'മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞപ്പോഴാണ് മുഖത്തടിച്ചത്'; ശബരിമല തീര്‍ഥാടകരുമായി എത്തിയ ഡ്രൈവറെ മര്‍ദിച്ച എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

'മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞപ്പോഴാണ് മുഖത്തടിച്ചത്'; ശബരിമല തീര്‍ഥാടകരുമായി എത്തിയ ഡ്രൈവറെ മര്‍ദിച്ച എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍


ശബരിമല: ശബരിമല തീര്‍ഥാടകരുമായി എത്തിയ സ്വകാര്യ ട്രാവലര്‍ ഡ്രൈവറെ നിലയ്ക്കലില്‍ വച്ച് മര്‍ദിച്ച സംഭവത്തില്‍ എഎസ്‌ഐ ജിജോയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. ശബരിമല കോ. ഓര്‍ഡിനേറ്റര്‍ കൂടിയായ എഡിജിപി പി വിജയനാണ് നിര്‍ദേശം നല്‍കിയത്. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശബരിമലയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ച എറണാകുളം സ്വദേശിയായ ജിജോയാണ് ഡ്രൈവറുടെ മുഖത്ത് അടിച്ചത്. 

പറവൂര്‍ സ്വദേശി പ്രശാന്തിനാണ് മര്‍ദ്ദനമേറ്റത്. ഡ്രൈവറുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ തീര്‍ത്ഥാടകരെ ഇറക്കുന്നതിനിടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ പ്രകോപിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയായിരുന്നെന്ന് പ്രശാന്ത് പറഞ്ഞു. അസഭ്യം പറയുകയും പലതവണ കൈയേറ്റം ചെയ്യുകയും ചെയ്തതായുമാണ് പ്രശാന്തിന്റെ പരാതി.

എഎസ്‌ഐ സാര്‍ തന്റെ വീഡിയോ എടുത്തിട്ട് പറഞ്ഞു. മട്ടാഞ്ചേരിയിലാണല്ലേ നിന്റെ വീട്. താന്‍ അവിടെ വന്ന് നിന്നെ പൊക്കിക്കൊള്ളാമെന്ന് പറഞ്ഞു. മട്ടാഞ്ചേരിയില്‍ അല്ല നോര്‍ത്ത് പറവൂരിലാണ് വീട് എന്ന് പറഞ്ഞു. അവിടെയുള്ള പ്രശ്‌നം തീരട്ടെ എന്നുകരുതായാണ് മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞത്. അതോടെ അരിശം മൂത്ത് എഎസ്‌ഐ മുഖത്തിടിക്കുകയായിരുന്നു. വയര്‍ലസ് എടുത്തിട്ട് ഇവിടെ പ്രശ്‌നമാണെന്ന് എഎസ്‌ഐ പറഞ്ഞതോടെയാണ് താന്‍ വീഡിയോ എടുത്തത്. അപ്പോഴാണ് മുഖത്ത് അടിച്ചത്. അടിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പതിഞ്ഞതായും പ്രശാന്ത് പറഞ്ഞു. ബഹളം കേട്ട് മറ്റ് തീര്‍ഥാടകരും പൊലീസുകാരും ഓടിയെത്തിയതോടെയാണ് രംഗം ശാന്തമായത്.

മര്‍ദ്ദനമേറ്റ പ്രശാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. കൈയേറ്റ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദമായി. തുടര്‍ന്ന് നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പ്രാഥമിക അന്വേഷണം പ്രഖ്യാപിക്കുകയും, ഇതിന് പിന്നാലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ എ.ഡി.ജി.പി ഉത്തരവിടുകയുമായിരുന്നു.