ന്യൂയോര്‍ക്ക്: റോഡിന് കുറുകെ ചാടിയ മാനുമായി കാര്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്നുണ്ടായ തുടര്‍വാഹനാപകടത്തില്‍ തെലങ്കാന സ്വദേശിയായ യുവാവ് അമേരിക്കയില്‍ മരിച്ചു. തെലങ്കാനയിലെ മുനുഗോഡു സ്വദേശിയും 25 വയസ്സുകാരനുമായ സായിതേജ ഈരമല്ലയാണ് മരിച്ചത്. ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ സായിതേജ അപകടത്തിന് ഒരാഴ്ച മുമ്പാണ് ജോലി ലഭിച്ചത്.
ന്യൂയോര്‍ക്കിലെ മോണ്ട്‌ഗോമറി കൗണ്ടിയിലെ കനജോഹാരിയിലുള്ള ഇന്റര്‍സ്റ്റേറ്റ് 90 ത്രൂവേയുടെ കിഴക്കോട്ടുള്ള പാതയിലായിരുന്നു അപകടം. സായിതേജ ഓടിച്ചിരുന്ന കാറിന് കുറുകെ പെട്ടെന്ന് മാന്‍ ചാടുകയായിരുന്നു. മാനുമായി കൂട്ടിയിടിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ പാതയില്‍ പ്രവര്‍ത്തനരഹിതമായി നില്‍ക്കുകയായിരുന്നു.
പിന്നാലെയെത്തിയ ചരക്കുവാന്‍ കാറിലേക്ക് ഇടിച്ചുകയറിയതോടെ രണ്ട് വാഹനങ്ങള്‍ കൂടി ഉള്‍പ്പെട്ട കൂട്ടിയിടിയുണ്ടായി. നാല് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ സായിതേജയെ സമീപത്തെ സെന്റ് മേരീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ആല്‍ബനി മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചരക്കുവാനിലുണ്ടായിരുന്ന യാത്രക്കാരനെയും പരിക്കുകളോടെ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്കുകള്‍ ജീവന് ഭീഷണിയല്ലെന്നാണ് പ്രാഥമിക വിവരം.
അപകടത്തെത്തുടര്‍ന്ന് അന്വേഷണത്തിനും അപകടസ്ഥലത്തിന്റെ പരിശോധനയ്ക്കുമായി ത്രൂവേയിലെ 29, 28 എക്‌സിറ്റുകള്‍ക്കിടയിലുള്ള കിഴക്കോട്ടുള്ള പാതകള്‍ അടച്ചിട്ടു. മണിക്കൂറുകള്‍ക്കുശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
ന്യൂയോര്‍ക്കിലെ യൂട്ടിക്കയിലായിരുന്നു സായിതേജ താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഈരമല്ല പ്രസാദിന്റെയും ശ്രീകണ്യയുടെയും മകനാണ്. മകന്റെ അപ്രതീക്ഷിത വിയോഗം തെലങ്കാനയിലെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് ന്യൂയോര്‍ക്ക് സ്റ്റേറ്റ് പൊലീസ് അന്വേഷണം തുടരുന്നു.
