ലണ്ടന്‍: ഭാര്യ മേഗന്‍ മാര്‍ക്കിളിനും മക്കള്‍ക്കുമൊപ്പം ഇത്തവണത്തെ ക്രിസ്മസ് ബ്രിട്ടനില്‍ ആഘോഷിക്കാനൊരുങ്ങി ഹാരി രാജകുമാരന്‍. കുടുംബം അവധിക്കാലം അമേരിക്കയില്‍ ചെലവഴിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഹാരി ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടനിലെ കോട്സ്വോള്‍ഡ്സിലുള്ള പുതിയ വസതിയിലായിരിക്കും ആഘോഷമെന്നാണ് സൂചന. മേഗന്റെ മാതാവ് ഡോറിയ റാഗ്ലന്‍ഡും കുടുംബത്തോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐടിവിയുടെ 'ദിസ് മോര്‍ണിങ്' പരിപാടിയില്‍ വെള്ളിയാഴ്ച പങ്കെടുത്തപ്പോഴാണ് ഹാരി ക്രിസ്മസ് ആഘോഷത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് സംസാരിച്ചത്. ക്രിസ്മസ് വിരുന്ന് ആരാണ് തയ്യാറാക്കുകയെന്ന അവതാരകരായ അലിസണ്‍ ഹാമണ്ടിന്റെയും ഡെര്‍മോട്ട് ഒ'ലീറിയുടെയും ചോദ്യത്തിന് പാചകത്തില്‍ മിടുക്കിയായ ഭാര്യ മേഗനും അമ്മായിയമ്മയും ചേര്‍ന്നായിരിക്കും ഭക്ഷണം ഒരുക്കുകയെന്ന് അദ്ദേഹം മറുപടി നല്‍കി.
ക്രിസ്മസ് വിരുന്നിന്റെ മെനു ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരമ്പരാഗത ടര്‍ക്കി വിഭവങ്ങളോ ഗംബോയോ തയ്യാറാക്കിയേക്കുമെന്നും ഹാരി പറഞ്ഞു. മേഗന്റെ മാതാവ് ഡോറിയയുടെ വിശേഷപ്പെട്ട വിഭവങ്ങളിലൊന്നാണ് ഗംബോ. ഹാരിയുടെ ഇഷ്ടവിഭവം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്ത 'വിത്ത് ലവ്, മേഗന്‍: ഹോളിഡേ സെലിബ്രേഷന്‍' പരിപാടിയിലും അമ്മായിയമ്മയുടെ ഗംബോയോടുള്ള ഇഷ്ടം ഹാരി പങ്കുവെച്ചിരുന്നു. ഹാരിക്കായി ഡോറിയ പ്രത്യേകമായി ഭക്ഷണം മാറ്റിവയ്ക്കാറുണ്ടെന്ന് മേഗനും അന്ന് പറഞ്ഞിരുന്നു.
നോര്‍ഫോക്കിലെ സാന്‍ഡ്രിങ്ഹാമില്‍ രാജകുടുംബത്തോടൊപ്പം കുട്ടിക്കാലത്ത് നടത്തിയിരുന്ന ക്രിസ്മസ് ആഘോഷങ്ങളും ഹാരി ഓര്‍ത്തെടുത്തു. അന്ന് പലതരത്തിലുള്ള ടര്‍ക്കി വിഭവങ്ങളാണ് വിരുന്നില്‍ ഒരുക്കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഴുവനായി വറുത്ത ടര്‍ക്കി, ചെറിയ കഷണങ്ങളാക്കിയ ടര്‍ക്കി, പുകകൊണ്ടുണക്കിയ ടര്‍ക്കി തുടങ്ങി വിവിധ വിഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഹാരി അനുസ്മരിച്ചു.
ബ്രിട്ടനില്‍ ക്രിസ്മസ് ആഘോഷിക്കുമെങ്കിലും ചാള്‍സ് രാജാവിനും മറ്റ് രാജകുടുംബാംഗങ്ങള്‍ക്കുമൊപ്പം സാന്‍ഡ്രിങ്ഹാമിലെ ആഘോഷങ്ങളില്‍ ഹാരിയും മേഗനും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മക്കളായ ആര്‍ച്ചിയും ലിലിബെറ്റും മഞ്ഞുവീഴ്ച കാണാനുള്ള ആവേശത്തിലാണെന്നും ഹാരി പറഞ്ഞു.
ആറു വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് താമസം മാറിയ ഹാരിയും മേഗനും കഴിഞ്ഞ ഓഗസ്റ്റിലാണ് കാലിഫോര്‍ണിയയില്‍നിന്ന് വീണ്ടും ബ്രിട്ടനിലേക്ക് താമസം മാറിയത്.
