ്ടിലധികം പേരുമായുള്ള അഭിമുഖങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ക്ലൗഡ് കംപ്യൂട്ടിങ് സേവനദാതാവെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മെഗാസ്പീഡ്, തെക്കുകിഴക്കന്‍ ഏഷ്യയില്‍ എന്‍വിഡിയയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നായി വളര്‍ന്നിരുന്നു.

ഗെയിമിങ് കമ്പനിയായ 7റോഡിന്റെ സിംഗപ്പൂര്‍ വിഭാഗത്തില്‍നിന്ന് രൂപംകൊണ്ട സ്ഥാപനമാണ് മെഗാസ്പീഡ്. കമ്പനിയുടെ പ്രധാന പൊതുമുഖമായി പ്രവര്‍ത്തിച്ചിരുന്നത് ആലീസ് ഹുവാങ് ആയിരുന്നു. കമ്പനിയുടെ ഉടമസ്ഥാവകാശ- ധനസഹായ ഘടനയ്ക്ക് ചൈനീസ് ഗെയിമിങ് കമ്പനിയായ സെഞ്ച്വറി ഹുവാടോങ്ങുമായി ബന്ധമുണ്ടായിരുന്നു. ഹുവാങ്ങിന്റെ ഭര്‍ത്താവ് കാങ് വെയ് ഈ കമ്പനിയിലെ ആദ്യകാല നിക്ഷേപകരിലൊരാളായിരുന്നു.

ഈ ബിസിനസ് ബന്ധങ്ങള്‍ കംബോഡിയ ആസ്ഥാനമായ പ്രിന്‍സ് ഗ്രൂപ്പിലെ മുതിര്‍ന്ന വ്യക്തിയെന്ന് അമേരിക്കന്‍ അധികൃതര്‍ വിശേഷിപ്പിക്കുന്ന ഹു ഷിയാവോയിയുമായി ബന്ധപ്പെട്ട വിശാലമായ ശൃംഖലയിലേക്ക് നീളുന്നതായും എഫ് ടി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൈബര്‍ തട്ടിപ്പുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് അമേരിക്ക പ്രിന്‍സ് ഗ്രൂപ്പിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

തെക്കുകിഴക്കന്‍ ഏഷ്യയിലൂടെ ചിപ്പുകളും പണവും രഹസ്യമായി നീക്കുന്നതില്‍ ഹുവും കൂട്ടാളികളും പങ്കുവഹിച്ചിരുന്നതായി ഇടപാടുകളെക്കുറിച്ച് അറിവുള്ളവര്‍ എഫ് ടിയോട് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരോപണങ്ങള്‍ പ്രിന്‍സ് ഗ്രൂപ്പ് നിഷേധിച്ചു. ഹു ഒരിക്കലും സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടില്ലെന്ന് ഗ്രൂപ്പിന്റെ വക്താവും വ്യക്തമാക്കി.

2024 ഡിസംബര്‍ മുതല്‍ 2025 ഡിസംബര്‍ വരെ മെഗാസ്പീഡിന്റെ മലേഷ്യന്‍ ഉപകമ്പനിയായ സ്പീഡ്മാട്രിക്‌സ്, എന്‍വിഡിയയുടെ സെര്‍വര്‍ പങ്കാളിയായ എയ്വേഴ്‌സില്‍നിന്ന് ഏകദേശം 460 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തതായി വ്യാപാര രേഖകള്‍ ഉദ്ധരിച്ച് എഫ് ടി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഇടപാടുകളെക്കുറിച്ച് അറിവുള്ള ചിലര്‍ നല്‍കിയ വിവരമനുസരിച്ച് ഇറക്കുമതി ചെയ്ത ചിപ്പുകളില്‍ വലിയൊരു ഭാഗം പിന്നീട് ചൈനയിലെത്തിയതായാണ് സംശയം.

അത്യാധുനിക എഐ ചിപ്പുകള്‍ ചൈനയിലെത്തുന്നത് തടയുന്നതിനായി അമേരിക്ക ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിനിടെയാണ് മെഗാസ്പീഡിന്റെ ഇടപാടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

2025ല്‍ മെഗാസ്പീഡിനെയും അതിന്റെ ഉപകമ്പനിയെയും നിയന്ത്രിത ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി എന്‍വിഡിയ അറിയിച്ചു. എയ്വേഴ്‌സിനുള്ള വില്‍പ്പനയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

മെഗാസ്പീഡ് അന്വേഷണവിധേയമാണെന്ന് അമേരിക്കന്‍ വാണിജ്യ വകുപ്പും നീതിന്യായ വകുപ്പും നവംബര്‍ 16ന് സ്ഥിരീകരിച്ചു. 2025 ജൂണില്‍ നടത്തിയ നേരിട്ടുള്ള പരിശോധനയ്ക്കിടെ വാണിജ്യ വകുപ്പ് അധികൃതര്‍ ആലീസ് ഹുവാങ്ങിനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ക്രിമിനല്‍ അന്വേഷണം നീതിന്യായ വകുപ്പ് ഏറ്റെടുക്കുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

ആരോപണങ്ങളോട് ആലീസ് ഹുവാങ്ങോ ഭര്‍ത്താവ് കാങ് വെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.