കന്യാകുമാരി: തമിഴ്നാട്ടിലെ നാഗർകോവിൽ ജംക്ഷൻ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിലായി. കന്യാകുമാരി ചെമ്പകരാമൻപുതൂർ സ്വദേശിയായ 31കാരൻ അയ്യപ്പനെയാണ് റെയിൽവെ പൊലീസ് പിടികൂടിയത്. സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ കോട്ടയം ട്രെയിനിലെ കോച്ചിനുള്ളിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അയ്യപ്പൻ പൊലീസിനോട് വെളിപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
നവംബർ 11ന് തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലെത്തിയ 16366-ാം നമ്പർ ട്രെയിനിൻ്റെ ഹാൻഡ് ബ്രേക്കിൽ തകരാർ സംഭവിച്ചിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി ട്രെയിൻ 13-ാം നമ്പർ റെയിൽവെ യാർഡിലേക്ക് മാറ്റി. അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ നവംബർ 18ന് രാവിലെ എട്ട് മണിയോടെ നാഗർകോവിലിൽനിന്ന് കോട്ടയത്തേക്ക് സർവീസ് നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ട്രെയിനിൽ ശുചീകരണ ജോലികൾ നടക്കുന്നതിനിടെ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിരുന്ന പിൻഭാഗത്തെ കോച്ചിൽനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവം കണ്ട് പരിഭ്രാന്തരായ ജീവനക്കാർ ഉടൻ നാഗർകോവിൽ റെയിൽവെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് തുടർനടപടികളിലേക്ക് കടന്നു. ഏകദേശം 35നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നായിരുന്നു പ്രാഥമിക നിഗമനം. മുഖം പൂർണമായും അഴുകിയതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. മരണം സംഭവിച്ചിട്ട് നാല് ദിവസത്തിലധികമായെന്ന് വ്യക്തമായി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. യുവതി ബലാത്സംഗത്തിന് ഇരയായതായും പെൽവിസ് ഭാഗത്തും വാരിയെല്ലുകളിലും പൊട്ടലുകൾ ഉണ്ടെന്നും പരിശോധനയിൽ വ്യക്തമായി. ക്രൂരമായ മർദനവും ചവിട്ടേറ്റതുമാണ് മരണത്തിന് കാരണമായത്. ഇതോടെ റെയിൽവെ പൊലീസ് ഇൻസ്പെക്ടർ കാതറിൻ സുജാതയുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ചു. ക്യു ബ്രാഞ്ചും അന്വേഷണത്തിൽ നാഗർകോവിൽ പൊലീസിന് സഹായം നൽകി.
നവംബർ 11ന് ട്രെയിൻ നാഗർകോവിലിൽ എത്തിയത് മുതലുള്ള ഒരാഴ്ചത്തെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെയുള്ള റെയിൽവെ പാതയിലെ വിവിധ സ്റ്റേഷനുകളിലെ ദൃശ്യങ്ങളും ശേഖരിച്ചു. റെയിൽവെ ജീവനക്കാർക്ക് മാത്രം പ്രധാനമായും പ്രവേശനമുള്ള യാർഡിലെ തൊഴിലാളികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതിനിടെ നവംബർ 14ന് രാവിലെ എട്ട് മണിയോടെ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ കോച്ചിൽനിന്ന് ഇറങ്ങിപ്പോകുന്ന നിർണായക സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. അഞ്ചാം പ്ലാറ്റ്ഫോമിനോട് ചേർന്ന് ഇയാളെ കണ്ട ദൃശ്യങ്ങളും അന്വേഷണത്തിൽ വഴിത്തിരിവായി. തുടർന്ന് നടത്തിയ വ്യാപക തിരച്ചിലിലാണ് അയ്യപ്പൻ പിടിയിലായത്.
തിരുവനന്തപുരം, കന്യാകുമാരി, ചെന്നൈ, മധുര എന്നിവിടങ്ങളിലേക്ക് യാത്രക്കാരുള്ള തിരക്കേറിയ സ്റ്റേഷനാണ് നാഗർകോവിൽ ജംക്ഷൻ. എന്നാൽ ട്രെയിനുകൾ യാർഡിലേക്ക് മാറ്റിയിട്ടാൽ ആ ഭാഗത്തേക്ക് അധികമാരും എത്താറില്ല. ഈ സാഹചര്യം മുതലെടുത്താണ് പ്രതി ക്രൂരകൃത്യം നടത്തിയത്. നവംബർ 14ന് പുലർച്ചെ 12.30ഓടെ അഞ്ചാം പ്ലാറ്റ്ഫോമിന് സമീപം ഉണ്ടായിരുന്ന യുവതിയെ ഇയാൾ ബലമായി വലിച്ചിഴച്ച് ആളൊഴിഞ്ഞ കോച്ചിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ നാല് മാസമായി പ്രദേശത്ത് നാടോടിയായി അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു അയ്യപ്പൻ. തമിഴ്നാട് പൊലീസിൻ്റെ രേഖകൾ പ്രകാരം രണ്ട് വർഷം മുൻപ് ഗൗരവമുള്ള ഒരു മോഷണക്കേസിൽ ഇയാൾ പ്രതിയായിരുന്നു. ചില സാമൂഹികവിരുദ്ധ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ അന്വേഷണസംഘം ഊർജിതമാക്കി. യുവതിയുടെ കൈയിൽ കണ്ടെത്തിയ മോതിരം സാധാരണയായി ഉത്തരേന്ത്യയിലെ ഒരു പ്രത്യേക വിഭാഗം ധരിക്കുന്ന തരത്തിലുള്ളതാണെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
നാഗർകോവിൽ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു; 31കാരൻ അറസ്റ്റിൽ
