സൈനിക വിമാനങ്ങള്‍ക്ക് നേപ്പാള്‍ വ്യോമപാത ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യ; മാധ്യമ വാര്‍ത്തകള്‍ തള്ളി

സൈനിക വിമാനങ്ങള്‍ക്ക് നേപ്പാള്‍ വ്യോമപാത ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യ; മാധ്യമ വാര്‍ത്തകള്‍ തള്ളി


ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്ര പ്രവേശനകവാടം വഴി സൈനിക വിമാനങ്ങള്‍ക്ക് നേപ്പാളിന്റെ വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് നേപ്പാള്‍ സര്‍ക്കാരുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും ഞായറാഴ്ച വൃത്തങ്ങള്‍ അറിയിച്ചു. സൈനിക വിമാനങ്ങള്‍ക്ക് വ്യോമപാത അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ വ്യക്തമാക്കി.

സൈനിക വിമാനങ്ങളുടെ യാത്രയ്ക്കായി നേപ്പാളിന്റെ അനുമതി തേടിയിട്ടില്ല. ന്യൂഡല്‍ഹി ഇത്തരമൊരു ആവശ്യം കാഠ്മണ്ഡുവിന് മുന്നില്‍ ഉന്നയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ ദ്വിദിന ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് വ്യോമപാതയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗത ബന്ധം സന്ദര്‍ശനത്തിനിടെ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ സിവില്‍ വിമാനങ്ങളുടെയും സൈനിക വിമാനങ്ങളുടെയും കാര്യത്തില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സിവില്‍ വിമാനങ്ങള്‍ക്ക് നേപ്പാള്‍ വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി തേടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരസ്പര വ്യോമഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെട്ടത്. എന്നാല്‍ സൈനിക വിമാനങ്ങളുടെ കാര്യത്തില്‍ അത്തരമൊരു നിര്‍ദേശം ഇന്ത്യ മുന്നോട്ടുവച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരമാണ് ബാലേന്ദ്ര ഷാ ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2026 മാര്‍ച്ചില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ഉഭയകക്ഷി വിദേശ സന്ദര്‍ശനം കൂടിയാണിത്.

തിങ്കളാഴ്ചയാണ് ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള പ്രധാന ചര്‍ച്ചകള്‍ നടക്കുക. നരേന്ദ്ര മോഡിയുമായി പ്രതിനിധിതല ചര്‍ച്ചകള്‍ നടത്തുന്ന ഷാ, രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും സന്ദര്‍ശിക്കും. ധനമന്ത്രി സ്വര്‍ണിം വാഗ്ലെ, വിദേശകാര്യമന്ത്രി ശിശിര്‍ ഖനാല്‍ എന്നിവരടക്കം 34 അംഗങ്ങളാണ് നേപ്പാള്‍ സംഘത്തിലുള്ളത്.

വ്യാപാരം, ഗതാഗതം, നിക്ഷേപം, ഊര്‍ജം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഇടംപിടിക്കുക. ഊര്‍ജ, ഗതാഗത മേഖലകളില്‍ പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം, പുതിയ പദ്ധതികളുടെ തറക്കല്ലിടല്‍ എന്നിവയും സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും.

വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, കൃഷി, കായികം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രങ്ങളും കരാറുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സന്ദര്‍ശനത്തോടനുബന്ധിച്ച് നേപ്പാള്‍- ഇന്ത്യ ബിസിനസ് ഫോറവും സംഘടിപ്പിക്കും. ഇരു രാജ്യങ്ങളിലെയും വ്യവസായ- വാണിജ്യ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഫോറത്തില്‍ നിക്ഷേപസാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകളും നടക്കും.